മലയാളി ട്രാവല്‍ വ്ലോഗര്‍ മഹിനെ ആമസോണ്‍ വനത്തില്‍ വച്ച് കാണാതായതായി സൂചന. പെറുവിലെ നാപ്പോ നദിയിലൂടെ സ്വന്തമായി നിർമ്മിച്ച ചെറിയ ചങ്ങാടത്തില്‍ യാത്ര തുടങ്ങിയ മഹിന്‍ യാത്രയ്ക്ക് മുന്‍പ് ഷെഡ്യൂള്‍ ചെയ്ത പോസ്റ്റാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. മഹീന്‍ കുറച്ചു ദിവസങ്ങളിലായി ഓഫ്‍ലൈനിലാണെന്നും അപ്‌ഡേറ്റുകളൊന്നുമില്ലെന്നുമാണ് യാത്രയുടെ രണ്ടാം ദിവസം മഹീന്‍ ഷെഡ്യൂള്‍ ചെയ്ത പോസ്റ്റ്. മാര്‍ച്ച് 13 നാണ് മഹീന്‍ തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ ചങ്ങാട യാത്രയുടെ വിഡിയോ പോസ്റ്റ് ചെയ്തത്.
15 -20 ദിവസത്തെ ആമസോൺ കാട്ടിലൂടെയുള്ള ചങ്ങാടം യാത്ര തുടങ്ങി എന്നാണ് മഹിന്‍ വിഡിയോയില്‍ പറയുന്നത്. നാപ്പോ നദിയിലൂടെയുള്ള യാത്ര പെറുവിലെ കാബോ പന്തോജയില്‍ നിന്നും ആരംഭിച്ച് ഇക്വിറ്റോസിലാണ് അവസാനിക്കുക. 350 കിലോ മീറ്ററുള്ള യാത്ര 15-20 ദിവസം നീണ്ടുനില്‍ക്കുമെന്നാണ് വിഡിയോയില്‍ പറയുന്നത്. ഈ വിഡിയോയ്ക്ക് പിന്നാലെയാണ് ഷെഡ്യൂള്‍ ചെയ്ത പുതിയ പോസ്റ്റ്. ''അദ്ദേഹം സുരക്ഷിതനായിരിക്കാം, ഇന്റർനെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നുണ്ടാകാം. അല്ലെങ്കിൽ അപകടകരമായ ആമസോണിൽ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചിരിക്കാം. അദ്ദേഹം ഉടൻ സുരക്ഷിതനായി വരുമെന്ന് പ്രതീക്ഷിക്കുന്നു'' എന്നിങ്ങനെയാണ് പോസ്റ്റിലെ വിവരങ്ങള്‍.
ഇന്‍റര്‍നെറ്റില്ലാത്തതിനാലാകാം മാഹിനെ ലഭ്യമാകാത്തത് എന്നാണ് പലരും കമന്‍റില്‍ ചൂണ്ടിക്കാണിക്കുന്നത്. യാത്ര തുടങ്ങുമ്പോൾ കുറച്ച് ദിവസം ഇനി കാണില്ലെന്ന് അപ്ഡേറ്റ് ചെയ്തിരുന്നു എന്നാണ് പലരും കമന്‍റ് ചെയ്യുന്നത്. എന്നാല്‍ സെല്‍ഫ് മാര്‍ക്കറ്റിങാണ് ഇതെന്ന തരത്തില്‍ പലരും വിമര്‍ശിക്കുന്നുമുണ്ട്. നേരത്തെ അഫ്ഗാനിസ്ഥാനിലും സുഡാനിലുമടക്കം അപകടകരമായ സാഹചര്യത്തില്‍ യാത്ര ചെയ്ത വ്ലോഗറാണ് മാഹിന്‍.