ധർമസ്ഥലയിൽ കൂട്ട സംസ്‍കാരങ്ങൾ നടന്നുവെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള കുഴിച്ചുപരിശോധനയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തിയെന്ന് സൂചന. മുൻ ശുചീകരണ തൊഴിലാളി നേരെത്തെ ചൂണ്ടിക്കാണിച്ച പോയിന്റ് 11നു സമീപം ഉൾവനത്തിലാണ് പുതുതായി പരിശോധന നടക്കുന്നത്. അതിനിടെ പോലീസിന്റെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ചകൾ പുറത്തായി. ബെൽത്തങ്ങാടി പോലീസ് സ്റ്റേഷനിലെ ദുരൂഹ മരണങ്ങളുടെ നിർണായ രേഖകൾ നശിപ്പിച്ചതോടെ എസ്.ഐ.ടി കണ്ടെത്തുന്ന വിവരങ്ങൾ ഒത്തു നോക്കാൻ പോലും മുൻ രേഖകൾ ഇല്ലാതായി.
ഉച്ചയോടെയാണ് പുതിയ സ്ഥലത്തു അസ്ഥികൾ കണ്ടെത്തിയത്. ഉടൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ്. പി. ജിതേന്ദ്ര കുമാർ ദയാമ അടക്കമുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി തുടർ നടപടികൾക്ക് നേതൃ ത്വം നൽകി. നേരെത്തെ ശുചീകരണത്തൊഴിലാളി ചൂണ്ടിക്കാണിച്ച പോയിന്റ് 11ൽ നിന്നും 100അടി അകലെയാണ് മനുഷ്യ ശരീര ഭാഗങ്ങൾ കണ്ടെത്തിയതെന്ന് സൂചന. മുഖ്യ സാക്ഷികൂടിയായ ശുചീകരണത്തൊഴിലാളി ഇതുവരെ ചൂണ്ടി കാണിക്കാത്ത സ്ഥലമാണ് ഇത്. ഇതോടെ ഇന്ന് തിരച്ചിൽ നടക്കേണ്ടിയിരുന്ന 11 പോയിന്റിൽ തിരച്ചിൽ നടന്നില്ല.
അതിനിടെ ബെൽത്തങ്ങാടി പോലീസ് സ്റ്റേഷനിൽ 2000 മുതൽ 2025 വരെ റിപ്പോർട്ട് ചെയ്ത ദുരൂഹ മരണങ്ങളുടെയും അജ്ഞാത മൃതദേഹങ്ങളുടെയും നിർണായക വിവരങ്ങൾ നശിപ്പിച്ചന്ന് വ്യക്തമായി. എഫ്.ഐ.ആറുകൾ, പോസ്റ്റ്മോർട്ടം രേഖകൾ, മൃതദേഹങ്ങളുടെ ഫോട്ടോകൾ അടക്കമുള്ള വിവരങ്ങളാണ് നശിപ്പിക്കപ്പെട്ടത്. അപ്രധാനമായതിനാലാണ് ഇവ നശിപ്പിച്ചതെന്ന് വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടി. 2015വരെ ധർമ്മസ്ഥല ഈ സ്റ്റേഷനു കീഴിലായിരുന്നു. കൊലപാതകങ്ങൾ അട്ടിമറയ്ക്കുന്നതിന് വേണ്ടിയാണ് നീക്കം എന്നാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്.