കോഴിക്കോട് പുതിയപാലത്തെ വലിയപാലം മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിച്ചു. 25 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് പാലം യാഥാര്‍ഥ്യമായത്. പാലം ഗതാഗതയോഗ്യമായതോടെ നാട്ടുകാരും വലിയ സന്തോഷത്തിലാണ്.
കാല്‍ നൂറ്റാണ്ടിലധികമായി ഒരു നാടിന്‍റെ സ്വപ്നമായിരുന്നു പുതിയ പാലത്തെ വലിയപാലം. കനോലി കനാലിന് കുറുടെ 16.53 കോടി രൂപ ചിലവില്‍ 11 മീറ്റര്‍ വീതിയില്‍ ആര്‍ച്ച് മാതൃകയിലാണ് പാലം. പൊതുമരാമത്ത് വകുപ്പ്മന്ത്രി പി എ മുഹമ്മദ് റിയാസ് നാട മുറിച്ച് പാലത്തിന്‍റെ ഉല്‍ഘാടനം നിര്‍വഹിച്ചു.
1947ല്‍ നിര്‍മ്മിച്ച തടിപ്പാലം 1982ല്‍ കോണ്‍ക്രീറ്റ് പാല മാക്കിയെങ്കിലും ഇടുങ്ങിയതായിരുന്നു. ഇരുചക്ര വാഹനം കഷ്ടിച്ച് കടന്നുപോകുമായിരുന്ന പാലം വലുതായതിലെ സന്തോഷമാണ് നാട്ടുകാര്‍ക്ക് പങ്കുവയ്ക്കാനുള്ളത്. 40 കോടി രൂപയാണ് സ്ഥലം ഏറ്റെടുപ്പിന് വേണ്ടി മാത്രം ചിലവായത്. പാലം ഗതാഗത യോഗ്യമായതോടെ റെയില്‍വേ സ്റ്റേഷന്‍, പാളയം, തളി, കല്ലായി എന്നിവിടങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാനാകും.