ആലുവയിൽ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതി അഷ്ഫാക്ക് ആലത്തിന് ജയിലിലെ സംഘർഷത്തിൽ പരുക്ക്. സഹതടവുകാരനുമായുണ്ടായ തമ്മില്‍തല്ലിലാണ് പരുക്കേറ്റത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലായിരുന്നു സംഭവം. അഷ്ഫാക്കിന്റെ പരാതിയില്‍ വിയ്യൂര്‍ പൊലീസ് കേസെ‌ടുത്തു. സഹതടവുകാരൻ രഹിലാൽ സ്പൂൺ ഉപയോഗിച്ച് തലയിൽ അടിക്കുകയായിരുന്നു. തലക്ക് മുറിവേറ്റ അഷ്ഫാക്കിന് ചികില്‍സ നല്‍കി. ഇരുവരേയും വ്യത്യസ്ത സെല്ലുകളിലേക്ക് മാറ്റിയിട്ടുണ്ട്.

ആലുവയില്‍ അഞ്ചുവയസുകാരിയെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസില്‍ ശിക്ഷ അനുഭവിക്കുകയാണ് അഷ്ഫാക്ക് ആലം. 2023നായിരുന്നു കേസിന് ആസ്പദമായ സംഭവം. ആലുവയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകള്‍ അഞ്ചുവയസുകാരിയെയാണ് ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കുട്ടിയെ കാണാനില്ലെന്ന അന്വേഷണത്തിനൊടുവില്‍ ആലുവ മാര്‍ക്കറ്റില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകളും. ശരീരത്തില്‍ ആകമാനം മുറിവുകളുമുണ്ടായിരുന്നു. കഴുത്തില്‍ കറുത്ത ചരട് മുറുക്കിയ നിലയിലായിരുന്നു മൃതദേഹം.

കേസില്‍ തൂക്കുകയറാണ് കോടതി പ്രതിക്ക് വിധിച്ചത്. വധശിക്ഷയ്ക്ക് പുറമെ 5 ജീവപര്യന്തവും അനുഭവിക്കണം. എറണാകുളം പ്രത്യേക പോക്സോ കോടതിയാണ് ശിശു ദിനത്തില്‍ ശിക്ഷ വിധിച്ചത്. ബലാല്‍സംഗം, പ്രകൃതിവിരുദ്ധ പീഡനം, കുട്ടിയെ ബലാല്‍സംഗം ചെയ്യല്‍, പലതവണയുള്ള ബലാല്‍സംഗം, പീഡനത്തിടെ ലൈംഗികാവയങ്ങള്‍ക്ക് പരുക്കേല്‍പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ജീവപര്യന്തം.

ENGLISH SUMMARY:

Ashfaq Alam, the accused in the Aluva rape and murder case, sustained injuries in a prison brawl. The incident occurred at Viyyur Central Jail, and police have registered a case following Ashfaq's complaint.