സൂരജ് ലാമയുടെ തിരോധാനത്തിൽ കളമശ്ശേരി മെഡിക്കൽ കോളജിനെതിരെ മകൻ സാന്റൻ ലാമ. മാനസിക വെല്ലുവിളി നേരിടുന്ന പിതാവിനെ പോകാൻ അനുവദിച്ചത് ഗുരുതര വീഴ്ച്ചയെന്ന് സാന്റൻ ആരോപിച്ചു. പൊലീസിന്റെ മൂക്കിന്റെ തുമ്പത്ത് നിന്നാണ് സൂരജ് ലാമയുടെതെന്ന് സംശയിക്കുന്ന മൃതദേഹം ലഭിച്ചതെന്നും, ഇത്തരം ഒഴിഞ്ഞ സ്ഥലങ്ങളില്‍ എത്ര മൃതശരീരങ്ങള്‍ കിടപ്പുണ്ടാകുമെന്നും ഹൈക്കോടതി വിമർശിച്ചു.
സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ഇന്നലെയാണ് കളമശ്ശേരി എച്ച്എംടിക്കെതിർവശത്തെ ചതുപ്പിൽ നിന്നും ലഭിച്ചത്. ഇക്കാര്യം പൊലീസ് അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയോടെ മകൻ സാൻ്റൻ ലാമ കൊച്ചിയിൽ എത്തി. കളമശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി വിശദാംശങ്ങളറിഞ്ഞ ശേഷമാണ് മെഡിക്കൽ കോളജിനെതിരെ ഗുരുതര ആരോപണങ്ങൾ സാൻ്റ ലാമ ഉന്നയിച്ചത്.
സൂരജ് ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായും, പരിശോധനകൾ നടക്കുന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശിച്ച ഹൈക്കോടതി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. ജുഡീഷൽ സിറ്റി വരാൻ പോകുന്ന സ്ഥലത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. നഗരത്തിൽ ഇങ്ങനെ നിരീക്ഷണമില്ലാതെ എങ്ങനെ സ്ഥലം വെക്കുന്നു എന്ന് കോടതി ചോദിച്ചു. നാളെ ആരെങ്കിലും ഒരാളെ കൊന്ന് ഇവിടെ കൊണ്ടിട്ടാൽ എന്ത് പറയും ? എത്ര മൃതശരീരങ്ങൾ അവിടെ കിടക്കുന്നുണ്ടാകും ? പൊലീസിൻ്റെ മൂക്കിൻ്റെ തുമ്പത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. കിട്ടിയ മൃതദേഹം സൂരജ് ലാമയുടേത് അല്ലെങ്കിൽ ആരുടേതാണെന്ന് അറിയണം. ഇക്കാര്യത്തിൽ പൊലീസ് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും വിഷയം വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിക്കൊണ്ട് കോടതി പറഞ്ഞു. ഇന്നലെ ലഭിച്ച മൃതദേഹം തിരിച്ചറിയാൻ മകന് സാധിക്കാത്തതിനാൽ ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെയും, ഹൈദരാബാദിലെയും ലാബിലായിരിക്കും പരിശോധന നടത്തുക