റോഡ് നിർമ്മാണത്തിൽ റീക്ലെയ്മ്ഡ് അസ്ഫാൾട് പേവ്മെന്റ് (RAP) സാങ്കേതികവിദ്യ നടപ്പിലാക്കാന്‍ തീരുമാനിച്ച വിവരം പങ്കുവെച്ച് പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ്. സംസ്ഥാനത്ത് റോഡ് നവീകരണത്തിന് പുതിയ സാങ്കേതികവിദ്യകൾ കൊണ്ടുവരുവാൻ പരമാവധി ശ്രമിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. ഇത് സംബന്ധിച്ച നിരവധി ഗവേഷണങ്ങള്‍ പിഡബ്ലിയുഡിക്ക് കീഴിലുള്ള കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഐ.ഐ.ടി, കെ.എച്ച്.ആര്‍.ഐ എന്നിവരുമായി ചേർന്ന് ഇന്ന് നടത്തിയ യോഗത്തിൽ സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനത്ത് പരീക്ഷണാടിസ്ഥാനത്തില്‍ റീക്ലെയ്മ്ഡ് അസാള്‍ട്ട് പേവ്മെന്റ് (RAP) സാങ്കേതികവിദ്യ നടപ്പിലാക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള ബി.എം-ബി.സി റോഡിന്റെ ഉപരിതലം പൊളിച്ചുമാറ്റി പുനരുപയോഗം ചെയ്ത് പുതിയ ഉപരിതലം നിര്‍മ്മിക്കുന്ന സാങ്കേതിക വിദ്യയാണിത്. മദ്രാസ് ഐ.ഐ.ടി യുടെ സാങ്കേതിക സഹായത്തോടെ കെ.എച്ച്.ആര്‍.ഐ ഇതിന്റെ ആദ്യഘട്ട പഠനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്.
പൈലറ്റ് അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ കിള്ളിപ്പാലം - പ്രാവച്ചമ്പലം റോഡില്‍ പ്രവൃത്തി നടപ്പിലാക്കാനാണ് തീരുമാനം. അധിക സാമ്പത്തിക ബാധ്യതകളില്ലാതെ ദീർഘകാലം ഈട് നിൽക്കുന്ന റോഡുകൾ ഇതിലൂടെ നിർമ്മിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.