സ്ത്രീകളുടെ തിരോധാന കേസിൽ സീരിയൽ കില്ലർ എന്നു സംശയിക്കുന്ന ആലപ്പുഴ പള്ളിപ്പുറം സെബാസ്റ്റ്യന്റെ ഉറ്റസുഹൃത്തിന്‍റെ മരണത്തിലും ദുരൂഹത. ഓട്ടോ ഡ്രൈവറായ മനോജ് 2018ലാണ് ആത്മഹത്യ ചെയ്തത്. ബിന്ദു തിരോധാന കേസിൽ മനോജിനെ ചോദ്യം ചെയ്തിരുന്നു. സെബാസ്റ്റ്യനും ബിന്ദുവും സഞ്ചരിച്ചിരുന്നത് മനോജിന്റെ ഓട്ടോയിലാണ്. ബാഗിൽ നോട്ടുമായി പോയതിലും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനെത്തേണ്ട ദിവസമാണ് മനോജ് തൂങ്ങിമരിച്ചത്. മനോജിന്റെ മരണത്തിൽ കാര്യമായ അന്വേഷണം നടന്നില്ല. മനോജ് ഓട്ടോയിൽ കൊണ്ടുപോയ പണം ആരുടേതാണെന്നും അന്വേഷിച്ചില്ല.
സെബാസ്റ്റ്യന്റെ വീട്ടിൽ കണ്ടെത്തിയ തെളിവുകൾ കേസന്വേഷണത്തിൽ നിർണായകമാകും. കുഴിച്ചപ്പോൾ ലഭിച്ച എട്ട് എല്ലിന്റെ ഭാഗങ്ങൾ, കുളം വൃത്തിയാക്കിയപ്പോൾ ലഭിച്ച ബാഗ്, വസ്ത്രം അവശിഷ്ടങ്ങൾ എന്നിവ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കുളിമുറിയുടെ ഭിത്തിയിൽ നിന്ന് രക്തക്കറ കണ്ടെത്തി. രക്തക്കറ മായ്ക്കാൻ ശ്രമിച്ച സ്ക്രബറും കിട്ടി. 7 മണിക്കൂറോളം നീണ്ട പരിശോധനയും തിരച്ചിലുമാണ് പള്ളിപ്പുറത്ത് അന്വേഷണ സംഘം നടത്തിയത്.
ലഭിച്ച വസ്തുക്കൾ അന്വേഷണത്തിൽ നിർണായകമാകും എന്ന സൂചനയാണ് അന്വേഷണ സംഘം നൽകുന്നത്. രണ്ടു ദിവസത്തിനുള്ളിൽ സെബാസ്റ്റ്യൻ്റെ കസ്റ്റഡി കാലാവധി പൂർത്തിയാകും അതിനുള്ളിൽ പരമാവധി വിവരങ്ങൾ ശേഖരിക്കുക എന്നതാണ് അന്വേഷണ സംഘം ലക്ഷ്യം വയ്ക്കുന്നത്
ജൈനമ്മയുടെ തിരോധാന കേസിലാണ് സെബാസ്റ്റ്യൻ അറസ്റ്റിലായെങ്കിലും ബിന്ദു പദ്മനാഭൻ, ഐഷ എന്നിവരുടെ തിരോധാനത്തിൽ ഇയാൾക്ക് പങ്കുണ്ടെന്ന വിലയിരുത്തൽ അന്വേഷണ സംഘത്തിനുണ്ട്. അതിന് പിൻബലമേകുന്ന തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.