Image Credit:facebook/fathimatahiliya
പൊതുപരിപാടികള്‍ക്കെത്തുന്ന സെലിബ്രിറ്റികളെ ലക്ഷ്യമാക്കുള്ള കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കെതിരെ വലിയ രോഷമാണ് നിലവിലുള്ളത്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് ഇത്തരം വ്ലോഗേഴ്സ് ഇടിച്ചുകയറുന്നത് നടന്‍ സലീം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ മുസ്‌ലിം ലീഗിന്റെ വനിതാ എംഎല്‍എ ഫാത്തിമ തഹിലിയ കൂടി വിഷയം പൊതു ചര്‍ച്ചയാക്കുകയാണ്. കണ്ടെന്റ് ക്രിയേറ്റര്‍മാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി ഫാത്തിമ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. മോശപെടുത്തുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നുവെന്നാണു പരാതി.
പേരില്ലാ കൂട്ടങ്ങള്‍, ലക്ഷ്യം ക്ലിക്ക് ബൈറ്റ്
'സാധാരണക്കാരെ പോലെ ചായകുടിക്കുന്ന ഫാത്തിമ തഹിലിയ' ,'സുന്ദരി എംഎല്‍എ ആളുകളെ കണ്ടപ്പോള്‍ ചെയ്തത്' ഫാത്തിമയെ കണ്ടന്റാക്കി വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപെട്ട തലക്കെട്ടുകളില്‍ ചിലതാണിത്. മീഡിയ എന്ന പേരില്‍ എംഎല്‍എ പങ്കെടുക്കുന്ന പരിപാടികളില്‍ ഫോണുമായി എത്തി ചിത്രീകരണം നടത്തുന്നു. പിന്നീട് റീച്ച് മാത്രം ലക്ഷ്യമാക്കി പലരീതിയില്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. സാഹചര്യത്തെ ദുരുപയോഗം ചെയ്ത്,വ്യക്തിപരമായ സംഭാഷണങ്ങളുംസ്വഭാവിക നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി ജനത്തെ തെറ്റധരിപ്പിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യ ലംഘനമാണന്ന് ഫാത്തിമ ഫെയ്സ്ബുക്ക് കുറിപ്പില്‍ പോസ്റ്റില്‍ പറയുന്നു. 'വിവിധ പേരുകളിലുള്ള 10 ല്‍ അധികം സമൂഹമാധ്യമ അക്കൗണ്ടുകളില്‍ മോശപ്പെടുത്തുന്ന രീതിയില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപെട്ടു, നിലവില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇനിയുമുണ്ടായാല്‍ കേസ് കൊടുക്കും' എന്ന് ഫാത്തിമ മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.
എംഎല്‍എ എന്ന നിലയ്ക്ക് പൊതുപരിപാടികളില്‍ മാറിനില്‍ക്കാനാവില്ല. ഇത്തരം പരിപാടികള്‍ക്കെത്തുമ്പോഴാണ് പാപ്പരാസി കണ്ടന്റ് ക്രിയേറ്റര്‍മാരുടെ ആക്രമണം ഉണ്ടാകുന്നത്. സംഘാടകര്‍ നിയോഗിച്ച ഔദ്യോഗിക മീഡിയ സംഘമാണെന്ന ധാരണയിലായിരിക്കും എംഎല്‍എയും കൂടെയുള്ളവരും. എംഎല്‍എയുടെ ഔദ്യോഗിക പി.ആര്‍. ടീമാണെന്നു സംഘാടകരും തെറ്റിധരിക്കും. പിന്നീട് പലപേരുകളിലുള്ള സാമൂഹമാധ്യമ അക്കൗണ്ടുകളില്‍ ദൃശ്യങ്ങളെത്തുമ്പോഴാണ് വിവരം അറിയുക പോലും. പാര്‍ട്ടിക്കകത്തും പുറത്തും ഈ മാധ്യമങ്ങള്‍ എം.എല്‍.എയുടെ പി.ആര്‍ ടീമാണന്ന ധാരണ പരക്കാനും ഇടയാക്കുന്നു.എന്നാല്‍ അത്തരത്തില്‍ പ്രചരിക്കുന്ന തെറ്റിധാരണകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഈ പാപ്പരാസി കണ്ടന്റ് ക്രിയേറ്റര്‍മാരുമായി ബന്ധമില്ലെന്നും എംഎല്‍എ പറഞ്ഞു
കഴിഞ്ഞ ദിവസം പൊതുപരിപാടിക്കിടെ പാപ്പരാസി കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് ഫാത്തിമ തന്നെ നേരിട്ടു താക്കീത് നല്‍കിയിരുന്നു. പിന്നീട് സംഘാടകരിടപെട്ട് പ്രശ്നമാക്കേണ്ടതില്ലെന്ന നിര്‍ദേശിച്ചതിനെ തുടര്‍ന്ന് നിയമ നടപടികളിലേക്ക് കടക്കുന്നത് ഒഴിവാക്കുകയായിരുന്നു. സമാന രീതിയില്‍ പ്രചാരണമുണ്ടായാല്‍ കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും ഫാത്തിമ പറഞ്ഞു.
'പൊതുഇടങ്ങളിലാണെങ്കില്‍ പോലും വ്യക്തികള്‍ക്ക് അവരുടേതായ സ്വകാര്യതയുണ്ട്. അത് മാനിക്കപെടുകയും സംരക്ഷിക്കപെടുകയും വേണം. യാതൊരു മര്യാദയുമില്ലാതെ ഒരു മൊബൈല്‍ ഫോണുമായെത്തി ഒരാളുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചു കടക്കുന്നത് കേരളം ചര്‍ച്ച ചെയ്യേണ്ടതാണ്'. നിയമസഭയില്‍ വിഷയം ഉന്നയിച്ചു ചര്‍ച്ചയാക്കുമെന്നും ഫാത്തിമ തഹിലിയ കൂട്ടിച്ചേര്‍ത്തു.