ലോകത്തെ അഞ്ച് ദശലക്ഷം കുട്ടികളെ പട്ടിണിയിൽ നിന്നും പോഷകാഹാരക്കുറവിൽ നിന്നും രക്ഷിക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ പ്രഖ്യാപിച്ച 'എഡ്ജ് ഓഫ് ലൈഫ്' (Edge of Life) ക്യാംപെയിന് ലഭിക്കുന്നത് വലിയ പിന്തുണ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആണ് പദ്ധതിക്ക് തുടക്കമിട്ടത്. ക്യാംപെയിൻ ആരംഭിച്ച് വെറും ഒരാഴ്ചയ്ക്കുള്ളിൽ തന്നെ 460 ദശലക്ഷം ദിർഹം സമാഹരിച്ചു കഴിഞ്ഞു. ആകെ ഒരു ബില്യൺ ദിർഹം സമാഹരിക്കുക എന്ന ലക്ഷ്യത്തിലേക്കാണ് ഈ കാരുണ്യ സംരംഭം ഇപ്പോൾ അതിവേഗം മുന്നേറുന്നത്.
യൂണിസെഫ്, സേവ് ദ ചിൽഡ്രൻ ഉൾപ്പെടെയുള്ള പ്രമുഖ രാജ്യാന്തര സംഘടനകളുമായി സഹകരിച്ചാണ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവ്സ് പദ്ധതി നടപ്പിലാക്കുന്നത്. വെറും ഭക്ഷണ വിതരണത്തിന് അപ്പുറം കുട്ടികളുടെ വിശപ്പിന് സുസ്ഥിരമായ പരിഹാരം കാണുന്നതിനും പട്ടിണിയുടെ അടിസ്ഥാന കാരണങ്ങൾ ഇല്ലാതാക്കുന്നതിനുമാണ് പദ്ധതി മുൻഗണന നൽകുന്നത്. ഇന്ത്യക്കാരായ പ്രമുഖ ബിസിനസുകാരും വിവിധ സർക്കാർ– സ്വകാര്യ സ്ഥാപനങ്ങളും ഉദാരമായ സംഭാവനകളുമായി ഈ ഉദ്യമത്തിന്റെ ഭാഗമായി മാറുന്നുണ്ട്.
യുഎഇ സമൂഹത്തിന്റെ കാരുണ്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി മാറുന്ന ഈ പദ്ധതിയിൽ പൊതുജനങ്ങൾക്ക് വിവിധ മാർഗ്ഗങ്ങളിലൂടെ പങ്കുചേരാം. ക്യാംപെയിനിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.edgeoflife.ae), ടോൾ ഫ്രീ നമ്പർ (800 4999) എന്നിവ വഴി സംഭാവനകൾ നൽകാവുന്നതാണ്. കൂടാതെ, എമിറേറ്റ്സ് ഇസ്‌ലാമിക് ബാങ്കിലെ അക്കൗണ്ട് വഴിയും ബാങ്ക് കൈമാറ്റം നടത്താം. SMS വഴി 'LIFE' എന്ന് ടൈപ്പ് ചെയ്ത് du/e& വഴിയും, DubaiNow ആപ്പ്, YallaGive.com, Jood.ae എന്നീ പ്ലാറ്റ്‌ഫോമുകൾ വഴിയും സംഭാവനകൾ സ്വീകരിക്കുന്നുണ്ട്.