വിയ്യൂർ അതിസുരക്ഷാ ജയിലിലെ 165 സിസിടിവി ക്യാമറകളിൽ പ്രവർത്തനക്ഷമമായത് ഒരെണ്ണം മാത്രം. കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ജയിൽ സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജയിലിൽ മർദനമേറ്റ എൻഐഎ കേസ് പ്രതികളെ നേരിട്ട് ഹാജരാക്കാത്തതിൽ ജയിൽ സൂപ്രണ്ടിനെ കോടതി രൂക്ഷമായി വിമർശിച്ചു.
2019 ൽ വിയ്യൂർ അതീവ സുരക്ഷ ജയിലിൽ സ്ഥാപിച്ചത് 165 നിരീക്ഷണ ക്യാമറകൾ. അഞ്ചുവർഷത്തെ വാറൻ്റിയിൽ സ്ഥാപിച്ച ഈ ക്യാമറകളിൽ ഒരെണ്ണമൊഴികെ 164ഉം കണ്ണടച്ചുവെന്നാണ് ജയിൽ സൂപ്രണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ എൻഐഎ കേസിലെ പ്രതികൾക്ക് മർദനമേറ്റെന്ന പരാതിയുമായി ബന്ധപ്പെട്ടാണ് റിപ്പോർട്ട്. ക്യാമറകൾ പുനഃസ്ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇതിന് പുറമെ കേന്ദ്ര പദ്ധതിയിൽ ഉൾപ്പെടുത്തി 176 സിസിടിവി ക്യാമറകൾ കൂടി സ്ഥാപിക്കാനുള്ള കാര്യങ്ങളും നടന്നു വരികയാണെന്നും റിപ്പോർട്ടിലുണ്ട്.
ജയിലിൽ മർദ്ദനമേറ്റ തൃശൂർ സ്വദേശി പി.എം.മനോജ്, തമിഴ്നാട്ടുകാരൻ അസറുദ്ദീൻ എന്നിവരെ നേരിട്ട് ഹാജരാക്കാനായിരുന്നു നിർദേശം. ജയിലിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളും ഹാജരാക്കാൻ നിർദേശിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തതിനാൽ മർദനമേറ്റ മനോജിനെ ഹാജരാക്കാൻ സാധിക്കില്ല എന്നാണ് ഇന്ന് അധികൃതർ അറിയിച്ചത്. ഇക്കാര്യത്തിൽ വിമർശനമുന്നയിച്ച കോടതി ഈ മാസം 24ന് ജയിൽ സൂപ്രണ്ട് നേരിട്ട് എത്തി വിശദീകരണം നൽകണമെന്നും നിർദേശിച്ചു.
മനോജിനെ വിയ്യൂരിൽ നിന്നും പൂജപ്പുര ജയിലിലേക്ക് മാറ്റിയതിലും വിശദീകരണം നൽകണം. മനോജിനെ നേരിട്ട് ഹാജരാക്കാൻ പൂജപ്പുര ജയിൽ സൂപ്രണ്ടിനും, മെഡിക്കൽ രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂഷനും നിർദ്ദേശമുണ്ട്. മനോജിന് ജയിലിൽ ക്രൂരമർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നെന്ന് ആശുപത്രിയിൽ കാണാൻ എത്തിയ സിഎംപി നേതാവ് സി.പി.ജോൺ പ്രതികരിച്ചു. നിലവിൽ നിരാഹാര സമരത്തിലുള്ള മനോജിനെ നേരിട്ട് കണ്ട് റിപ്പോർട്ട് നൽകാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്കും എൻ.ഐ.എ കോടതി നിർദേശം നൽകി.