പുരുഷ ലൈം​ഗിക തൊഴിലാളിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതിന് പിന്നാലെ, മലയാളികളുടെ കപട സദാചാരവാദത്തെപ്പറ്റി വൈറൽ കുറിപ്പുമായി ഡിജിറ്റല്‍ കണ്ടന്‍റ് ക്രിയേറ്റര്‍ ദീപ സെയ്റ. പുരുഷ ലൈം​ഗിക തൊഴിലാളികൾ ഒരു സത്യമാണെന്ന് എല്ലാവർക്കും അറിയാമെന്നിരിക്കേ, അതിലൊരാളുടെ അഭിമുഖം പുറത്ത് വന്നതിന് ചുളിയുന്ന നെറ്റികൾ തനിക്ക് കാണാമെന്ന് അവർ ഫെയ്സ്ബുക്കിൽ കുറിച്ചു.

'മലയാളിയുടെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് അറിയാമോ?,, അവർക്ക് ഒളിവിൽ എന്തും ആവാം. അതേ കാര്യം വെളിച്ചത്തിൽ ആരെങ്കിലും മിണ്ടിയാൽ അവിടെ പിന്നെ സദാചാരപ്രശ്നമായി, മിണ്ടിയവൻ പിന്നെ ലോകത്തിലെ ഏറ്റവും വലിയ മോശക്കാരായി, ബഹളമായി. ഇത് നോക്കിക്കാണുന്നത് തന്നെ ഒരു രസമാണ്. സ്ത്രീയുടെ ലൈംഗികത കൂടിയാണ് ഇവിടെ ചോദ്യമായി വരുന്നത്. അത്ര സൂക്കേടുള്ള പെണ്ണുങ്ങൾ ഉണ്ടോ എന്നൊക്കെയുള്ള അതിമനോഹരമായ കമന്‍റുകൾ കണ്ടു. പുരുഷന് ആകാമെങ്കിൽ സ്ത്രീയ്ക്ക് ആയിക്കൂടെന്നുണ്ടോ?.

പണ്ട് കോളജ് കാലത്ത്പോൺ വീഡിയോയ്ക്കും അതിൽ അഭിനയിക്കുന്നവർക്കുമെതിരെ ഘോരം ഘോരം സംസാരിച്ച ഒരുത്തന്‍റെ ഫോൺ അറിയാതെ ഒന്ന് കൈയിൽ കിട്ടി തുറന്നപ്പോൾ ഓപ്പൺ ആയികിടന്ന പത്തിലേറെ പോൺ വീഡിയോ വിൻഡോയാണ് എനിക്ക് ഓർമ വന്നത്. തനിക്ക് വേണം പക്ഷെ മറ്റൊരുവൻ ചെയ്‌താൽ അയ്യേ!!.. ഇനി വേറെ ചിലരുണ്ട്.. ഒരു വര വരച്ചു മനസിനെ ശരിതെറ്റുകൾ പഠിപ്പിച്ചു വച്ചിരിക്കുന്നവർ. ഇത് ശരി, അത് തെറ്റ്. കാരണം സമൂഹം പണ്ടേപ്പോഴോ പറഞ്ഞിട്ടുണ്ട്, ആ വരയിൽ നിന്ന് മനസ്സെങ്ങാനും വ്യതിചലിച്ചു പോയാൽ പിന്നെ തീർന്നു.

പ്രണയവും ലൈംഗികതയുമൊക്കെ മനുഷ്യന്‍റെ ആവശ്യങ്ങളിൽ ഏറ്റവും മുകളിൽ നിൽക്കുന്ന ഒന്നാണെന്നു അറിയാത്ത ഏത് ശിശുവാണ് ഇവിടെയുള്ളത്, ഈ വക കമന്റുകൾ എഴുതി വിടാൻ?. അപ്പൊ മനുഷ്യരെ, നമുക്ക് അല്പം കൂടി തുറന്നു ചിന്തിക്കാം. ഞാനും നിങ്ങളും സ്വകാര്യതയിൽ ചെയ്യുന്ന കാര്യങ്ങൾ എല്ലാവർക്കുമറിയാവുന്നതാണ്. എല്ലാവരും 'പരിശുദ്ധൻ'മാരെന്ന് കരുതുന്ന, അല്ലെങ്കിൽ 'പരിശുദ്ധ'രായിരിക്കണമെന്ന് കരുതുന്ന സമൂഹമോ തലമുറയോ അല്ല നമ്മുടേത്.

ഒളിഞ്ഞു ചെയ്താലും ഒളിവില്ലാതെ ചെയ്താലും ഇതൊക്കെ സമൂഹത്തിൽ നടക്കുന്നതാണെന്നും എല്ലാവർക്കും അറിയാം. ഈ സത്യം മനസ്സിലാക്കിയാൽ, "ഞാനെങ്ങും ഇതിനൊന്നും പോവില്ല, പോവുന്ന നിങ്ങളൊക്കെ നരകത്തിൽ പോകും" എന്നുള്ള കോമഡി സംസാരങ്ങൾ ഒഴിവാക്കാൻ പറ്റും. ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത് ചെയ്യട്ടെ.. അത് മറ്റൊരാളെ വേദനിപ്പിക്കാതെ, നിയമത്തെ ലംഘിക്കാതെയായാൽ നന്ന്. അത്ര തന്നെ!. ജീവിതം ഒന്നേയുള്ളു.. ജീവിക്കുക, ജീവിതത്തെ ആസ്വദിച്ചു തന്നെ ജീവിക്കുക'. - ദീപ സെയ്റ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Malayala Manorama Online News reports on a viral social media post by Deepa Saira, a former Associate Professor, criticizing Kerala's double standards regarding sexuality. She argues that while discreetly engaging in various acts is common, public acknowledgment or discussion of such realities, like a male sex worker's interview, is met with moral outrage, highlighting societal hypocrisy.