ബോളിവുഡിന്റെ ആക്ഷൻ ഹീറോ ഹൃത്വിക് റോഷൻ ഊന്നുവടിയുമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് ആരാധകരെ തെല്ലൊന്നുമല്ല ആശങ്കയിലാഴ്ത്തിയത്. സുഹൃത്തും സംവിധായകനുമായ ഗോൾഡി ബെഹലിന്റെ ജന്മദിന പാർട്ടിയിൽ ഊന്നുവടിയുടെ സഹായത്തോടെ ഹൃത്വിക് നടന്നുവരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ താരത്തിന് എന്താണ് സംഭവിച്ചതെന്ന ചോദ്യവുമുയര്‍ന്നു.

ഇപ്പോഴിതാ, ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട്  തനിക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചതെന്ന് താരം തന്നെ ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തി.

'നിയമപരമായ മുന്നറിയിപ്പ്' എന്ന രസകരമായ തലക്കെട്ടോടെയാണ് ഹൃത്വിക് തന്റെ അവസ്ഥ വിശദീകരിച്ചത്. തന്റെ ശരീരഭാഗങ്ങൾക്ക് ഓരോ ഓൺ/ഓഫ് സ്വിച്ച് ഉണ്ടെന്നും ഇടതുകാൽ ഇപ്പോൾ 'ഓഫ്' മോഡിലാണെന്നുമാണ് താരം കുറിച്ചത്. ഇന്നലെ മുതൽ എന്റെ ഇടതുകാൽ ശരീരത്തിൽ നിന്നും അവധിയെടുത്തു. എന്റെ ശരീരത്തിന് ചില വിചിത്രമായ പ്രത്യേകതകളുണ്ട്. ഓരോ ഭാഗത്തിനും അതിന്റേതായ സ്വഭാവമാണ്. ഇടത് തോളെല്ലും കണങ്കാലും ഇത്തരത്തിൽ ഇടയ്ക്കിടെ പണിമുടക്കാറുണ്ടെന്നും താരം കുറിച്ചു. 

തന്റെ വിചിത്രമായ ആരോഗ്യപ്രശ്നങ്ങൾ കാരണം സെറ്റിലുണ്ടായ ഒരു തമാശയും ഹൃത്വിക് പങ്കുവെച്ചു. ചില സമയങ്ങളിൽ ചില വാക്കുകൾ ഉച്ചരിക്കാൻ ഹൃത്വിക്കിന് പ്രയാസം അനുഭവപ്പെടാറുണ്ട്. "ഷൂട്ടിംഗിനിടെ 'ഡിന്നർ' എന്ന് പറയാൻ കഴിയാത്ത സാഹചര്യം വന്നാൽ ഞാൻ ബുദ്ധിപൂർവ്വം അത് 'ലഞ്ച്' എന്ന് മാറ്റും. ഇതൊന്നും അറിയാത്ത സംവിധായകൻ, ഞാൻ അഭിനയം മെച്ചപ്പെടുത്താൻ ഡയലോഗിൽ മാറ്റം വരുത്തുകയാണെന്ന് കരുതി അത് സമ്മതിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. 

എത്ര വലിയ ശാരീരിക ബുദ്ധിമുട്ടുകളെയും പുഞ്ചിരിയോടെ നേരിടുന്ന ഹൃത്വിക്കിന്റെ പോസ്റ്റ് ഇപ്പോൾ ബോളിവുഡിൽ ചർച്ചയാണ്.

ENGLISH SUMMARY:

Bollywood actor Hrithik Roshan explains why he was spotted using crutches at a recent party. In a humorous Instagram post titled 'Statutory Warning', the actor describes his body's unique 'on/off' switches and shares funny anecdotes from movie sets