• കൊറിയന്‍ സുഹൃത്ത് മരിച്ചെന്ന് വിവരം
  • ചോറ്റാനിക്കരയില്‍ വിദ്യാര്‍ഥിനി ജീവനൊടുക്കി
  • പെണ്‍കുട്ടി കബളിപ്പിക്കപ്പെട്ടോയെന്ന് അന്വേഷണം

ഇന്നലെ രാവിലെ തിരുവാണിയൂരിലെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത് കൊറിയന്‍ സുഹൃത്തിനെക്കുറിച്ചുള്ള വിവരം. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട കൊറിയന്‍ആൺ സുഹൃത്ത് മരിച്ചതിൽ മനംനൊന്ത് ജീവനൊടുക്കുന്നു എന്നാണ് മരിച്ച ആദിത്യയുടെ ബാഗിൽ നിന്നും കണ്ടെത്തിയ നോട്ട്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. രണ്ടുപേജുള്ള കുറിപ്പാണ് പൊലീസിനു ലഭിച്ചത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ,സംഗീതവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ച വിവരമറിഞ്ഞ് വിഷമം സഹിക്കവയ്യാതെ ജീവൻ വെടിയുന്നുവെന്നാണ് ആദിത്യ കുറിച്ചിരിക്കുന്നത്. 

 

എന്നാല്‍ അങ്ങനെയൊരു സുഹൃത്ത് ഉണ്ടോയെന്നും കൊറിയന്‍ സ്വദേശി എന്ന രീതിയില്‍  മറ്റാരെങ്കിലും കുട്ടിയെ കബളിപ്പിച്ചതാണോ എന്നറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ്. കുട്ടിയുടെ സുഹൃത്തുക്കള്‍ തന്നെ കബളിപ്പിച്ചതാണോ എന്നും സംശയമുണ്ട്.  ഇതിന്റെ ഭാഗമായി മൊബൈൽ ഫോൺ അടക്കം വിശദമായ പരിശോധനയ്ക്കയക്കും. 

 

ചോറ്റാനിക്കര ഗവ. വിഎച്ച്എസ്എസിൽ പ്ലസ് വൺ വിദ്യാർഥിനിയാണ് മരിച്ച ആദിത്യ. ചൊവ്വാഴ്ച രാവിലെ 7.45ന് ട്യൂഷനും തുടർന്ന് സ്കൂളിലേക്കുമായി പോയ ആദിത്യയെ വൈകാതെ അടുത്തുള്ള പാറമടയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂൾ ബാഗും ലഞ്ച് ബോക്സും അടക്കമുള്ളവ കരയിൽ വച്ച നിലയിലാണ് കണ്ടെത്തിയത്. തുടർന്ന് ഇവ പരിശോധിച്ചപ്പോഴാണ് ആത്മഹത്യ കുറിപ്പ് പൊലീസ് കണ്ടെടുക്കുന്നത്. 

 

 

മുങ്ങിമരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കിണർ പണിക്കാരനായ മഹേഷിന്റെയും ദിവ്യയുടെയും ഏക മകളാണ് ആദിത്യ. അടുത്ത കാലത്തായി സമൂഹ മാധ്യമങ്ങളിൽ വരുന്ന കൊറിയൻ സംഗീതവും സിനിമയുമെല്ലാമായി വളരെയേറെ സമയം ആദിത്യ ചിലവഴിച്ചിരുന്നതായും വിവരമുണ്ട്. ഇക്കാര്യങ്ങളും പൊലീസിന്റെ അന്വേഷണ പരിധിയിലുണ്ട്.

 

ആദിത്യക്ക് കൊറിയൻ സുഹൃത്തിന്റേത് എന്ന പേരിൽ വാച്ച് അടക്കമുള്ള ചില സമ്മാനങ്ങൾ ലഭിച്ചിരുന്നതായും പൊലീസിന് വിവരമുണ്ട്. ഇതു മറ്റാരെങ്കിലും ആദിത്യയെ കബളിപ്പിക്കാനായി ചെയ്തതാണോ എന്ന സംശയവും സമൂഹ മാധ്യമങ്ങളില്‍ നിന്ന് പ്രാഥമികമായി ലഭിച്ച വിവരങ്ങളുമാണ് ഇക്കാര്യത്തിൽ കൂടി അന്വേഷണം നടത്താന്‍ പൊലീസിനെ പ്രേരിപ്പിക്കുന്നത്.

ENGLISH SUMMARY:

A Plus One student was found dead yesterday morning at a quarry in Thiruvaniyoor. A suicide note recovered from her bag mentions a Korean friend. According to what is written in the notebook found with the deceased, Adithya ended her life after being deeply distressed by the death of a Korean male friend she had met through social media.