4O കഴിഞ്ഞ പുരുഷന്മാരെപ്പറ്റിയുള്ള അച്ചു ഹെലന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. പുരുഷന്മാർ ഏറ്റവും സുന്ദരനാകുന്നത്, പക്വത കൈവരിക്കുന്നത് അവന്റെ പ്രണയത്തിന് ശേഷമാണെന്ന് അവര്‍ കുറിച്ചു. 40 കഴിഞ്ഞ പെണ്ണിന്റെ പ്രണയത്തെ വാഴ്ത്തുന്നവർ ആരും 40 കഴിഞ്ഞ പുരുഷനെ പറ്റി പറഞ്ഞ് കേട്ടില്ല. പുരുഷന്മാർ പൊതുവെ പബ്ലിക്കിൽ വലിയ മംഗലശ്ശേരി നീലകണ്ഠൻ കളിക്കുമെങ്കിലും വീട്ടില് പൂച്ചക്കുട്ടികൾ ആണെന്നും അവര്‍ വിശദീകരിക്കുന്നു.
അമ്മയുടെ മുന്നിൽ ആഗ്രഹം ഉണ്ടേൽ പോലും ചിലപ്പോ ആ നീലകണ്ഠൻ മീശ പിടിച്ചും മുണ്ടു മടക്കിക്കുത്തിയും ശബ്ദം കനപ്പിച്ചും ആൺകുട്ടി കളിച്ചേക്കാം. പക്ഷെ അവൻ സ്നേഹിക്കുന്ന പെണ്ണിന് മുന്നിൽ ചെന്നെത്തുമ്പോൾ അവളുടെ മാറോടു പറ്റി ചേർന്നു കിടക്കുന്ന ശിശുവാണ് അവൻ.അവന്റെ എല്ലാ പ്രശ്നങ്ങളും ഇറക്കിവെക്കാൻ അവൻ തേടുന്ന മടിത്തട്ടാണ് ഒരു സ്ത്രീ.
നാൽപ്പത്തിന് ശേഷം ഒരു പ്രണയത്തിൽ ചെന്നെത്തുമ്പോൾ ( വിഹിതമോ അവിഹിതമോ എന്തുമാവട്ടെ) പതുക്കെ അവൻ അവന്റെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തുന്നു.
കാര്യങ്ങൾ അല്പം സോഫ്റ്റ് ആയി അവൻ കൈകാര്യം ചെയ്യുന്നു. നാൽപതുക്കൾക്ക് ശേഷം
പ്രണയിക്കുമ്പോൾ അവന്റെ പതിനെട്ടിനേക്കാൾ കൂടുതൽ അവൻ തരളിതൻ ആകുന്നു. മനസ്സുകൊണ്ട് കുട്ടിയാകുന്നു.അവളെക്കാൾ കൂടുതൽ ആ പ്രണയത്തിൽ അവൻ ഭയക്കുന്നു.
അവൾ നഷ്ടപ്പെട്ടാൽ ഒറ്റപ്പെട്ടുപോകുന്ന ദിവസങ്ങളെ ഓർത്തു അത്രക്ക് അടുക്കണ്ടെന്നു ഓർത്തു മനസ്സിൽ മതിൽ കെട്ടുവാൻ ശ്രെമിക്കുമെങ്കിലും അതിനാവാതെ അത്രയും ആഴത്തിൽ അവളിലേക്ക് അടുത്ത് പോകുന്നു.
കൂട്ടുകാരോട് അവൾ എനിക്ക് ടൈം പാസ്സ് ആണെന്നു വീമ്പിളക്കുമ്പോൾ പോലും അവളില്ലായ്മയിൽ മറ്റൊന്നും ആസ്വദിക്കാൻ പോലുമാകാതെ അവൻ ഉള്ളാൽ ഉരുകുന്നു. അവളുമായി പിണങ്ങുമ്പോൾ
ഇങ്ങനെ എത്ര പെണ്ണിനെ ഞാൻ കണ്ടതാണെന്ന് പലരോടും പറയുമെങ്കിലും അവളുടെ മെസ്സേജിനോ വിളിക്കോ ആയി മനസ്സ് പൊള്ളി ഇരിക്കും.
