Image Credit: facebook/arjun.aayanki

കോതമംഗലം എസ്എച്ച്ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തി ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി. കോതമംഗലം പുന്നേക്കാട്ടെ റിസോര്‍ട്ടില്‍ നിന്ന് അര്‍ജുനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്ത സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെയാണ് ഭീഷണി. കല്യാണം കൂടാന്‍ വന്ന ഡാന്‍സ് കളിച്ച് സ്റ്റോറിയിട്ടെന്ന പേരിലാണ് തീവ്രവാദികളെ പിടിക്കുംപോലെ പിടികൂടുകയും കള്ളക്കേസില്‍ ജയിലിലേക്ക് അയയ്ക്കുകയും ചെയ്തതെന്നാണ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. കള്ളക്കേസുകള്‍ ഇനിയും ഉണ്ടായാലും ജയിലില്‍ പോകേണ്ടി വന്നാലും പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം കഴിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥനെ സമ്മതിക്കില്ലെന്നും പോസ്റ്റില്‍ പറയുന്നു. നിയമപരമായും കായികമായും നേരിടാന്‍ തയാറാണെന്നും അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്കുറിപ്പിലുണ്ട്.

കല്യാണം കൂടാന്‍ വന്നവരിലെ അ‍ഞ്ചുപേരുടെ ജീവിതമാണ്  പൊലീസ് നശിപ്പിച്ചതെന്ന് അര്‍ജുന്‍ ആരോപിക്കുന്നു. വണ്ടിയിലിരുന്ന് ഉപദ്രവിച്ചിട്ടും മതിവരാതെ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഇടിച്ചു കയറ്റും ഗ്ലാസ് പൊട്ടിച്ചും നശിപ്പിക്കാന്‍ ശ്രമിച്ചതിന് എല്ലാവരും അനുഭവിക്കുമെന്നും ഉപദ്രവങ്ങളൊന്നും ഒരിക്കലും മറക്കില്ലെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: 'ഈ കേസും വാങ്ങി നീ ചെയ്തുതന്ന ഉപകാരങ്ങളെല്ലാം ക്ഷമിച്ച് ഞങ്ങളാരും വീട്ടിൽ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. ഞങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേൽ മറിച്ച നിന്നെ ഞങ്ങളൊരുകാലത്തും വെറുതെവിടുകയുമില്ല. ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുർവിനിയോഗ പ്രതികാര നടപടി ഇനിയൊരാൾക്കും നേരിടേണ്ടി വരരുത്. ഒരാളുടെ ജീവിതം നശിപ്പിക്കാൻ ഒരു പോലീസുകാരൻ വിചാരിച്ചാൽ മതിയെന്നതിന് ഞങ്ങളിലൂടെയെങ്കിലും മാറ്റമുണ്ടാവണം. 

കാക്കിയെന്നാൽ ഏത് നിരപരാധികളെയും കള്ളക്കേസിൽ കുടുക്കാൻ ഉള്ള ലൈസൻസ് ആണെന്നും, ബാധിക്കപ്പെട്ടവരിൽ നിന്നും തിരിച്ചടി നേരിടേണ്ടി വരാത്ത കവചകുണ്ഡലമാണെന്നും ധരിക്കുന്ന നിന്നെപോലുള്ള കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും, പോലീസ് ബുദ്ധിയിൽ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാൽ കായികപരമായും നേരിടാൻ ഞങ്ങൾ തയ്യാർ.

പട്ടിണി കിടന്നാലും ഇനിയൊരുതരത്തിലുള്ള അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും അന്തസ്സിനും ആത്മാഭിമാനത്തിനും ആയുസ്സിനും വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ അല്ലാതെ ആയുധമെടുക്കില്ലെന്നും ശപഥം ചെയ്ത് സ്വയം നവീകരിച്ച് എന്റെ മകന് വേണ്ടി നല്ലനടപ്പിന് ജീവിക്കാൻ തീരുമാനിച്ച എന്നെയാണ് നീ വീണ്ടും ജയിലിൽ കയറ്റിയത്. ഇത്രയും കാലം പലതവണ ചെയ്തതിനും ചെയ്യാത്തതിനും ജയിലിൽ കിടന്നിട്ടുണ്ടെങ്കിലും ഇത്തവണ കിടന്ന കിടത്തം എന്റെ ജീവിതത്തിന്റെ നാഴികക്കല്ലാണ്.

