• ആരാണ് സെബാസ്റ്റ്യന്‍ ? സീരിയല്‍ കില്ലറോ?
  • സ്ത്രീകളെ മാത്രം ലക്ഷ്യംവക്കുന്ന കില്ലര്‍?
  • പൊലീസിനെ നോക്കി മൗനിയായി ചിരിച്ച് സെബാസ്റ്റ്യന്‍

 പല കാലഘട്ടങ്ങളിലായി കാണാതായ നാലു സ്ത്രീകള്‍, 40തിനും 55നും ഇടയില്‍ പ്രായമുള്ള, കുടുംബത്തില്‍ പ്രശ്നങ്ങളുള്ളതോ, ഒറ്റയ്ക്ക് താമസിക്കുന്നതോ ആയ സ്ത്രീകളെയാണ് സെബാസ്റ്റ്യന്‍ ലക്ഷ്യംവച്ചത്. 2024ല്‍ കാണാതായ കോട്ടയം അതിരമ്പുഴ സ്വദേശി ജൈനമ്മ, 2002 മതുല്‍ കാണാതായ ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശി ബിന്ദു പദ്മനാഭന്‍,2012ല്‍ കാണാതായ ചേര്‍ത്തല വാരനാട് സ്വദേശി ഐഷ, 2020ല്‍ കാണാതായ ചേര്‍ത്തല വള്ളാകുന്നത്ത് സ്വദേശി സിന്ധു എന്നിവരുടെ തിരോധാനക്കേസുകളാണ് ഇപ്പോള്‍ സെബാസ്റ്റ്യനു പിന്നാലെ പായുന്നത്.

സ്ത്രീകളെ മാത്രമാണ് സെബാസ്റ്റ്യന്‍ ലക്ഷ്യമിട്ടതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ആലപ്പുഴയിലെ പള്ളിപ്പുറത്ത് രണ്ടരയേക്കര്‍ സ്ഥലം കേരളത്തിലെ ധര്‍മ്മസ്ഥലയോ എന്ന സംശയത്തിലാണ് അന്വേഷണസംഘം. ഏറെ ദുരൂഹതകള്‍ നിറയ്ക്കുന്നൊരു ഭൂമിയാണിത്. ആലപ്പുഴയിലെ പള്ളിപ്പുറത്തെ രണ്ടരയേക്കര്‍ സ്ഥലം സെബാസ്റ്റ്യനു പാരമ്പര്യസ്വത്തായി കിട്ടിയതാണ്. അവിടെ ഒത്ത നടുക്കായി നിഗൂഢതകള്‍ നിറയുന്നൊരു പഴയവീടുണ്ട്. വീടിനു ചുറ്റും നിറയെ പുല്ലും കാടും നിറഞ്ഞ പ്രദേശമായിരുന്നു. പൊലീസ് ഇതെല്ലാം ജോലിക്കാരെ നിര്‍ത്തി വെട്ടിത്തെളിയിച്ചുകഴിഞ്ഞു.

ഈ സ്ഥലത്തിന്റെ അതിര്‍ത്തികളിലായി മൂന്ന് കുളങ്ങളും കിണറുകളുമുണ്ട്. വീടിനകത്ത്, ഒരു മുറി മാത്രം ഗ്രാനൈറ്റ് പാകിയതും സംശയങ്ങള്‍ പലതുണ്ടാക്കുന്നുണ്ട്, ബാക്കിയെല്ലാ മുറികളും ടൈലിട്ടതാണ്. കടാവറും മണ്ണുമാന്തിയന്ത്രങ്ങളും എത്തിച്ച് നടത്തുന്ന പരിശോധനയില്‍ മനുഷ്യന്റേതെന്ന് കരുതുന്ന അസ്ഥിക്കഷ്ണങ്ങളും തലയോട്ടിയും തുടയെല്ലും ക്ലിപ്പിട്ട പല്ലിന്റെ ഭാഗങ്ങളും കണ്ടെത്തി. തുടയെല്ലും ക്ലിപ്പിട്ട പല്ലുകളും കണ്ടെടുത്തു. ഐഷയുടെ പല്ലായിരിക്കാമെന്ന സംശയത്തിലാണ് അന്വേഷണസംഘമുള്ളത്. ഈ രണ്ടരയേക്കറിലെ കുളം വറ്റിച്ചു നടത്തിയ പരിശോധനയില്‍ സ്ത്രീകളുടെ വസ്ത്രഭാഗങ്ങളും ലേഡീസ് ബാഗും കൊന്തയും കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റിക് ടാങ്ക് ഉള്‍പ്പെടെ പരിശോധിച്ചു. Also Read: ധര്‍മ്മസ്ഥലയില്‍ ഇന്നലെ കണ്ടെടുത്തത് നൂറിലേറെ അസ്ഥികള്‍; മരത്തില്‍ കെട്ടിയനിലയില്‍ ചുവപ്പുസാരിയും...

