Image Credit: Fcebook.com/navas.kalabhavan.1
കലാഭവന്‍ നവാസിന്‍റെ അകാല വിയോഗത്തിന്‍റെ ഞെട്ടല്‍ ഇന്നും സിനിമാലോകത്തെ വിട്ടുമാറിയിട്ടില്ല. വെള്ളിയാഴ്ച ചോറ്റാനിക്കരയിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ താരത്തിന്റെ മൃതദേഹം ശനിയാഴ്ച ആലുവ ടൗൺ ജുമാമസ്ജിദില്‍ കബറടക്കിയിരുന്നു. ഹൃദയാഘാതമാണ് നവാസിന്‍റെ പെട്ടന്നുള്ള വേര്‍പാടിന് കാരണം. ഹോട്ടല്‍ മുറി ചെക്ക്ഔട്ട് ചെയ്ത് വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു നവാസ് കുഴഞ്ഞുവീണത്.
Also Read: അത് നെഞ്ചെരിച്ചിൽ അല്ലെന്ന് ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കി; ഡോക്ടറെ കാണുന്നത് വൈകിപ്പിച്ചു; പിന്നാലെ
ഈ അവസരത്തില്‍ നവാസിന്‍റെ പഴയ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. മനുഷ്യന്‍റെ നിസ്സഹായവസ്ഥയെ പറ്റി ഒരു അഭിമുഖത്തില്‍ നവാസ് സംസാരിക്കുന്ന വിഡിയോ പലരും പങ്കുവച്ചു. വാക്കുകള്‍ ഇങ്ങനെ:
'ഇപ്പോ ഇവിടെ ഇരിക്കുന്നുണ്ട്, നാളെ ഇവിടെയുണ്ടാകുമോ എന്നറിയില്ല. ഈ നിമിഷം ഞാന്‍ എന്‍റെ വീട്ടിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാത്തത്ര നിസ്സഹായകരമാണ് മനുഷ്യര്‍. അതിനൊക്കെയുള്ള അവസരമേ തന്നിട്ടുള്ളൂ. നമ്മളൊരു പവറില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ നേരം വെളുത്താല്‍ വെളുത്തു എന്ന് പറയാം, ബാക്കി ഒന്നും നമ്മുടെ കണ്‍ട്രോളിലല്ല. ഇപ്പോള്‍ നമ്മള്‍ തമ്മില്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ തിരിച്ച് വീടെത്തുമോ എന്ന് യാതൊരു ഉറപ്പുമില്ല. നമുക്ക് ഇന്ന് കാണാം എന്ന് ഇന്നലെ പറഞ്ഞു. ഇന്ന് കാണാമെന്ന് യാതൊരു ഗ്യാരണ്ടിയുമില്ല. അത്രയെ ഉള്ളൂ നമ്മള്‍'.
വെള്ളിയാഴ്ചയിലെ ഷൂട്ട് കഴിഞ്ഞ് നവാസിന് 3-4 ദിവസത്തെ അവധിയുണ്ടായിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ച നവാസ് മുറിയില്‍ ഫ്രഷ് ആകാന്‍ എത്തിയതായിരുന്നു. ഇതിനിടെ ഹൃദയാഘാതമുണ്ടായി കുഴഞ്ഞു വീഴുകയായിരുന്നു. സമയം വൈകിയിട്ടും ആളെ കാണാത്തതിനാല്‍ ഹോട്ടല്‍ ജീവനക്കാരന്‍ ചെന്ന് നോക്കിയപ്പോഴാണ് നവാസ് മുറിയില്‍ വീണു കിടക്കുന്നത് കണ്ടത്. വാതില്‍ ലോക്ക് ചെയ്തിരുന്നില്ല. ആശുപത്രിയിലെത്തിക്കുമ്പോള്‍ നവാസിന് ജീവനുണ്ടായിരുന്നുവെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞിരുന്നു.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നവാസിന് മുന്‍പും ഹൃദയാഘാതമുണ്ടായതിന്‍റെ ലക്ഷണം കണ്ടെത്തിയിരുന്നു. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ഹൃദയാഘാതമുണ്ടായെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ സൂചന. നെഞ്ചുവേദന വന്ന് ഹോട്ടല്‍ മുറിക്ക് പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെയാണ് നവാസ് കുഴഞ്ഞുവീണതെന്നാണ് നിഗമനം. ഹോട്ടല്‍ മുറിയുടെ വാതിലിനോട് ചേര്‍ന്നാണ് നവാസ് വീണ് കിടന്നിരുന്നത്.