ആശമാരുടെ സെക്രട്ടേറിയറ്റ് സമരം ആറുമാസം പിന്നിടുമ്പോള്‍ ആശാ പ്രവർത്തകർക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ പോലും നിഷേധിച്ച് സംസ്ഥാനം. 2018 ൽ 20000 രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിച്ചെങ്കിലും ഒരാൾക്ക് പോലും നല്കിയിട്ടില്ല. കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ഇൻസെന്റീവ് വർധനയും സംസ്ഥാനം നടപ്പാക്കിയില്ല.
10 കൊല്ലം സേവനം ചെയ്ത ആശാപ്രവർത്തക വിരമിച്ചാൽ 20000 രൂപ നല്കുമെന്നാണ് കേന്ദ്രസർക്കാർ 2018 ൽ പ്രഖ്യാപിച്ചത്. ഇതിനകം ആയിരത്തിലേറെ ആശമാർ വിരമിച്ചിട്ടുണ്ട്. ആശമാര്‍ക്ക് നല്കിയ വിവരകാശ മറുപടിയിൽ ആർക്കും ഇതുവരെ വിരമിക്കൽ ആനുകൂല്യം നല്കിയിട്ടില്ലെന്നും ആരും അപേക്ഷ നല്കിയിട്ടില്ലെന്നുമാണ് മറുപടി. ആനുകൂല്യത്തെപറ്റി അറിയിക്കാതെ ആശമാർ എങ്ങനെ അപേക്ഷിക്കും എന്നതാണ് ചോദ്യം.
ഇതുകൂടാതെ കഴിഞ്ഞ മാസം എൻ കെ പ്രേമചന്ദ്രൻ എംപിക്ക് പാർലമെൻ്റിൽ നല്കിയ മറുപടിയിൽ ആശമാരുടെ ഇൻസെൻ്റീവ് 1500 രൂപ കൂട്ടിയതായി അറിയിച്ചിരുന്നു. ജൂലൈ മുതൽ നടപ്പാക്കുമെന്ന് പറഞ്ഞ ആനുകൂല്യം ഓഗസ്റ്റ് ആദ്യ ആഴ്ച പിന്നിട്ടിട്ടും കിട്ടിയിട്ടില്ല. 20000 രൂപ വിരമിക്കൽ ആനുകൂല്യം 50000 ആയും വർധിപ്പിച്ചിരുന്നു.
ആശ മരണമടഞ്ഞാൽ 2 ലക്ഷം രൂപ ആനുകൂല്യം പ്രധാനമന്ത്രി ജീവൻ ജ്യോതി പദ്ധതി പ്രകാരമുണ്ട്. അപട മരണം , സ്ഥിരമായ വൈകല്യം എന്നിവയുണ്ടായാൽ രണ്ടു ലക്ഷം രൂപയാണ് സഹായം. കേന്ദ്രമാണ് പ്രീമിയം തുക അടയ്ക്കുന്നത്. പക്ഷേ കേരളത്തില്‍ ഒരു ആശയ്ക്ക് പോലും പദ്ധതി കൊണ്ടുള്ള പ്രയോജനം ലഭിച്ചിട്ടില്ല. എന്ന് മാത്രമല്ല ആശമാർക്കുള്ള ആനുകൂല്യങ്ങൾ വാങ്ങിച്ചു നൽകേണ്ട സംസ്ഥാന സർക്കാരിനും മിണ്ടാട്ടമില്ല.
ആശ മാർക്ക് 3000 രൂപ പെൻഷൻ, കുടുംബത്തിന് 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് എന്നീ പദ്ധതികളും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതിയിലും ഒരു ആശയെ പോലും ചേർത്തിട്ടില്ല. ഉളള ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കുന്നതിനെതിരെ ഈ മാസം 20 ന് എന്‍ എച്ച് എം ഒാഫീസ് മാര്‍ച്ച് നടത്തും. ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ കാലാവധി 12 ന് അവസാനിക്കും. റിപ്പോര്‍ട്ട് തയാറാക്കല്‍ അന്തിമഘട്ടത്തിലാണെന്നാണ് ചെയര്‍പേഴ്സണ്‍ ഹരിത വി കുമാറിന്‍റെ മറുപടി.