മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ആറു പേര്‍ക്കായി അവയവങ്ങള്‍ ദാനം ചെയ്ത കൊല്ലം കൊട്ടാരക്കര സ്വദേശി ഐസക് ജോര്‍ജിനെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി ഡോക്ടര്‍ ജോ ജോസഫ്. തിരുവനന്തപുരത്ത് നിന്നും ഹൃദയം ഏറ്റുവാങ്ങി കൊച്ചിയിലെത്തിക്കാന്‍ നടത്തിയ യാത്രയില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒപ്പം നിന്നതിനെ കുറിച്ചും അദ്ദേഹം കുറിച്ചു. ഹൃദയം അടങ്ങിയ പെട്ടി ശരീരത്തോട് താന്‍ ചേര്‍ത്ത് പിടിച്ചുവെന്നും ഐസകിന്‍റെ കുടുംബം കാണിച്ച വലിയ പുണ്യത്തിന് നന്ദി പറഞ്ഞാല്‍ മതിയാവില്ലെന്നും ഡോ. ജോ ജോസഫ് എഴുതുന്നു. ഇതിലപ്പുറം നല്ല മനുഷ്യനാകാനും മാനവികത ഉയര്‍ത്തിപ്പിടിക്കാനും സാധിക്കില്ലെന്നും തന്‍റെ പ്രത്യയശാസ്ത്രത്തിലും സര്‍ക്കാരിലും വൈദ്യശാസ്ത്രത്തിലും അഭിമാനം തോന്നിയ ദിവസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഡോക്ടര്‍ ജോയുടെ കുറിപ്പിങ്ങനെ: ഡോക്ടർ എന്നതിലുപരി  മനുഷ്യൻ എന്ന നിലയിൽ ഏറ്റവുമധികം സന്തോഷം തോന്നുകയും,എന്റെ  സർക്കാരിൽ  അഭിമാനം തോന്നുകയും എന്റെ സിസ്റ്റത്തിലെ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്ത ദിവസം  കൂടിയായിരുന്നു ഇന്ന്. കിംസിലെ ഓപറേഷൻ തിയേറ്ററിൽ വച്ച് ഐസക് ജോർജിനെ കണ്ടപ്പോൾ മനസൊന്ന് വിറച്ചു. പുറമേ ദൃശ്യമാകുന്ന രീതിയിൽ കാര്യമായ പരുക്കൊന്നും ഇല്ലായിരുന്നു ഐസക്കിന്. എന്നാൽ അപകടത്തിൽ തലച്ചോറ് പൂർണ്ണമായും പ്രവർത്തനരഹിതമായിരുന്നു.  മനോഹര ജീവിത സ്വപ്നങ്ങൾ കണ്ടു നടക്കുന്ന പ്രായത്തിൽ ആ സ്വപ്നങ്ങൾക്ക് പുറകെ പായുമ്പോൾ ആകസ്മികമായി വന്നുചേർന്ന അപകടത്തിൽ പൂർണമായി തകർന്നു നിൽക്കുമ്പോഴും ഐസക്കിന്റെ അവയവങ്ങൾ മറ്റുള്ളവർക്ക് കൊടുക്കുക എന്ന മഹാദാനം ചെയ്യുവാൻ ഐസക്കിന്റെ കുടുംബം കാണിച്ച ആ വലിയ പുണ്യത്തിന് നന്ദി പറയാൻ വാക്കുകൾ മതിയാവില്ല.

ഹൃദയവും രണ്ട് വൃക്കകളും കരളും  മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ് വിങ്ങുകയായിരുന്നു. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തത്തെ നേരിട്ട് നിൽക്കുമ്പോഴും സ്വന്തം മകന്‍റെ, സ്വന്തം സഹോദരന്‍റെ അവയവങ്ങൾ മറ്റുള്ളവർ ജീവിക്കാനായി ദാനം ചെയ്യാം എന്ന് തോന്നൽ ആ കുടുംബത്തിന് ഉണ്ടായത് ഐസക്ക് ജോർജ് വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം കൊണ്ട് തന്നെയായിരിക്കണം. മനുഷ്യനെ നല്ല മനുഷ്യനാക്കുക എന്ന പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് ഇതിലപ്പുറം നന്മത്തം ചെയ്യാൻ സാധിക്കുമോ ?ഇതിലപ്പുറം ഒരു നല്ല മനുഷ്യനാകാൻ സാധിക്കുമോ ?ഇതിനപ്പുറം മാനവികത ഉയർത്തിപ്പിടിക്കാൻ സാധിക്കുമോ?