ബിന്ദു പദ്മനാഭനെ കാണാതായി എന്നു പറയുന്ന കാലത്താണ് ഇയാള്‍ വീടിനകത്തെ ഒരു മുറിയില്‍ ടൈല്‍ ഇളക്കിമാറ്റി ഗ്രനൈറ്റ് പാകിയത്. ഈ ഭാഗം തീര്‍ത്തും സംശയാസ്പദമാണെന്ന് ക്രൈംബ്രാഞ്ച് വിലയിരുത്തുന്നു. ആസൂത്രിതമായ കൊലപാതകങ്ങളാണ് സെബാസ്റ്റ്യന്‍ നടത്തിയതെന്ന സൂചനകളാണ് ലഭിക്കുന്നത്. ജൈനമ്മയുടെ കേസില്‍ മാത്രമാണ് സെബാസ്റ്റ്യന്‍ അല്‍പമെങ്കിലും പൊലീസിനോട് സഹകരിക്കുന്നത്. ബാക്കി സ്ത്രീകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മൗനിയായി ഇരുന്ന് പൊലീസിനെ നോക്കി ചിരിക്കുകയാണ് സെബാസ്റ്റ്യന്‍.

സ്ത്രീകളുടെ തിരോധാന കേസിൽ സീരിയൽ കില്ലർ എന്ന് സംശയിക്കുന്ന സെബാസ്റ്റ്യനുമായി ബന്ധമുള്ളവരില്‍ നിന്നും ചില വിവരങ്ങള്‍ ഇതൊടൊപ്പം പുറത്തുവരുന്നുണ്ട്. സെബാസ്റ്റ്യനെ അറിയാമെന്നും ക്രൂരനായി തോന്നിയില്ലെന്നും കാണാതായ ഐഷയുടെ അയല്‍ക്കാരി റോസമ്മ പറയുന്നു. 2016ല്‍ താന്‍ മേടിച്ച സ്ഥലം സെബാസ്റ്റ്യനും ഐഷയും ചേര്‍ന്ന് തന്നെ അറിയിക്കാതെ ജെസിബി കൊണ്ടുവന്നു തെളിച്ചു. തന്നെ അറിയിക്കാത്തതെന്തെന്ന് ചോദിച്ചപ്പോള്‍ സ്ഥലം വാങ്ങാന്‍ ആരാണ്ടോ വരുന്നുണ്ടെന്നറിഞ്ഞതുകൊണ്ടാണ് തെളിച്ചതെന്ന് ഐഷ മറുപടി നല്‍കി. അത്യാവശ്യം ബ്രോക്കര്‍ പണിയും സ്ഥലക്കച്ചവടവും നടത്തുന്നയാളാണ് സെബാസ്റ്റ്യനെന്നാണ് അവര്‍ക്ക് അറിയാവുന്നത്. എന്നാല്‍ റോസമ്മയുടെ വാക്കുകളിലും തികഞ്ഞ അവ്യക്തത തുടരുകയാണ്. സ്ഥലം വില്‍പനയ്ക്കായി സെബാസ്റ്റ്യന്‍ പലതവണ ആ പ്രദേശത്ത് വന്നുപോയി. ഇതിനിടെ സെബാസ്റ്റ്യന്‍ തന്നെ കല്യാണമാലോചിച്ചുവെന്നും റോസമ്മ. കോടതി മുഖാന്തിരവും അരമന മുഖാന്തിരവും വിവാഹമോചനം നേടിയിട്ടുണ്ടെന്നും പുളളിക്ക് കല്യാണത്തിനു തടസമില്ലെന്നും പറഞ്ഞു. റജിസ്റ്റര്‍ വിവാഹം നടത്താമെന്നും സെബാസ്റ്റ്യന്‍ ഒരു തവണ പറഞ്ഞതായി റോസമ്മ പറയുന്നു.

സെബാസ്റ്റ്യനെ കണ്ടാല്‍ ക്രൂരനാണെന്നൊന്നും തോന്നില്ലെന്നും റോസമ്മ പറയുന്നു. ഐഷയും താനും സഹോദരിമാരെപ്പോലെയായിരുന്നു, ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും ആരുമില്ല, ഒറ്റയ്ക്കാണ് താമസം ഐഷയെ കാണാതായ ദിവസം താന്‍ പള്ളിപ്പുറം പള്ളിയില്‍ കുര്‍ബാനയ്ക്ക് പോയെന്നും ഐഷയ്ക്ക് എന്തോ അബദ്ധം പറ്റിയതാകാമെന്നും റോസമ്മ മനോരമ ന്യൂസിനോട് പറഞ്ഞു. പള്ളിയില്‍ പോയിവന്നപ്പോള്‍ ഐഷയുടെ മിസ്ഡ് കോളുകള്‍ കണ്ടു, രണ്ടുമൂന്നുദിവസം തിരിച്ചുവിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഐഷ കൂടപ്പിറപ്പിനെ പോലയെന്ന് അവകാശപ്പെട്ട റോസമ്മയ്ക്ക് ഐഷയെ കാണാതായ വര്‍ഷമടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ മറുപടിയില്ല. സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ട കാര്യങ്ങളൊക്കെ ഐഷയെപ്പോലെ താനും സമ്മതിച്ചിരുന്നെങ്കില്‍ ഐഷയുടെ ഗതിതന്നെ വന്നേനെയെന്നും റോസമ്മ പറയുന്നു.

ENGLISH SUMMARY:

Who is sebastian? Four women who went missing across different time periods—aged between 40 and 55—were targeted by Sebastian. He focused on women who had family issues or were living alone. The disappearance cases currently being linked to Sebastian include Jainamma from Athirampuzha, Kottayam (missing since 2024), Bindu Padmanabhan from Kadakkarappally, Cherthala (missing since 2002), Aisha from Varanad, Cherthala (missing since 2012), and Sindhu from Vallakkunnam, Cherthala (missing since 2020).