കൊച്ചി തിരുവാണിയൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ കുട്ടിയാണ് മരിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം അറിയാനാകൂയെന്ന് പൊലീസ് വ്യക്തമാക്കി.
തിരുവാണിയൂരിനടുത്ത് കക്കാട് കരയിലെ പാറമടയിലെ വെള്ളത്തിലാണ് 16കാരിയുടെ മൃതദേഹം കണ്ടെത്തിയത്. 9 മണിയോടെ നാട്ടുകാരാണ് വിവരം ചോറ്റാനിക്കര പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം അടക്കം അറിയാൻ സാധിക്കൂ എന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ ബാഗും പുസ്തകങ്ങളും ലഞ്ച് ബോക്സും കരയിൽ വച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യയാണെങ്കിൽ അതിലേക്ക് നയിച്ചതെന്നുമുള്ള കാര്യങ്ങളും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു.
ചോറ്റാനിക്കര ഗവ. വിഎച്ച്എസ്‍ഇയിലെ വിദ്യാർഥിനിയാണ് മരിച്ചത്. ഇന്ന് രാവിലെ പതിവു പോലെ 7.45ന് വീട്ടിൽ നിന്ന് ഇറങ്ങിയതാണ് പെൺകുട്ടി. ആദ്യം ട്യൂഷനും അതിനു ശേഷം സ്കൂളിലേക്ക് പോവുകയുമാണ് പതിവ്. എന്നാൽ അതിനുപകരം നേരെ പാറമടയിലേക്ക് വരികയായിരുന്നു എന്നാണ് നിഗമനം. ഉപേക്ഷിക്കപ്പെട്ട് കിടക്കുന്ന ഈ പാറമടയ്ക്ക് ഏകദേശം 400 അടിയോളം ആഴമുണ്ടെന്നാണ് കരുതുന്നത്.