ഞങ്ങളെയൊന്ന് പാലക്കാട് കാണിക്കാമോ എന്നാണ് അട്ടപ്പാടിയിലെ ആ കുട്ടിക്കൂട്ടം ചോദിച്ചത്. അതിന് ഉത്തരം പറഞ്ഞതാകട്ടെ സാക്ഷാല്‍ മമ്മൂട്ടിയും.. പക്ഷേ, പാലക്കാടല്ല, ബിലാലിന്റെ സ്വന്തം കൊച്ചിയില്‍ തന്നെ കുട്ടികളെ എത്തിച്ചു. മമ്മൂട്ടിയുടെ ജന്മദിന കേക്കും മുറിച്ചാണ് കുട്ടികള്‍ മടങ്ങിയത്.
കൗതുകമോ അത്ഭുതമോ ആകാംക്ഷയോ.. പല ഭാവങ്ങളായിരുന്നു ആനവായ് ഗവണ്‍മെന്റ് സ്കൂളിലെ കൊച്ചുകൂട്ടുകാരുടെ മുഖങ്ങളില്‍. . മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേര്‍ന്നാണ് വിനോദ യാത്ര സംഘടിപ്പിച്ചത്. 19 വിദ്യാര്‍ഥികളും 11 അധ്യാപകരുമടങ്ങുന്ന സംഘം മെട്രോ യാത്രക്ക് പിന്നാലെ ആലുവയിലെ രാജഗിരി ആശുപത്രിയും സന്ദര്‍ശിച്ചു.
ആശുപത്രിക്ക് ശേഷം നേരെ വിമാനത്താവളത്തിലേക്ക്.. പിന്നാലെ മമ്മൂട്ടിയുടെ പിറന്നാള്‍ കേക്കും എത്തി. രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളിയും, കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യനും, കുട്ടികളും ചേർന്നാണ് കേക്ക് മുറിച്ചത്. മധുരമുള്ള ഓര്‍മ്മകള്‍ സമ്മാനിച്ച മമ്മൂക്കയ്ക്ക് കുഞ്ഞുമക്കളുടെ വലിയ ആശംസകള്‍.