പണി തീരാതെ ദേശീയ പാതയുടെ ഉദ്ഘാടനം വെയ്ക്കുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പണിയെല്ലാം പൂർത്തിയായ ശേഷം പ്രധാനമന്ത്രിക്ക് ദേശീയ പാത ഉദ്ഘാടനം ചെയ്താൽ പോരേ, ഇത് കേരളത്തിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്. നാല് പില്ലർ മാത്രമിട്ടാൽ പാലമോ, അഞ്ച് കിലോമീറ്റർ റോഡിന്റെ ഒരു കിലോമീറ്റർ മാത്രം പണി തീർത്താൽ ആ റോഡോ ഇതുപോലെ ഉദ്ഘാടനം ചെയ്യുമോ എന്നും സതീശൻ പരിഹസിച്ചു.
'തുരങ്കപാതയിൽ മുഖ്യമന്ത്രി നടത്തിയതും 3 ഉദ്ഘാടനമാണ്. ഒന്ന് സർവേ ഉദ്ഘാടനം, രണ്ട് നിർമ്മോണോദ്ഘാടനം, മൂന്ന് പാറ പൊട്ടിക്കൽ ഉദ്ഘാടനം. ഈ പാറ പൊട്ടിക്കൽ ഉദ്ഘാടനം ചരിത്രത്തിലാദ്യമാണ്. പിന്നെ ദേശീയ പാത ഉദ്ഘാടനം ചെയ്യുമ്പോൾ മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും മറ്റ് ബന്ധപ്പെട്ട ആൾക്കാരെയും വിളിക്കണം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വിളിക്കാത്തത് തെറ്റ് തന്നെയാണ്. അവരുടെ വീട്ടിലെ പരിപാടിയൊന്നുമല്ലല്ലോ ഇവരെ വിളിക്കാതിരിക്കാൻ. പക്ഷേ പണി തീരാതെ ഈ ഉദ്ഘാടനം എന്തിനാണെന്ന് മനസിലാവുന്നില്ല'. സതീശന്‍ വ്യക്തമാക്കുന്നു.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് ഏകദേശം പണി പൂർത്തിയായ പദ്ധതിയായിരുന്നു മെട്രോ റെയിൽ. എന്നിട്ടും കുറച്ച് പണി ബാക്കി ഉണ്ടായിരുന്നതിനാൽ ഉമ്മൻ ചാണ്ടി അത് ഉദ്ഘാടനം ചെയ്തില്ല. എന്നിട്ട് പിണറായി അത് ഉദ്ഘാടനം ചെയ്തപ്പോ ഉമ്മൻ ചാണ്ടിയെ പോലും വിളിച്ചില്ലെന്നും സതീശൻ കുറ്റപ്പെടുത്തി.