സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വൈറലായ ഒരു വിഡിയോ ആയിരുന്നു. പിതാവിനെ മകനും മരുമകളും ചേർന്ന് തല്ലിച്ചതയ്ക്കുന്നത്. അടൂർ പറക്കോട് താളിയാട്ട് കോണത്ത് വീട്ടിൽ തങ്കപ്പനെയാണ് മകൻ സിജു, ഭാര്യ സൗമ്യ എന്നിവർ ചേർന്ന് മർദിച്ചത്. തങ്കപ്പൻ മറ്റൊരു വീട്ടിലാണ് താമസം. മകന്‍റെ വീട്ടിലെത്തിയപ്പോഴാണ് മകനും മരുമകളും അസഭ്യം പറയുകയും മർദിക്കുകയും ചെയ്തത്. പിതാവ് വീട്ടിൽ വരുന്നത് ഇഷ്ടമില്ലാത്തതിനാൽ ഇരുവരും ചേർന്ന് മർദിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്.
തങ്കപ്പനെ ആദ്യം സിജു പൈപ്പു കൊണ്ടും പിന്നീട് ഭാര്യ സൗമ്യ വടികൊണ്ടും ക്രൂരമായി തല്ലുന്നത് ദൃശ്യങ്ങളിൽ കാണാം. മർദനത്തിന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് ശ്രദ്ധയിൽപെട്ട പൊലീസ് തങ്കപ്പന്‍റെ മൊഴിപ്രകാരം കേസെടുക്കുകയായിരുന്നു. തങ്കപ്പൻ മദ്യപാനിയാണെന്നും ഇതിനെ തുടർന്നു കുടുംബപ്രശ്നങ്ങളുണ്ടായതായും മകന്‍റെയും മരുമകളുടെയും മൊഴിയിലുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇപ്പോഴിതാ വിഷയത്തില്‍ കൂടുതൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മകനും മരുമകളും. എന്നെ മോളായി സ്നേഹിച്ചല്ല, എന്നും മദ്യപാനം, തെറി, സഹികെട്ടിട്ടാ തല്ലിയത് എന്നാണ് മരുമകള്‍ പറയുന്നത്. എന്നും വീട്ടില്‍ ഉപദ്രവമായിരുന്നെന്നും സഹിക്കാവുന്നതിനും അപ്പുറമായപ്പോള്‍ ചെയ്തതാണെന്നും വിഡിയോ പ്രചരിച്ചതോടെ പുറത്ത് ഇറങ്ങാനാവുന്നില്ലെന്നും മരുമകള്‍ പറയുന്നു.