അതുകൊണ്ടുതന്നെ യാത്രയിലൂടെ നീളം ആ ഹൃദയം അടങ്ങിയ പെട്ടി ആദരവോടെ എന്‍റെ ശരീരത്തോട് ചേർത്തു തന്നെ പിടിച്ചു ഞാൻ. ഡോണർ അലർട്ട് കിട്ടിയതു മുതൽ എന്റെ സർക്കാർ ഈ ഉദ്യമത്തിനൊപ്പം ഉണ്ടായിരുന്നു. ഇന്നലെ പാതിരാത്രി മുതൽ മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫിസും മന്ത്രി പി.രാജീവും അദ്ദേഹത്തിന്‍റെ ഓഫിസും ആരോഗ്യ മന്ത്രിയും ഓഫിസും നിരന്തരം ഇടപെടുകയും സർക്കാരിന്റെ സഹായത്തോടുകൂടി ഹെലികോപ്റ്റർ സേവനം വിട്ടു നൽകുകയും ചെയ്തു. തിരുവനന്തപുരത്തും എറണാകുളത്തും  സങ്കീർണമായ കാര്യങ്ങൾ എല്ലാം ഏകോപിപ്പിച്ചത് മുതിർന്ന ഐപിഎസ് - ഐഎഎസ് ഓഫിസർമാരായിരുന്നു.

കിംസ് ആശുപത്രിയിൽ നിന്ന് വിമാനത്താവളത്തിലേക്കും ഹായത് ഹെലിപാഡിൽ നിന്നും ആശുപത്രിയിലേക്കും ഗ്രീൻ കോറിഡോർ ഒരുക്കിയത് ഈ രണ്ട് നഗരങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ ആയിരുന്നു. അണുവിട തെറ്റാത്ത ആസൂത്രണം,ഏകോപനം!എന്‍റെ സർക്കാരിൽ എനിക്ക് അഭിമാനം തോന്നിയ ദിനം കൂടിയായിരുന്നു ഇന്ന്.

പല ആശുപത്രികൾ ,അനേകം ഡോക്ടർമാർ ,അത്യന്തം ഗൗരവമായ നിയമ നൂലാമാലകൾ ഇതെല്ലാം ഏകോപിപ്പിച്ചതും നടപ്പാക്കിയതും എന്റെ സിസ്റ്റത്തിന്റെ ഭാഗമായ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷൻ ആയിരുന്നു. ഒരോ നിമിഷവും സങ്കീർണമായ ഈ ദൗത്യത്തിന് നേതൃത്വം നൽകുകയും  വേണ്ട നിർദ്ദേശങ്ങൾ  ചെയ്തത് കെ സോട്ടോ നോഡൽ ഓഫിസർ ഡോ. നോബിൾ ഗ്രേഷ്യസിന്‍റെ നേതൃത്വത്തിലുള്ള  കെ സോട്ടോ ടീമായിരുന്നു. അതെ - എന്റെ സംസ്ഥാനത്തിന്‍റെ ‘സിസ്റ്റ’ത്തിൽ ,എന്‍റെ സർക്കാരിൽ,എന്‍റെ പ്രത്യയ ശാസ്ത്രത്തിൽ ,ഞാൻ വിശ്വസിക്കുന്ന ആധുനിക വൈദ്യ ശാസ്ത്രത്തിൽ എനിക്ക് അഭിമാനം തോന്നിയ ദിവസമായിരുന്നു ഇന്ന്. ഇല്ലായില്ല മരിക്കുന്നില്ല.സഖാവ് ഐസക്ക് മരിക്കുന്നില്ല. ജീവിക്കുന്നു അനേകരിലൂടെ✊🏻✊🏻✊🏻.

ENGLISH SUMMARY:

Organ donation in Kerala highlights the incredible act of Isaac George, who donated his organs after suffering brain death. This selfless act provided life to six others, showcasing the power of humanity and the efficiency of the Kerala healthcare system.