വാഹനാപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ഐസക് ജോര്‍ജിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 28 കാരനിലാണ് ഹൃദയം മിടിക്കുക. കൊല്ലം കൊട്ടാരക്കര ബഥേല്‍ ചരുവിള വടവോട് സ്വദേശി ഐസക് ജോര്‍ജിന്റെ (33) ഹൃദയം ഉള്‍പ്പടെയുള്ള 6 അവയങ്ങളാണ് ദാനം ചെയ്തത്.
ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്, 2 നേത്രപടലങ്ങള്‍ തിരുവനന്തപുരം സര്‍ക്കാര്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജി, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികള്‍ക്കാണ് നല്‍കിയത്. ഇപ്പോഴിതാ വികെ സനോജ് എഴുതിയ കുറിപ്പാണ് സൈബറിടത്ത് വൈറല്‍. ജീവിച്ചിരുന്ന നാളുകളിൽ ഹൃദയപൂർവ്വം പൊതിച്ചോർ നൽകിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നൽകി യാത്രയാവുകയാണെന്നാണ് വികെ സനോജ് കുറിച്ചത്.
കുറിപ്പ്
ഹൃദയപൂർവം
ജീവിച്ചിരുന്ന നാളുകളിൽ ഹൃദയപൂർവ്വം പൊതിച്ചോർ നൽകിയ സഖാവ് ഐസക് മരണാനന്തരം തന്റെ ഹൃദയം തന്നെ ദാനം നൽകി യാത്രയാവുകയാണ്.ചികിത്സയിലായിരിക്കെ മസ്‌തിഷ്ക മരണമടഞ്ഞ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയം
ഇനി ലിസിയിൽ ചികിത്സയിൽ കഴിയുന്ന അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് ജീവൻ പകരും.
ഡി.വൈ.എഫ്.ഐ കൊല്ലം പത്തനാപുരം ബ്ലോക്ക് കമ്മിറ്റി കീഴിൽ ഉള്ള വടകോട് യൂണിറ്റ് മുൻ പ്രസിഡന്റ് കൂടിയായിരുന്നു ഐസക് ജോർജ്. തീവ്ര ദുഃഖത്തിലും അവയവം ദാനം നൽകാൻ സന്നദ്ധരായ പ്രിയ സഖാവിന്റെ ബന്ധുക്കളെ സ്നേഹപൂർവം അഭിവാദ്യം ചെയ്യുന്നു. സഖാവിന്റെ അകാല വിടവാങ്ങലിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.