Image Credit: Facebook.com/navas.kalabhavan.1
ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന് അന്നു രാവിലെ നെഞ്ചെരിച്ചില്‍ അനുഭവപ്പെട്ടിരുന്നു. കുടുംബ ഡോക്ടറെ വിളിച്ച് കാര്യം തിരിക്കിയെങ്കിലും ആശുപത്രിയിൽ പോകുന്നത് ഒരു ദിവസം നീട്ടിവയ്ക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഷൂട്ടിങ് ലോക്കേഷനില്‍ നിന്നും ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തിയ സമയത്താണ് നവാസിന് ഹൃദയാഘാതം ഉണ്ടാകുന്നതും മരണം സംഭവിക്കുന്നതും.
‘പ്രകമ്പനം’ സിനിമയുടെ ചോറ്റാനിക്കരയിലെ ലൊക്കേഷനിലായിരുന്നു 26 മുതൽ നവാസ്. ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂളിന്റെ അവസാന ദിവസമായിരുന്നു വെള്ളിയാഴ്ച. രാവിലെ നെഞ്ചരിച്ചിലുണ്ടായ വിവരം നവാസ് ഭാര്യാപിതാവിനെ ഫോൺ ചെയ്ത് അറിയിച്ചു. അദ്ദേഹം പറഞ്ഞത് അനുസരിച്ച് കുടുംബ ഡോക്ടർ അഹമ്മദ് കാരോത്തുകുഴിയുമായി ബന്ധപ്പെട്ടു.
ഡോക്ടറെ ഫോണില്‍ വിളിച്ച നവാസ് ഗ്യാസിന്റെ പ്രശ്നം ആയിരിക്കുമോ എന്ന സംശയം ചോദിച്ചു. വിവരം ചോദിച്ചറിഞ്ഞ ഡോക്ടര്‍ നെഞ്ചെരിച്ചല്‍ അല്ലെന്നും ഉടന്‍ ആശുപത്രിയില്‍ എത്തണമെന്നും പറഞ്ഞു. ഇസിജി എടുത്തു തനിക്ക് അയയ്ക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഇതു രണ്ടും ചെയ്യാതെ നവാസ് ഷൂട്ടിങിന് പോവുകയായിരുന്നു. വെള്ളിയാഴ്ചയിലെ ഷൂട്ട് കഴിഞ്ഞ് നവാസിന് 3-4 ദിവസത്തെ അവധിയുണ്ടായിരുന്നു. വീട്ടിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതിനാലാകാം പിറ്റേന്നു ഡോക്ടറെ കാണാം എന്ന് കരുതിയത്.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ നവാസിന് മുന്‍പും ഹൃദയാഘാതമുണ്ടായതിന്‍റെ ലക്ഷണം കണ്ടെത്തിയിരുന്നു. നവാസിന് വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ ദയാഘാതമുണ്ടായെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ സൂചന. നെഞ്ചുവേദന വന്ന് ഹോട്ടല്‍ മുറിക്ക് പുറത്തേക്കിറങ്ങി ആരുടെയെങ്കിലും സഹായം തേടാന്‍ ശ്രമിക്കുന്നതിനിടെയാണ് നവാസ് കുഴഞ്ഞുവീണതെന്നാണ് നിഗമനം. ഹോട്ടല്‍ മുറിയുടെ വാതിലിനോട് ചേര്‍ന്നാണ് നവാസ് വീണ് കിടന്നിരുന്നത് വാതില്‍ ലോക്ക് ചെയ്തിരുന്നില്ല. വീഴ്ചയുടെ ആഘാതത്തില്‍ നവാസിന്‍റെ തലയിലും മുറിവുണ്ടായി.