‘അങ്ങനെ നിർത്തി പോവാൻ പറ്റില്ലല്ലോ ,ഒരുപാട് കമ്മിറ്റ്മെന്റ്സ് ഉള്ളതല്ലേ, വേട്ട അവസാനിപ്പിച്ചു എന്ന് ഇരകളെ വിശ്വസിപ്പിക്കുന്നവനാണ് യഥാർത്ഥ വേട്ടക്കാരൻ, പറഞ്ഞ് വരുന്നത് യൂട്യൂബിൽ വ്യത്യസ്തമായ പാചക വിഡിയോകളുമായി എത്തുന്ന ഫിറോസ് ചുട്ടിപ്പാറയുടെ പുതിയ പാചക വിഡിയോയ്ക്ക് വരുന്ന കമന്റുകളാണ്. ഒരു ഫുൾ ഒട്ടകത്തെ ഗ്രിൽ ചെയ്യുകയാണ് ഫിറോസ്, നേരത്തെ പാചക വിഡിയോ നിർത്തുന്നതായി ഫിറോസ് പ്രഖ്യാപിച്ചിരുന്നു.
100 കിലോയുള്ള മീൻ അച്ചാർ, 35 കിലോ വരുന്ന പാമ്പ് ഗ്രിൽ, വറുത്തരച്ച മയിൽ കറി, ഒട്ടകപ്പക്ഷി ഗ്രിൽ എന്നിങ്ങനെ യൂട്യൂബിൽ വ്യത്യസ്തമായ പാചക വിഡിയോകളുമായി എത്തുന്ന ഫിറോസ് ചുട്ടിപ്പാറ ആരാധകരുടെ ഇഷ്ട താരമാണ്. നാട്ടിൽ മാത്രമല്ല വിദേശ രാജ്യങ്ങളിൽ പോയുള്ള പാചക വിഡിയോകൾക്കും ആരാധകരുണ്ട്. നേരത്തെ ഫിറോസ് വിയറ്റ്നാമിലെ മാർക്കറ്റിൽ നിന്നും ജീവനുള്ള രണ്ട് പാമ്പുകളെ വാങ്ങി കറിവെച്ചത് വിവാദമായിരുന്നു.
ഇനിയും യൂട്യൂബ് വരുമാനത്തെ ആശ്രയിച്ച് മുന്നോട്ടു പോകുന്നതിന് പകരം സ്വയം സംരംഭത്തിലേക്ക് ഇറങ്ങുകയാണെന്നാണ് ഫിറോസ് നേരത്തെ പറഞ്ഞത്. ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതിനാൽ കൂടുതൽ സമയമെടുത്തുള്ള പാചക വിഡിയോകൾക്ക് പകരം റീലുകളിൽ ആയിരിക്കും ഇനി കൂടുതൽ പ്രത്യക്ഷപ്പെടുക എന്നും പറഞ്ഞിരുന്നു. എന്നാൽ അപ്രതിക്ഷമായിട്ടാണ് ഒട്ടകത്തെ ഗ്രിൽ ചെയ്യുന്ന വിഡിയോയുമായി താരം എത്തിയത്. ഒരു രക്ഷയില്ലാത്ത രുചിയാണെന്നും നന്നായി വെന്തുവെന്നും ഒട്ടകം കഴിച്ച് ഫിറോസ് പറയുന്നുണ്ട്. അലക്സ് എന്ന പാചകക്കാരനും ഫിറോസിനൊപ്പം ഉണ്ടായിരുന്നു.