അമ്മമാരുടെ കൈപുണ്യവും സ്നേഹവും സമം ചേർത്തെടുത്ത രുചിക്കൂട്ടുകൾ സ്കൂൾ വളപ്പിലും. വിദ്യാർഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും ഭക്ഷണസാധനങ്ങളും ക്ലാസ് മുറിയോട് ചേർന്ന് ലഭ്യമാക്കുന്ന കുടുംബശ്രീയുടെ 'മാ കെയർ' പദ്ധതിക്കാണ് തുടക്കമാകുന്നത്. സ്കൂൾ മതിലിനപ്പുറം ലഹരി നുരയുന്ന ഇടങ്ങളിലേക്കും മാഫിയയുടെ അരികേൽക്കാതെ കുരുന്നുകളെ കരുതാൻ പാകത്തിലുള്ള സംരംഭം സംസ്ഥാന വ്യാപകമാക്കും.
മക്കൾക്ക് മാതൃവാൽസല്യം ചാലിച്ചുള്ള പകർന്ന് നൽകൽ. ഇലയിലായാലും കൈവെള്ളയിലായാലും നൽകുന്നത് സ്നേഹമാണ്. കൂട്ടായ്മയുടെയും വിജയത്തിന്‍റെയും അടയാളം തീർത്ത കുടുംബശ്രീയുടെ ഐശ്വര്യ വഴികൾ സ്കൂൾ വളപ്പിലേക്കും നീളുകയാണ്. സ്കൂൾ കുട്ടികൾക്ക് ആവശ്യമായ പഠനോപകരണങ്ങളും ലഘുഭക്ഷണവും ഉൾപ്പെടെ ഇവിടെക്കിട്ടും.
ബെല്ലടിച്ചാൽ ഓടിപ്പാഞ്ഞ് റോഡ് മുറിച്ച് കടന്ന് മറ്റിടങ്ങൾ തേടേണ്ടി വരില്ല. സ്കൂൾ വളപ്പിനപ്പുറം കഴുകൻ കണ്ണുകളോടെ കാത്തിരിക്കുന്ന ലഹരി വിതരണക്കാരുടെ കൈകളിലും അകപ്പെടില്ല. സ്റ്റേഷനറി ഉള്‍പ്പെടെ ആവശ്യമായ എല്ലാ സാധനങ്ങളും സ്കൂള്‍ വളപ്പില്‍ തന്നെ കിട്ടുമെന്നതാണ് പ്രത്യേകത. സ്കൂൾ വളപ്പിൽ ഒഴിഞ്ഞു കിടക്കുന്ന ക്ലാസ് മുറികളിലാണ് മാ കെയർ കിയോസ്കുകൾ തുടങ്ങുന്നത്. ഇതിനായി താൽപര്യമുള്ള അയൽക്കൂട്ടങ്ങൾക്ക് പ്രത്യേക പരിശീലനവും നൽകും. വിവിധ ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ പദ്ധതിക്ക് മികച്ച പ്രതികരണമാണ്. ഇതെത്തുടർന്നാണ് പദ്ധതി സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.