തടവുകാരന്‍ ജയില്‍ ചാടാന്‍ പലകാരണങ്ങള്‍ ക്രിമിനല്‍ സൈക്കോളജിയില്‍ പറയുന്നുണ്ട്. അതില്‍ പലതും ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തെയും സ്വാധീനിച്ചിട്ടുണ്ട്. അത്തരം ഘടകങ്ങളെയെല്ലാം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ വിയ്യൂരിലുണ്ടോ? ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടത്തിന് മാസങ്ങള്‍ നീണ്ട ആസൂത്രണമുണ്ടായിരുന്നു. ജയില്‍ അധികൃതര്‍ക്ക് കണ്ണൂരിലുണ്ടായ വലിയ പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിയ്യൂരില്‍ എന്തൊക്കെ മുന്‍കരുതലുകളാണ് ഉള്ളത്?
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോള്‍ വിയ്യൂരിലെ അതീവ സുരക്ഷാ ജയില്‍ എന്തെന്ന് അറിയേണ്ടിയിരിക്കുന്നു. മധ്യകേരളത്തില്‍ 17 ജയിലുകളാണുള്ളത്. ഇതില്‍ ഏറ്റവും വലുതും പ്രധാനപ്പെട്ടതുമാണ് വിയൂര്‍ സെന്‍ട്രല്‍ ജയില്‍ . 600 തടവുകാരെ പാർപ്പിക്കാനാണ് ഇവിടെ സൗകര്യമുള്ളത് . ഇപ്പോള്‍ ഇവിടെയുള്ളതാകട്ടെ 1150 തടവുകാരും. ശേഷിയുടെ ഏതാണ്ട് രണ്ടിരട്ടി . ആറു തടവുകാർക്ക് ഒരു ഉദ്യോഗസ്ഥൻ എന്നതാണ് ആനുപാതം. അങ്ങനെയെങ്കില്‍ 191 ഉദ്യോഗസ്ഥർ വേണം. നിലവില്‍ ജയിലില്‍ അത്രയും ഉദ്യോഗസ്ഥര്‍ ഇല്ല എന്നതാണ് യാഥാര്‍ഥ്യം.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലല്ല അതീവ സുരക്ഷാ ജയില്‍. വിയൂര്‍ സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഒന്‍പതര ഏക്കറിലാണ് ഹൈ സെക്യൂരിറ്റി പ്രിസണ്‍ സജജമാക്കിയട്ടുള്ളത്. ചുറ്റും 730 മീറ്റർ മതിൽ. അതില്‍ 10 അടി ഉയരത്തിൽ വൈദ്യുത വേലി. മതിൽക്കെട്ടിനകത്ത് 4 ബ്ലോക്കുകളിലായി 44 സെല്ലുകൾ. സെല്ലുകളുടെ ഉയരം 4.2 മീറ്റർ. ബയോമെട്രിക് പഞ്ചിങ് നടത്തിയാണ് കുറ്റവാളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നത്. അതീവ സുരക്ഷാ ജയിലില്‍ 535 പേരെ പാർപ്പിക്കാനുള്ള സൗകര്യങ്ങളുണ്ട് . ഇപ്പോഴുള്ളത് 235 പേര്‍ മാത്രം . മതിയായ ജീവനക്കാരില്ലാത്തതിനാലാണ് തടവുകാരുടെ എണ്ണത്തില്‍ കുറവുവരുത്തിയത് .
ഒരോ സെല്ലിലും പാര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങേണ്ടതില്ല. ആശുപത്രി സേവനങ്ങളും, തടവുകാരെ പുറത്തിറക്കാതെ വിചാരണ നടത്തുന്നതിനുള്ള വിഡിയോ കോൺഫറൻസിങ് സംവിധാനവും ജയിലിലുണ്ട്. ഓരോ സെല്ലിലും അഗ്നി രക്ഷാ സംവിധാനവും സിസിടിവി ക്യാമറയും. 250 ൽ പരം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ ഒരേസമയം കണ്‍ട്രോള്‍ റൂമിൽ നിരീക്ഷിക്കും. 15 മീറ്റർ ഉയരമുള്ള 4 വാച്ച് ടവറുകളിൽ നൈറ്റ് വിഷൻ ബൈനോക്കുലർ, ഹൈ ബീം സെർച്ച് ലൈറ്റ്. ഒപ്പം വോക്കി ടോക്കിയുമായി 24 മണിക്കൂറും ആയുധധാരികളായ ഗാർഡുകളുടെ നിരീക്ഷണവും. ആറു തടവുകാർക്ക് ഒരു ഉദ്യോഗസ്ഥൻ എന്നതാണ് ആനുപാതം. പക്ഷേ ഈ അനുപാതം ഉറപ്പിക്കാനുള്ള ജീവനക്കാര്‍ ഇപ്പോള്‍ ഇല്ല . അറുപത് പേര്‍ മാത്രമാണ് ഇപ്പോള്‍ ഡ്യൂട്ടിക്കുള്ളത്.
കര്‍ശന സുരക്ഷയുള്ള ജയിലില്‍ സുപ്രണ്ടിന്‍റെ മുറിക്കടുത്താണ് ഗോവിന്ദചാമിക്കൊരുക്കിയിട്ടുള്ള സെല്‍. കൂട്ടായി ഒരു തടവുകാരനും സെല്ലിലുണ്ട് . ഇവിടെ സുരക്ഷയുടെ കാര്യത്തില്‍ ഒരുവിട്ടുവീഴ്ചയുമുണ്ടാകില്ലെന്ന് ചുരുക്കം. ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പല കാരണങ്ങളുണ്ടെന്ന് ആദ്യം സൂചിപ്പിച്ചിരുന്നല്ലോ. അതിലൊന്ന് പല കൊടുംതടവുകാർക്കും കണ്ണൂര്‍ ജയിലില്‍ നിന്ന് പരോൾ നൽകിയതും അവിടെ അവര്‍ക്കായി പല തരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയതുമാണ്. വിയ്യൂരിലെ ഹൈസെക്യൂരിറ്റി പ്രിസണല്‍ അത്തരമൊരു സാഹചര്യമല്ലെന്ന് ഉറപ്പിക്കേണ്ടിയിരിക്കുന്നു. കണ്ണൂരിലേതിനേക്കാള്‍ തടവ് കുറച്ചുകൂടി കഠിനാകുമ്പോള്‍ ഗോവിന്ദചാമി എങ്ങിനെ പ്രതികരിക്കുമെന്ന് അധികൃതര്‍ ഉറ്റുനോക്കുന്നുണ്ട് . കണ്ണൂര്‍ ആവര്‍ത്തിക്കാന്‍ ഇവിടെയും അയാള്‍ ശ്രമിക്കുമോ ? അഥവാ അങ്ങനെ ശ്രമിച്ചാല്‍ എന്താകും ഫലം. എന്തായാലും അത് ജയില്‍ വകുപ്പിന്‍റെ കാര്യക്ഷമതയുടെ മാറ്റുരയ്ക്കലാകുമെന്ന് ഉറപ്പ്.