ഒരു ലഹരിക്കും തരാനാകാത്ത, മറക്കാൻ സാധിക്കാത്ത സ്നേഹം അനുഭവിക്കാൻ അവനു മാത്രമേ സാധിക്കു. പുരുഷൻ അങ്ങനെയാണ്.
നാൽപതുകൾക്ക് ശേഷം അവൻ അവനു വേണ്ടി പതുക്കെ ജീവിച്ചു തുടങ്ങും. അവൻ അവനെ സ്നേഹിക്കുന്നതിലേറെ അവനു ചുറ്റുമുള്ളവരിൽ സന്തോഷം കണ്ടെത്തും.
സ്വന്തം വസ്ത്രമോ സൗകര്യങ്ങളോ ഭക്ഷണമോ മറന്നു അവൻ സ്നേഹിക്കുന്നവർക്ക് അത് പരമാവധി നൽകാൻ എപ്പോഴും ശ്രെമിക്കും.
പെണ്ണുങ്ങളെ നിങ്ങൾ വെറുതെ അവനെ സ്നേഹിച്ചു കൊണ്ടു കൂടെ നിൽക്കുക മാത്രം ചെയ്താൽ മതി. ചങ്ക് പറിച്ചു നിങ്ങളുടെ കാൽക്കൽ വെക്കാൻ അവൻ തയ്യാറാകും.അറിവിന്റെ ഭണ്ഡാരം ആണവൻ.
അത് ഏതു വഴിക്കു തിരിച്ചു വിടണം എന്നത് മാത്രമാണ് നിങ്ങളുടെ ജോലി. ആടുതോമ ആക്കണോ ചാന്തു പൊട്ടിലെ രാധാകൃഷ്ണൻ ആക്കണോ എന്നത് നിങ്ങളുടെ കയ്യിലിരിപ്പ് പോലെ ഇരിക്കും..
നിങ്ങൾക്ക് മാറ്റാൻ ആവാത്ത ഒന്നും അവനിൽ ഇല്ല.
പണമോ മാനഭിമാനങ്ങളോ നോക്കാതെ അവൻ നിങ്ങളുടെ കാൽചുവട്ടിൽ ഒതുങ്ങിയെങ്കിൽ അവൻ അത്രമേൽ നിങ്ങളെ വിശ്വസിച്ചു സ്നേഹിക്കുന്നത് കൊണ്ടു മാത്രമെന്നു മനസ്സിലാക്കുക.
പ്രണയം മുള്ളാവാതെ പൂ പോലെ കൈകാര്യം ചെയ്യുക. ആ നരച്ച തലമുടിയിലും താടി രോമങ്ങളിലും തഴുകി ഇടയ്ക്കിടെ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറയുക.
അവന്റെ ലോകം പിന്നെ നിങ്ങൾ ആയി മാറുന്ന മാജിക് നിങ്ങൾക്ക് കാണാം.
സ്നേഹത്താൽ ഒരു പുരുഷനെ കീഴടക്കുക എന്നാൽ ഒരു ലോകത്തെ കീഴടക്കുന്ന പോലെയാണ്.സ്നേഹിക്കുക സ്നേഹിക്കപ്പെടുക എന്നതിലേറെ ഈ ലോകത്തു ഒന്നും നേടിയെടുക്കാൻ ഇല്ല. താടിയും മുടിയും നരച്ച പുരുഷൂസ് ആണിപ്പോ ക്രഷെന്ന് തമാശരൂപേണെ പറഞ്ഞുകൊണ്ടാണ് ഈ പോസ്റ്റ് അവസാനിപ്പിക്കുന്നത്.