നോക്കണ്ടടാ ഉണ്ണി ഇത് ഞാനല്ല... എവിടെയോ നല്ല കണ്ടു പരിചയം തോന്നി നോക്കിയതാണ്. നമ്മുടെ ജെൻസി പിള്ളേർ തരംഗമാക്കി മാറ്റിയ ക്രോക്ക്സ്. പക്ഷെ ഇത്തവണ രൂപത്തിലും നിറത്തിലുമൊക്കെ ആകെ ഒരു മാറ്റം. തൃപ്പൂണിത്തുറയിലെ അത്തച്ചമയ വേദിയിലാണ് പുലികളുടെ അതെ രൂപത്തിലേക്ക് നിറം മാറ്റിയ ഈ ക്രോക്സ് കാഴ്ചക്കാരിൽ കൗതുകം നിറച്ചത്. 

നിറങ്ങളിൽ വ്യത്യസ്തത പുലർത്തുന്ന പുലികൾ അത്ര പുതിയ കാഴ്ചയല്ല. കാലത്തിനനുസരിച്ച് കോലം മാറണമെന്നാണല്ലോ. അത്തരം മാറ്റങ്ങൾ ആഗ്രഹിക്കാത്തവർ ആരാണ് സഹോ...ഏറ്റവും വലിയ വയറുള്ള പുലികൾ സ്ഥിരം കാഴ്ചയാണെങ്കിൽ ക്രോക്സ് ഇട്ട പുലികളാണ് ഇത്തവണ അത്തം നഗരിയെ കീഴടക്കുക.

പുലിവേഷമണിയാൻ ഒന്നാമത്തെ യോഗ്യത കുടവയർ ആണെന്നുള്ള സങ്കല്പം ഒക്കെ പഴങ്കഥയായി.  വയറുണ്ടായാൽ മാത്രം പോരാ, മാറ്റത്തിനനുസരിച്ച് ചുവടു വയ്ക്കാനുള്ള സ്റ്റാമിന കൂടെ വേണം. 

പുലിക്കളി കഴിഞ്ഞു തളർന്നവശരായി തിരികെ പുലിമടയിലെത്തിയാലും പുലികളുടെ അധ്വാനം തെല്ലും കുറയുന്നില്ല.ദേഹത്തെ ചായം വെള്ളത്തിൽ കഴ‍ുകിയാലൊന്നും  ഇളകിപ്പോകില്ല. ചായം ഇളക്കാൻ മണ്ണെണ്ണയിൽ ചകിരിയും തുണിയും മുക്കി ഉരച്ചുതേക്കണം . പുലികളി കഴിഞ്ഞ് മടയിൽ കയറുന്ന പുലികൾ ക്ഷീണം എല്ലാം തീർത്തു ദിവസങ്ങൾക്ക് ശേഷം ആയിരിക്കും   പുറംലോകത്തേക്ക് ഇറങ്ങുക.പക്ഷേ, അടുത്ത പുലികളിക്കു സമയമാകുമ്പോൾ വീണ്ടും ആവേശം സിരയിലെത്തും. വയർ കുലുക്കി, വർണ്ണങ്ങൾ വാരി വിതറി അവർ ഇറങ്ങും. പുത്തൻ മാറ്റങ്ങളുമായി.

ENGLISH SUMMARY:

Pulikali Crocs combines traditional art with modern footwear. This article explores the unique fusion of Pulikali's vibrant costumes and Crocs, showcased at the Athachamayam festival.