പി.സരിന് എതിരെ പരാതി ഉന്നയിച്ച ട്രാൻസ്ജൻഡർ യുവതി രാഗ രഞ്ജിനിയോട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ആവശ്യപ്പെട്ട് സരിന്‍റെ ഭാര്യ സൗമ്യ സരിൻ. ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നിയമപരമായി തന്നെ മുന്നോട്ടു പോകണമെന്നും ചേച്ചിയുടെ കൂടെ ഉണ്ടാകും എന്നുമാണ് സൗമ്യയുടെ ഫെയ്സ്ബുക് പോസ്റ്റ്.

കുറഞ്ഞത് സരിൻ പാർട്ടി മാറിയ സമയത്തെങ്കിലും ചേച്ചിക്ക് ഇത് തുറന്നു പറയാമായിരുന്നു. ചേച്ചിയുടെ പാർട്ടിയിലെ ഒരു യുവ നേതാവ് വളരെ മോശപ്പെട്ട ഒരു ലൈംഗിക ആരോപണകേസിൽ കുടുങ്ങിയപ്പോഴെങ്കിലും സരിന്റെ യഥാർഥ മുഖം ചേച്ചിക്ക് തുറന്നു കാണിക്കാമായിരുന്നു എന്നും സൗമ്യ പറയുന്നു.

പൊലീസ് സ്റ്റേഷനിൽ പോയി എത്രയും വേഗം ഒരു പരാതി സരിന് എതിരെ കൊടുക്കണം. അവർ അന്വേഷിക്കട്ടെ. ഞാൻ സെപ്റ്റംബർ 6 നു ഷാർജയിലേക്ക് തിരിച്ചു പോകും. രണ്ടു ദിവസം കൂടി നാട്ടിൽ ഉണ്ട്. പരാതി കൊടുക്കാൻ എന്തെങ്കിലും സഹായം തന്റെ ഭാഗത്തു നിന്ന് ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുത്. ഷാർജയിലേക്ക് പോയാലും അവിടെ ഇരുന്നും താൻ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നുവെന്നും സൗമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു.

സൗമ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ചേച്ചിയുടെ പോസ്റ്റ്‌ വായിച്ചു. എന്നാലും ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് ചേച്ചി ഇത്ര കാലം മിണ്ടാതിരുന്നത് മോശമായി പോയി. കുറഞ്ഞത് സരിൻ പാർട്ടി മാറിയ സമയത്തെങ്കിലും ചേച്ചിക്ക് ഇത് തുറന്നു പറയാമായിരുന്നു. അതല്ലേ ഇങ്ങനെയൊക്കെ ഉള്ള കാര്യങ്ങൾ തുറന്നു പറയാൻ ഉള്ള ഒരു പെർഫെക്റ്റ് ടൈമിംഗ്! നിങ്ങളെ ഒക്കെ 'ചതിച്ചു' മറ്റൊരു പാർട്ടിയിലേക്ക് പോയ ഒരാളെ പിച്ചി ചീന്താൻ ഇങ്ങനെ ഒരു അവസരം വേറെ കിട്ടുമോ?

ഇനി അതും വേണ്ട, വീണ്ടും വന്നല്ലോ അവസരം! ചേച്ചിയുടെ പാർട്ടിയിലെ ഒരു യുവ നേതാവ് വളരെ മോശപ്പെട്ട ഒരു ലൈംഗിക ആരോപണകേസിൽ കുടുങ്ങിയപ്പോഴെങ്കിലും എന്റെ ഭർത്താവിന്റെ യഥാർത്ഥ മുഖം ചേച്ചിക്ക് തുറന്നു കാണിക്കാമായിരുന്നു. കാരണം ചേച്ചിയുടെ പാർട്ടിയിലെ യുവനേതാവിന്റെ ആ കുൽസിത പ്രവർത്തിക്കെതിരെ ശബ്ദിച്ചവരിൽ മുൻപന്തിയിൽ എന്റെ ഭർത്താവും ഉണ്ടായിരുന്നു. അപ്പോഴെങ്കിലും ചേച്ചിക്ക് ഇത് തുറന്നു പറയാമായിരുന്നില്ലേ? എന്റെ ഭർത്താവ് പെട്ടു പോയിരുന്നില്ലേ? രണ്ടാമത്തെ പെർഫെക്ട് ടൈമിങ്ങും ചേച്ചി മിസ് ചെയ്തു! പിന്നെ പോസ്റ്റ്‌ ഇട്ടത് എപ്പോഴാ? എന്റെ പേജിൽ വന്നു സ്ഥിരമായി തോന്നിവാസം പറയുന്നവർക്ക് മറുപടി ആയി ഞാനൊരു പോസ്റ്റ്‌ ഇട്ടപ്പോൾ, അത് എല്ലാ ചാനലുകളും വാർത്ത ആക്കിയപ്പോൾ, അത് കണ്ട് ആരുടെയൊക്കെയോ ആസനം പൊള്ളിയപ്പോൾ ആണ് ചേച്ചിക്ക് ഇതൊക്കെ തുറന്നു പറയാൻ തോന്നിയത്.  അതിനേക്കാൾ എനിക്ക് അത്ഭുതം തോന്നിയത് വേറൊരു കാര്യം കണ്ടപ്പോൾ ആണ്.. ചേച്ചിയുടെ പാർട്ടിയിലെ സ്ത്രീ പീഡക നേതാവിന് പൂർണ പിന്തുണ പ്രഖ്യാപിച്ചു മണിക്കൂറുകൾക്ക് മുമ്പ് ചേച്ചി പോസ്റ്റ്‌ ഇട്ടിരിക്കുന്നു! അത് മോശമായി പോയി ചേച്ചി. ഒന്നുമില്ലെങ്കിലും നമ്മൾ ഓക്കെ പെണ്ണുങ്ങൾ അല്ലേ.

