അമേരിക്കയിലെ സുന്ദരി ഇങ്ങ് കേരളത്തിലുണ്ട്. മിസ്സിസ് യുഎസ്എ കീരിടങ്ങൾ ചൂടിയ തിരുവല്ല സ്വദേശിനി സ്മിത ഭാസി സഞ്ജീവിനെ പരിചയപ്പെടാം. മൂന്ന് മക്കളുടെ അമ്മയായ സ്മിത കഴിഞ്ഞ രണ്ടു വർഷത്തിനിടെ ചൂടിയത് നാല് സൗന്ദര്യ കിരീടങ്ങളാണ്.
15 വർഷങ്ങൾക്കു മുൻപ് നോർത്ത് കരോലൈനയിൽ താമസം തുടങ്ങിയതാണ് സോഫ്റ്റ്‌വെയർ എൻജിനീയർ സ്മിതയും കുടുംബവും. ഒരു ചെയ്ഞ്ച് വേണമെന്ന ആലോചന. സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നോ എന്ന സുഹൃത്തിൻ്റെ ചോദ്യവും ഇതേ സമയത്താണ്. ഐടി കൺസൾട്ടണ്ടായ ജീവിതപങ്കാളി സഞ്ജീവ് നായരുടെയും സ്കൂൾ വിദ്യാർഥികളായ മൂന്ന് മക്കളുടെയും കട്ട സപ്പോർട്ട് കൂടിയായപ്പോൾ സൗന്ദര്യമത്സര രംഗത്തിറങ്ങി.
റാമ്പ് വാക്കിലോ സൗന്ദര്യമത്സരത്തിലോ മുൻപരിചയം ഇല്ലാതിരുന്ന സ്മിതയ്ക്ക് പ്രതിസന്ധികൾ ഒരുപാടുണ്ടായിരുന്നു. എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിട്ടു വിജയ കിരീടമണിഞ്ഞു. മിസ്സിസ് യുഎസ്എ എടിഎ നോർത്ത് കരോലൈന കിരീടം നേടിയാണ് സ്മിത സൗന്ദര്യമത്സരങ്ങളിൽ ചുവടുറപ്പിച്ചത്. രണ്ടു വർഷത്തിനിടെ മിസ്സിസ് എടിഎ നാഷണൽസ്, മിസ്സിസ് യുഎസ്എ യൂണിവേഴ്സ് സൗത്ത് കരോലൈന, മിസ്സിസ് ഇൻ്റർനാഷണൽ ദിവ കിരീടങ്ങൾ തേടിവന്നു. ഈ നേട്ടം കേരളത്തിലെ എല്ലാ അമ്മമാർക്കുമുള്ള പ്രചോദനം കൂടിയാണെന്ന് സ്മിത. മൂന്ന് ആഴ്ചത്തെ അവധിക്കായി നാട്ടിൽ വന്നതാണ് സ്മിതയും കുടുംബവും. നർത്തകി കൂടിയായ സ്മിത കൂടുതൽ കിരീടങ്ങൾ ലക്ഷ്യമിട്ടാണ് ഇത്തവണ പറക്കുന്നത്