വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ള എസ്എൻഡിപി യോഗത്തിന്റെ നിലവിലെ ഭരണസമിതിയെ ഹൈക്കോടതി അയോഗ്യരാക്കി. കമ്പനി നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ചിന്റെ നിർണായക ഉത്തരവ്. ഭരണനിർവഹണത്തിനായി താൽക്കാലിക ബോർഡ് ഓഫ് ഡയറക്ടർ രൂപീകരിക്കാൻ സർക്കാരിന് കോടതി നിർദ്ദേശം നൽകി.
എസ്എൻഡിപി യോഗത്തിന്റെ ഭരണം അഡ്മിനിസ്ട്രേറ്ററെയോ റിസീവറെയോ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ. സാനു ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണ് നടപടി. കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്ത എസ്എൻഡിപി യോഗം, 2006-ന് ശേഷം വാർഷിക റിട്ടേണും ഫിനാൻഷ്യൽ സ്റ്റേറ്റ്‌മെന്റും സമർപ്പിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഈ സാഹചര്യത്തിൽ നിലവിലെ ബോർഡ് ഓഫ് ഡയറക്ടർ അംഗങ്ങളെ അയോഗ്യരാക്കണമെന്ന ഹർജിക്കാരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഇതോടെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് എന്നിവർ അയോഗ്യരായി. വിഷയത്തിൽ രജിസ്‌ട്രേഷൻ ഐജി തുടർനടപടികൾ സ്വീകരിക്കണം. അടുത്ത തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ സർക്കാർ നിയോഗിക്കുന്ന താൽക്കാലിക ബോർഡിന് ഭരണ ചുമതലയുണ്ടാകും.
മുപ്പത് വർഷമായി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുന്ന വെള്ളാപ്പള്ളി നടേശന് കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവ്. അതേസമയം, തുടർനടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. നടപടി നേരത്തെ ഉണ്ടാകേണ്ടതായിരുന്നുവെന്നും വെള്ളാപ്പള്ളിയിൽ നിന്ന് എസ്എൻഡിപിയെ മോചിപ്പിക്കാനുള്ള അവസരമാണിതെന്നും മുൻ പ്രസിഡന്റ് സി.കെ. വിദ്യാസാഗർ പറഞ്ഞു.