kajal

ഭർത്താവ് ഡംബൽ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥ കാജൽ ചൗധരി നിരന്തരം സ്ത്രീധന പീഡനം അനുഭവിച്ചിരുന്നതായി കുടുംബം. ഭർത്താവ് അങ്കുർ, ആക്രമിക്കുന്നതിനിടയിൽ കാജലിന്‍റെ  സഹോദരനെ നിഖിലിനെ  വിളിച്ച് സഹോദരിയെ കൊല്ലുകയാണെന്നും പറഞ്ഞിരുന്നു.

ഡൽഹി പോലീസ് സ്പെഷ്യൽ വെപ്പൺസ് ആൻഡ് ടാക്റ്റിക്സ് (SWAT) കമാൻഡോ ആയ  27 കാരിയായ കാജൽ കൊല്ലപ്പെടുമ്പോൾ നാല് മാസം ഗർഭിണിയായിരുന്നു. പ്രതിരോധ മന്ത്രാലയത്തിലെ ക്ലർക്കാണ് അങ്കുർ. സാമ്പത്തിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഭർത്താവുമായി ഉണ്ടായ വാക്ക് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

2023 ലാണ് ഇവർ വിവാഹിതരായത്. അങ്കുര്‍ പണത്തിനായി  നിരന്തരം ഉപദ്രിച്ചിരുന്നതായി കാജലിന്‍റെ കുടുംബം പറഞ്ഞു.  കാജല്‍ ഭര്‍തൃവീട്ടുകാര്‍ക്ക് വേണ്ടി വായ്പ എടുത്തിരുന്നു. കാജലിന്‍റെ മാതാപിതാക്കളിൽ നിന്ന് പണം കടം വാങ്ങുന്നതും പതിവായിരുന്നു.

സ്ത്രീധനമായി ഒരു ബുള്ളറ്റ് ബൈക്കും സ്വർണ്ണാഭരണങ്ങളും പണവും നൽകിയെങ്കിലും അങ്കുർ കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കാജൽ കാറും വാങ്ങി നൽകിയിരുന്നു. എന്നിട്ടും നിരന്തരം കാജലിനെ ഭർത്താവ് ഉപദ്രവിച്ചിരുന്നതായും തങ്ങളോട് സംസാരിക്കാൻ പോലും സമ്മതിച്ചിരുന്നില്ല എന്നും കാജലിന്‍റെ അമ്മ  പറയുന്നു. 

ജനുവരി 22 ന് രാത്രി 10നാണ് ഡൽഹിയിലെ മോഹൻ ഗാർഡൻ എക്സ്റ്റൻഷനിലുള്ള വീട്ടിൽ വെച്ച് കൊലപാതകം നടന്നത്. കാജലിന്റെ തലയിൽ പിന്നിൽ നിന്ന് ഒരു ഭാരമേറിയ ഡംബെൽ കൊണ്ട് അടിയ്ക്കുകയായിരുന്നു. ശരീരത്തിലുടനീളം പരുക്കുകളുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ അവരെ ഗാസിയാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജനുവരി 27 ന് രാവിലെ മരിച്ചു. പിന്നീട് അങ്കുറിനെ അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇരുവർക്കും ഒന്നര വയസ്സുള്ള ഒരു മകനുണ്ട്. 

ENGLISH SUMMARY:

A police commando wife was brutally murdered by her husband, who struck her with a dumbbell. The husband has since been arrested in connection with the heinous crime.