പക്ഷെ അപ്പോഴാണ് എനിക്ക് ഒരു കാര്യം മനസ്സിലായത്. ഈ ടൈമിംഗ്ൻ്റെ ഗുട്ടൻസ്! ചേച്ചിയുടെ പ്രിയ പീഡന നേതാവിനെ പുച്ഛിച്ചത് ചേച്ചിക്ക് സ്വാഭാവികമായും ഇഷ്ടപ്പെട്ടു കാണില്ലാ. അപ്പൊ ടൈമിംഗ്ൻ്റെ സംശയം എനിക്ക് മാറിക്കിട്ടി!  അതും ചേച്ചി ആദ്യം ഒരു പോസ്റ്റിട്ടു. അത് ഡിലീറ്റ് ചെയ്തു. പിന്നെയും വേറൊരു പ്രൊഫൈലിൽ നിന്നും അതെ പോസ്റ്റ്‌ ഒരു ദിവസം കഴിഞ്ഞു വീണ്ടുമിട്ടു. അത് ചേച്ചിയുടെ പ്രൊഫൈൽ ആണോ എന്ന് പോലും എനിക്ക് അറിയില്ല കേട്ടോ. ചേച്ചിയുടെ സുഹൃത്തുക്കൾ വരെ പോസ്റ്റിനു താഴെ ആ പ്രൊഫൈൽ ചേച്ചിയുടെ തന്നെ ആണോ എന്ന് സംശയം പ്രകടിപ്പിച്ചത് കണ്ടത് കൊണ്ട് പറഞ്ഞതാണെ. എന്തായാലും പേര് ചേച്ചിയുടെ ആയത് കൊണ്ടാണ് ഞാൻ ഈ പോസ്റ്റ്‌ ചേച്ചിക്ക് വേണ്ടി ഷെയർ ചെയ്യുന്നത്. പോട്ടെ... എന്ത്‌ തന്നെയായാലും ഞാൻ ചേച്ചിയുടെ കൂടെയുണ്ട്. ഇങ്ങനെ ഒരു മോശം അനുഭവം ഉണ്ടായ സ്ഥിതിക്ക് നമ്മൾ നിയമപരമായി തന്നെ മുന്നോട്ട് പോകണം. അതിന് ഞാൻ ചേച്ചിയുടെ കൂടെ ഉണ്ടാകും. ചേച്ചി ഏറ്റവും അടുത്തുള്ള പോലിസ് സ്റ്റേഷനിൽ പോയി എത്രയും വേഗം ഒരു പരാതി സരിന് എതിരെ കൊടുക്കണം. അവർ അന്വേഷിക്കട്ടെ. ഞാൻ സെപ്റ്റംബർ 6 നു ഷാർജയിലേക്ക് തിരിച്ചു പോകും. രണ്ടു ദിവസം കൂടി നാട്ടിൽ ഉണ്ട്. പരാതി കൊടുക്കാൻ എന്തെങ്കിലും സഹായം എന്റെ ഭാഗത്തു നിന്ന് ആവശ്യമുണ്ടെങ്കിൽ അറിയിക്കാൻ മടിക്കരുത്. ഷാർജയിലേക്ക് പോയാലും അവിടെ ഇരുന്നും ഞാൻ എന്റെ പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.  അപ്പോൾ കാര്യങ്ങൾ അറിയിക്കുക.  ഞാൻ ഇവിടെ തന്നെയുണ്ട്!  എന്റെ ഭർത്താവ് Dr. പി സരിനും

ENGLISH SUMMARY:

Transgender Ragha Ranjini's complaint against Dr. P Sarin is supported by his wife Soumya Sarin. Soumya Sarin urged Ragha Ranjini to file a police complaint against Dr. P Sarin regarding the alleged harassment, expressing her full support.