വര്‍ഷം 1996. നിയമസഭാ തിരഞ്ഞെടുപ്പില്‍ മാരാരിക്കുളം മണ്ഡലത്തില്‍ നിന്നു സഖാവ് വി.എസ് എന്ന അതികായന്‍ പരാജയപ്പെട്ടു. 1965 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിലെ പി.ജെ ഫ്രാന്‍സിസാണ് പ്രതിപക്ഷനേതാവായിരുന്ന അച്യൂതാനന്ദനെ തോല്‍പ്പിച്ചത്. വന്‍മരം വീണെന്ന് രാഷ്‌ട്രീയ എതിരാളികള്‍ പറഞ്ഞുവെച്ചു. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയിലെ തോല്‍വി വി.എസിനൊരു ക്ഷതമായി. വാദങ്ങളായി, പ്രതിവാദങ്ങളായി. വി.എസ് മുന്നോട്ട് തന്നെ പോയി.
Read more at: വിഎസിന്‍റെ സ്വന്തം തയ്യല്‍ക്കാരന്‍; 38 വര്‍ഷമായി ജുബ തയ്ക്കുന്ന കാര്‍ഡോസ്
2001ല്‍ പതിവില്‍ നിന്നു വിപരീതമായി ആലപ്പുഴ ജില്ല വിട്ട് മറ്റൊരുജില്ലയില്‍ മല്‍സരിക്കാന്‍ വി.എസ് ഒരുങ്ങി. തിരഞ്ഞെടുത്തത് പാലക്കാട്ടെ ചുവന്നമണ്ണെന്നറിയപ്പെട്ടിരുന്ന മലമ്പുഴ മണ്ഡലം. മാരാരിക്കുളത്തെ പ്രഹരം സഖാവിനു എന്തുവില കൊടുത്തും തിരുത്തണമായിരുന്നു. വി.എസ് പാലക്കാട്ടു വന്നിറങ്ങി. റെയില്‍വേ സ്റ്റേഷനിലും നഗരമാകയും പ്രവര്‍ത്തകര്‍ തിങ്ങിക്കൂടി, ഹര്‍ഷാരവത്തോടെ സ്വീകരിച്ചു.
കുളം കൈവിട്ട വി.എസിനെ പുഴ ചതിച്ചില്ല. കണ്ണൂരില്‍ നിന്നു വന്ന് മല്‍സരിച്ച സതീശന്‍ പാച്ചേനിയെ 4703 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വി.എസ് തന്‍റെ പാര്‍ലമെന്‍ററി യാത്ര പുനരാരംഭിച്ചു. സി.പി.എം ഒരു തവണപോലും തോല്‍വിയറിഞ്ഞിട്ടില്ലാത്ത മലമ്പുഴയില്‍ നിന്നു വി.എസും സഭയിലെത്തി. കരിമ്പനകള്‍ക്കു സമാനം അദ്ദേഹവും പാലക്കാട്ടെ തലപൊക്കത്തില്‍ നിന്നു.
മലമ്പുഴയുടെ എം.എല്‍.എ പിന്നെയും പ്രതിപക്ഷനേതാവായി. പ്ലാച്ചിമടയിലെ ജനകീയ സമരത്തിലും മറ്റും നിലപാടെടുത്ത് ജനങ്ങളുടെ തീപ്പൊരി നായകനായി. വി.എസിനു മലമ്പുഴയും മലമ്പുഴക്ക് വിഎസും പ്രിയപ്പെട്ടതായി. ചുവപ്പുകോട്ട പിടിക്കാന്‍ 2006 ല്‍ സതീശന്‍ പാച്ചേനിയെ കോണ്‍ഗ്രസ് ഒരിക്കല്‍ കൂടി പരീക്ഷിച്ചെങ്കിലും 2001 ല്‍ കിട്ടിയതിനേക്കാള്‍ 15000 ത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷം അധികമാക്കി വി.എസ് പിന്നെയും സഭയിലെത്തി. മലമ്പുഴ കോട്ടക്ക് വി.എസ് ബലംകൂട്ടി. കേരളത്തിന്‍റെ മുഖ്യമന്ത്രി കസേരയിലേക്ക് വി.എസ് നടന്നു കയറി.
Read more at: വിജയൻ പറഞ്ഞു; പരാജയം ഭക്ഷിച്ചു വളർന്ന വിഎസ്
2011 ലും 2016 ലും വി.എസ് മലമ്പുഴയില്‍ നിന്നു ജയിച്ചു കയറി. കാല്‍ലക്ഷം ഭൂരിപക്ഷത്തിലായിരുന്നു വിജയമൊക്കെയും. 16ല്‍ മുഖ്യമന്ത്രിപദത്തില്‍ നിന്നു മാറി ഭരണപരിഷ്‌കരണ കമ്മീഷന്‍ സ്ഥാനത്തേക്കെത്തിയപ്പോള്‍ വിഎസിനോളം മലമ്പുഴക്കായിരുന്നു അമര്‍ഷം. രാഷ്‌ട്രീയ – പാര്‍ലമെന്‍ററി ജീവിതത്തില്‍ വി.എസിനു മലമ്പുഴ ഏറെ നിര്‍ണായകമായിരുന്നു. പ്രതിസന്ധികളെ അക്ഷീണം അതിജീവിച്ചു. മണ്ഡലത്തിലുള്ളപ്പോഴും അല്ലാത്തപ്പോഴും സജീവമായി. വി.എസിന്‍റെ നല്ല നാളും മോശം നാളും അനുഭവിച്ചറിഞ്ഞവരാണ് പാലക്കാട്ടുക്കാര്‍ പ്രത്യേകിച്ചു മലമ്പുഴക്കാര്‍.
ഇനിയൊരു തിരഞ്ഞെടുപ്പ് അങ്കത്തിനില്ല എന്ന വി.എസിന്‍റെ തീരുമാനത്തില്‍ ഇന്നാട്ടുക്കാര്‍ക്ക് അങ്ങേയറ്റം നിരാശ തോന്നി. മണ്ഡലത്തില്‍ നിന്നു മടങ്ങിയപ്പോഴും സഖാവ് ഈ നാട്ടുകാരനായി തന്നെ നിന്നു. വിപ്ലവനക്ഷത്രം ലോകത്തീന്ന് മടങ്ങുമ്പോഴും അതങ്ങനെ തന്നെയാണ്.