AI Image
അടുക്കളയിലേക്കുള്ള ഡിഷ് വാഷര്‍ തന്നോട് ചോദിക്കാതെ ഭാര്യ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തതില്‍ പ്രകോപിതനായി ഭര്‍ത്താവ് വീട് അടിച്ചു തകര്‍ത്തു. തെക്കന്‍ ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലാണ് സംഭവം. ഭര്‍ത്താവ് വീട് തല്ലിത്തകര്‍ക്കുന്നതിന്‍റെ വിഡിയോ യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ജനുവരി എട്ടിനാണ് 1500 യുവാന്‍ (215 ഡോളര്‍) വില വരുന്ന ഡിഷ് വാഷര്‍ യുവതി ഓണ്‍ലൈനായി വാങ്ങിയത്. അതിശൈത്യമായതിനാല്‍ പാത്രം കഴുകി കൈ വല്ലാതെ മരവിക്കുകയും വേദനിക്കുകയും ചെയ്യുന്നുവെന്നും പാത്രം കഴുകി സഹായിക്കുകയോ അല്ലെങ്കില്‍ ഡിഷ് വാഷര്‍ വാങ്ങിത്തരികയോ വേണമെന്നും യുവതി ആവശ്യപ്പെട്ടുവെന്ന് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഭര്‍ത്താവ് ഇക്കാര്യം ഗൗനിച്ചില്ല.
ഡിഷ് വാഷര്‍ കമ്പനിയുടെ ജീവനക്കാരന്‍ വീട്ടില്‍ എത്തിയപ്പോഴാണ് ഭര്‍ത്താവ് വിവരം അറിയുന്നത്. ഇതോടെ ഡിഷ് വാഷര്‍ ഇവിടെ വേണ്ടെന്നും വൈദ്യുതി ബില്ലും വെള്ളത്തിന്‍റെ ബില്ലും കൂടുമെന്നും ഭര്‍ത്താവ് പറഞ്ഞു. ചെറിയ ചെലവേ ആകുകയുള്ളൂവെന്നും ബുദ്ധിമുട്ടാകില്ലെന്നും ഭാര്യയും നിലപാടെടുത്തു.
ദേഷ്യം അടക്കാന്‍ പറ്റാതെയായതോടെ യുവാവ് വീട്ടിലെ ഉപകരണങ്ങളെടത്ത് നിലത്തെറിഞ്ഞു. മുറി തല്ലിത്തകര്‍ത്തു. ഭയന്നുപോയ യുവതി കരഞ്ഞുകൊണ്ട് ഇറങ്ങിയോടി. ആ രാത്രിയില്‍ അവര്‍ ഹോട്ടലില്‍ മുറിയെടുത്താണ് താമസിച്ചത്. എന്തുകൊണ്ടാണ് ഡിഷ് വാഷര്‍ വാങ്ങാന്‍ ഭര്‍ത്താവ് സമ്മതിക്കാതിരുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് യുവതി പറയുന്നത്. മാസം 11,000 യുവാനാണ് (ഒന്നര ലക്ഷത്തോളം രൂപ) ഇവരുടെ മാസവരുമാനം.
വഴക്കിനൊടുവില്‍ ഡിഷ് വാഷര്‍ അടുത്ത ദിവസം കാന്‍സല്‍ ചെയ്ത് കമ്പനിക്ക് തിരികെ നല്‍കി. 'താന്‍ അന്ന് മോശം മാനസികാവസ്ഥയിലായിരുന്നുവെന്നും അതുകൊണ്ട് പറ്റിപ്പോയതാണെന്നു'മാണ് ഭര്‍ത്താവിന്‍റെ വാദം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ലെന്നും പിന്നീട് ചെറിയൊരു ഡിഷ് വാഷര്‍ വാങ്ങാമെന്നും യുവാവ് പറയുന്നു. ഭാര്യയോട് മോശമായി പെരുമാറിയതില്‍ തനിക്ക് ദുഃഖമുണ്ടെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. യുവതി പങ്കുവച്ച വിഡിയോയ്ക്ക് ചുവടെ സമ്മിശ്ര പ്രതികരണമാണ് നിറയുന്നത്. ഭര്‍ത്താവ് ടോക്സിക് ആണെന്നും വീട്ടിലെ കാര്യങ്ങള്‍ അറിഞ്ഞു പെരുമാറാന്‍ കഴിയാത്തൊരാള്‍ക്കൊപ്പം എങ്ങനെ ജീവിക്കുമെന്നാണ് കരുതുന്നതെന്നും ചിലര്‍ ചോദിക്കുന്നു. എന്നാല്‍ ഭര്‍ത്താവിന്‍റെ വരുമാനം അറിഞ്ഞുവേണ്ടേ ഭാര്യ ചെലവാക്കാന്‍ എന്ന് പ്രതികരിച്ചവരും ഉണ്ട്.