സിനിമയിൽ ജാനകി.വി സർക്കാരിനെതിരെ നിയമ പോരാട്ടം നടത്തി ജയിച്ചോ ഇല്ലയോ എന്നത് അവിടെ നിൽക്കട്ടെ. ഒറിജിനൽ കേസിൽ ജാനകി തന്നെയാണ് ജയിച്ചത്. അതും കേരള സർക്കാരിനെതിരെ തന്നെ. 14 വർഷം നീണ്ട നിയമപോരാട്ടത്തിലാണ് സർക്കാരിനെ എടുത്തിട്ടടിച്ച് ഹൈക്കോടതിയിൽ ജാനകി ജയിച്ചത്.
ആരാണ് ജാനകി ? എന്താണ് ജാനകിക്കെതിരെയുള്ള കേസ് ?
കോഴിക്കോട് പൂളക്കോട് സ്വദേശിയാണ് ജാനകി. 2008 മെയ് 13ന് 3 ലിറ്റർ ചാരായം കടത്തിയെന്നാണ് ജാനകിക്കെതിരെയുള്ള കേസ്. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ, എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് ചാരായവുമായി ജാനകിയെ പിടികൂടിയത്. 2011 ൽ കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതി ജാനകിയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും, ശിക്ഷിക്കുകയും ചെയ്തു. ഒരു വർഷം തടവും, ഒരു ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. ഇതിനെതിരെയാണ് ജാനകി ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
2008 മെയ് 13 നാണ് കേസിനാസ്പദമായ സംഭവം നടന്നതെങ്കിലും അന്തിമ റിപ്പോർട്ട് സമർപ്പിച്ചത് 2010 മെയ് മാസത്തിൽ മാത്രമാണ്. ഈ കാലതാമസത്തിന് കൃത്യമായ വിശദീകരണം എക്സൈസ് നൽകിയിട്ടില്ലെന്ന് ജാനകി വാദിച്ചു. തൊണ്ടിമുതൽ കോടതിയിൽ സമർപ്പിച്ച തീയതിയിൽ വൈരുദ്ധ്യമുണ്ടെന്നും അപ്പീലിൽ ജാനകി ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ ഹൈക്കോടതി അംഗീകരിച്ചു.
പ്രോസിക്യൂഷൻ തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണ കോടതിക്ക് വീഴ്ച സംഭവിച്ചതായി ഹൈക്കോടതി കണ്ടെത്തി. ഇത്തരം സാഹചര്യങ്ങളിൽ ശിക്ഷാവിധി നിലനിൽക്കില്ല. അങ്ങനെ ജാനകിക്കെതിരെയുള്ള വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി റദ്ദാക്കി. പിഴത്തുക അടച്ചിട്ടുണ്ടെങ്കിൽ അത് തിരികെ നൽകാനും കോടതി നിർദ്ദേശിച്ചു. ഇങ്ങനെയാണ് ഈ ജാനകിക്ക് മുന്നിൽ സ്റ്റേറ്റ് ഓഫ് കേരളക്ക് അടിതെറ്റിയത്.