തലസ്ഥാന നഗരപരിധിയില്‍ തലയെടുപ്പോടെ സൂര്യകാന്തി പൂപ്പാടം. നോക്കെത്താ ദൂരത്തോളം മനോഹാരിത തീര്‍ക്കുന്ന പൂവസന്തം ആസ്വദിക്കാന്‍ സഞ്ചാരികളുടെ തിരക്കാണ്. തിരുവനന്തപുരം തുമ്പയിലെ പൂഴി മണലിലും പൂക്കള്‍ തലയാട്ടുമെന്ന് തെളിയിക്കുകയാണ് മാനേജ്മെന്‍റ് മേഖലയിലെ ജോലിക്ക് അവധി നല്‍കി കര്‍ഷകനായ ശ്രീകാര്യം സ്വദേശി വി.സുജിത്ത്.
ഗുണ്ടല്‍പ്പേട്ടിലും സുന്ദരപാണ്ഡ്യപുരത്തും കാണുന്ന ഗുമ്മുണ്ടോ. കാഴ്ചയിലും ഗുണത്തിലും അതിലേറെ മികവാണോ. വിശേഷണം എന്തായാലും പൂഴിമണലില്‍ പൂപ്പാടത്തിന്‍റെ പകിട്ട് നിറയുമെന്ന് തെളിയുകയാണ്. മനസുറപ്പുണ്ടെങ്കില്‍ ജൈവകൃഷിരീതിയില്‍ സൂര്യകാന്തിയും, ചെണ്ടുമല്ലിയും, വാടാമുല്ലയുമെല്ലാം ഇങ്ങനെ തലയാട്ടും.
സെല്‍ഫി പകര്‍ത്തിയും ക്യാമറയില്‍ ഭംഗി ചേര്‍ത്തും കാഴ്ചക്കാരുടെ നീണ്ടനിര. പറഞ്ഞറിഞ്ഞ് പടം പിടിക്കാനെത്തി കേരള ഡി.ജി.പിയുടെയും കുടുംബം. ഓരോ വര്‍ഷവും പരീക്ഷണം മാറി തല ഉയര്‍ത്തുന്ന പൂക്കളുടെ എണ്ണമുയരുമ്പോള്‍ സൂര്യകാന്തിയുടെ തലയെടുപ്പറിയാനാണ് നീളെ, നീളെ കുടുംബസമേതം നാട്ടാരും ഇതരദേശക്കാരുമെത്തുന്നത്.