Image: x.com/FutbolHub_

ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനല്‍ പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ, സോഷ്യൽ മീഡിയയിൽ കൗതുകമുണർത്തിയത് ഒരു പഴയ ചിത്രമായിരുന്നു. അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി, സ്പെയിന്‍റെ കൗമാര വിസ്മയം ലമീൻ യമാലിനെ കുളിപ്പിക്കുന്ന 2007-ലെ ചിത്രം. വൈറലായ ചിത്രം കണ്ട് ആരാധകര്‍ ഒന്നടങ്കം അദ്ഭുതപ്പെട്ടു. അന്ന് കുഞ്ഞായിരുന്ന യമാൽ ഇന്ന് ലോകകപ്പ് ഫൈനലിൽ മെസ്സിക്കെതിരെ കളിക്കാൻ ഇറങ്ങുന്നു എന്നുള്ളത് ഫുട്ബോൾ ലോകത്തെ ഏറ്റവും മനോഹരമായ യാദൃശ്ചികതയായി മാറി. എന്നാല്‍ മെസ്സിക്കൊപ്പം പോസ് ചെയ്യുകയും പിന്നീട് ഫുട്ബോളിലെത്തുകയും ചെയ്ത ഒരേയൊരു താരം യമാൽ മാത്രമല്ല! സ്പെയിനിന്‍റെ ടീമില്‍ തന്നെ വേറെയും താരങ്ങളുണ്ട്, ഇനി മെസ്സിയെ എതിരിടാന്‍...

യമാലിനൊപ്പമുള്ള ചിത്രം

2007-ൽ ബാഴ്സലോണയുടെ സ്റ്റേഡിയത്തിൽ വെച്ച് പ്രാദേശിക മാധ്യമമായ 'സ്പോർട്', യുണിസെഫും സംയുക്തമായി ഒരു ചാരിറ്റി കലണ്ടറിന് വേണ്ടി എടുത്ത ചിത്രമാണ് വൈറലായത്. അന്ന് കുട്ടിയായിരുന്ന ലമീൻ യമാലിനെ കുളിപ്പിക്കുന്ന മെസി. ഈ വൈറൽ ചിത്രത്തെക്കുറിച്ച് ചോദിച്ചപ്പോൾ ‘അവിശ്വസനീയം’ എന്നായിരുന്നും മെസ്സിയുടെ പ്രതികരണം.

ഡാനി ഒൽമോ, ഗാവി, ജോൻ ഗാർഷ്യ

ലാമിന്‍ യമാലിന്‍റെ ചിത്രത്തിന് പിന്നാലെ ഡാനി ഒൽമോ, ഗാവി, ജോൻ ഗാർഷ്യ എന്നീ താരങ്ങളുടേയും മെസ്സിക്കൊപ്പമുള്ള പഴയ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. ബാഴ്സലോണയിൽ മെസ്സിയുടെ വളർച്ച കണ്ട് അദ്ദേഹത്തെ ആരാധിച്ചാണ് ഗാവി വളർന്നത്. ക്ലബ്ബിനും രാജ്യത്തിനും കളിക്കുന്നതിന് വളരെ മുമ്പുതന്നെ, ഗാവി മെസ്സിയുടെ കൂടെ നിൽക്കുന്ന ഒട്ടേറെ ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്.  ഈ ഫൈനലിൽ തന്‍റെ ആരാധനാപാത്രത്തെ തടഞ്ഞു നിർത്തുക എന്ന വലിയ ദൗത്യമാണ് ഗാവിക്കുള്ളത്.

ഡാനി ഒൽമോയാണ് മറ്റൊരു താരം. ബാഴ്സലോണയിലെ മെസ്സിയുടെ സുവർണ്ണ കാലഘട്ടത്തിൽ അദ്ദേഹത്തെ ഒരു റോൾ മോഡലായി കണ്ട് വളർന്ന താരങ്ങളിൽ ഒരാളാണ് ഒൽമോ. മെസ്സിയുമായി അടുത്തിടപഴകിയ യുവതാരങ്ങളിൽ ഒരാള്‍. വർഷങ്ങൾക്കിപ്പുറം, സ്പെയിന്റെ മുൻനിരയിലെ ഏറ്റവും പരിചയസമ്പന്നനായ ആക്രമണകാരിയായി ഒൽമോ ലോകകപ്പ് ഫൈനലിൽ മെസ്സിക്കെതിരെ പോരാടാൻ ഒരുങ്ങുകയാണ്.

സ്പാനിഷ് ഗോൾകീപ്പറായ ജോൻ ഗാർഷ്യയും കുട്ടിക്കാലത്ത് മെസ്സിക്കൊപ്പം എടുത്ത ചിത്രം ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. അന്ന് വെറുമൊരു സാധാരണ ഫോട്ടോയായിരുന്നു അത്. എന്നാല്‍ ഇന്നത്തെ യാദൃശ്ചികതയാണ് ആ ചിത്രത്തെ അദ്ഭുതമാക്കി മാറ്റുന്നത്.

ഇനി ഫൈനൽ പോരാട്ടം

കരിയറിന്റെ അവസാന ഘട്ടത്തിൽ നിൽക്കുന്ന 39-കാരനായ ലയണൽ മെസ്സിയും, ഫുട്ബോൾ ലോകത്തെ പുതിയ രാജകുമാരനാകാൻ ഒരുങ്ങുന്ന 19-കാരനായ ലമീൻ യമാലും നേർക്കുനേർ വരുമ്പോൾ ഇതൊരു തലമുറ മാറ്റത്തിന്റെ പോരാട്ടം കൂടിയായി മാറും. ബാഴ്സലോണയുടെ അക്കാദമിയിൽ നിന്ന് വളർന്നുവന്ന രണ്ട് പ്രതിഭകൾ ലോകകിരീടത്തിനായി പരസ്പരം പോരടിക്കുന്നത് കാണാനുള്ള ആവേശത്തിലാണ് ഇപ്പോൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾ.

ENGLISH SUMMARY:

As Argentina and Spain prepare to face each other in the FIFA World Cup final, an iconic 2007 photo of Lionel Messi bathing a baby Lamine Yamal has taken social media by storm. Football fans are amazed by this beautiful coincidence, highlighting a generational clash between the 39-year-old legend and the 19-year-old rising star. However, Yamal is not the only Spanish player with childhood links to the Argentine maestro. Spain's Dani Olmo, Gavi, and goalkeeper Joan García also have old photographs with Messi, turning their upcoming on-field battle into a deeply personal and historic encounter.