വയനാട് വാഴവറ്റയില്‍ കോഴിഫാമില്‍ വച്ച് ഷോക്കേറ്റ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. കോഴിഫാം നടത്തിപ്പുകാരായ കരിങ്കണ്ണിക്കുന്ന് സ്വദേശികളായ അനൂപ്, ഷിനു എന്നിവരാണ് മരിച്ചത്. രണ്ടാഴ്ച മുന്‍പാണ് കോഴിഫാം ലീസിന് എടുത്ത് സഹോദരങ്ങളായ അനൂപും ഷിനുവും പ്രവര്‍ത്തനം തുടങ്ങിയത്. ഫോണില്‍ കിട്ടാതായതോടെ സുഹൃത്ത് ഇവിടെ എത്തുമ്പോഴാണ് ഷോക്കേറ്റ നിലയില്‍ ഇവരെ കണ്ടെത്തിയത്.
ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പന്നിശല്യം ഒഴിവാക്കാന്‍ ഫാമിന് ചുറ്റും വലിച്ച വൈദ്യുത വേലിയില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. സഹോദരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആണ് രണ്ടാമത്തെ ആള്‍ക്കും ഷോക്കേറ്റതെന്ന് സംശയമുണ്ട്.
കെഎസ്ഇബി ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയില്‍ ഫാമിലെ പ്രധാന ലൈനില്‍ നിന്ന് വയര്‍ വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് മീനങ്ങാടി പൊലീസ് അറിയിച്ചു.