നീയും നിന്റെ ഡിപ്പാർട്ട്മെന്റും ഭരണപാർട്ടിയുടെ ഒത്താശയോടെ ഇനിയുമെന്നെ ദ്രോഹിക്കുമെന്നെനിക്കറിയാം, കാപ്പയും കള്ളക്കേസുകളും  ഇനിയും തേടിവരുമെന്നറിയാം, മൂവാറ്റുപുഴയിലും വിയ്യൂരിലും മാറിമാറി കിടക്കുമ്പോൾ പകുതിയുറക്കത്തിലും പാതിരാത്രിയിലും ഞെട്ടിയെഴുന്നേറ്റ് ഞാനെഴുതിയ എന്റെ നെഞ്ചിലെ വേദനയുടെ പകുതി മാത്രമാണിത്. ഞാൻ കാരണം പിടിച്ചിടപ്പെട്ട എന്റെ ആത്മസുഹൃത്തുക്കളുടെ വാഹനം വിട്ടുകിട്ടുംവരെ നിശബ്ദനാവുകയെന്ന നിർദ്ദേശത്താൽ മാത്രമാണ് ഈ കത്തെഴുത്ത് ഇത്രയും വൈകിയത്, ബാക്കി കാര്യങ്ങൾ നീ വഴിയേ അറിയും, യുദ്ധപ്രഖ്യാപനം നീയടങ്ങുന്ന സിസ്റ്റത്തിനെതിരെയല്ല, ഈ സിസ്റ്റത്തിലെ കൈക്കൂലിയും കൂട്ടിക്കൊടുപ്പും കൊട്ടേഷനും നടത്തി ചിരിച്ചുകൊണ്ട് നിരപരാധികളുടെ ജീവിതം നശിപ്പിക്കുന്ന പുഴുകുത്തുകളായ നിന്നെപോലുള്ള ക്രിമിനലുകൾക്കെതിരെയാണ്.

കള്ളക്കേസിന്റെ പേമാരി പെയ്താലും, ജയിലിൽ കയറിയിറങ്ങി തൂക്കം കുറഞ്ഞാലും,എന്റെയും എന്റെ സഹോദരങ്ങളുടെയും ജീവിതം താറുമാറാക്കിയ നിന്നോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു, നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല. ഞാൻ ചത്താലും നിന്നെയതിനനുവദിക്കില്ല.!!മരിക്കാത്ത സ്മരണയോടെ'. 

മേയ് നാലിനാണ് കണ്ണൂർ അഴീക്കൽ കോവലൊടി ആയങ്കി വീട്ടിൽ അർജുൻ ആയങ്കി (29), തിരുവനന്തപുരം ആറ്റിപ്ര കളത്തൂർ വിനായകം വീട്ടിൽ ആദർശ് (29), അഴീക്കൽ കോവലൊടി നെരിച്ചൽ വീട്ടിൽ പ്രണവ് (29), പള്ളുരുത്തി കുന്നത്ത് വീട്ടിൽ ധനീഷ് (39), ആലപ്പുഴ കഞ്ഞിക്കുഴി മാഴിത്തറ കൊച്ചുവെളി വീട്ടിൽ അരുൺ (ഡോൺ–38), പള്ളുരുത്തി വരിക്കാശേരി വീട്ടിൽ ടാൻസൺ (34) എന്നിവരെ  കോതമംഗലം പൊലീസ് പിടികൂടിയത്. ഇവർ പുതിയ പദ്ധതി ആസൂത്രണം ചെയ്യാനാണ് ഒന്നിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പറഞ്ഞു. 

ജില്ലാ പൊലീസ് മേധാവി കെ. സുദർശന്റെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ സ്റ്റീൽ ബേഡിന്റെ ഭാഗമായി നടന്ന പരിശോധനയിലാണു സംഘം കുടുങ്ങിയത്. പുന്നേക്കാട് കരിയിലപ്പാറ ഭാഗത്തുള്ള റിസോർട്ടിൽ ഒത്തുകൂടിയ ഇവരെ റിസോർട്ട് വളഞ്ഞു സാഹസികമായി പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാറുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. അർജുൻ ആയങ്കിക്ക് എതിരെ 8 കേസുകളും ആദർശിന് 10 കേസുകളും പ്രണവിന് 6 കേസുകളും ധനീഷിന് 2 കേസുകളും അരുണിന് 13 കേസുകളും ടാൻസണ് 5 കേസുകളും നിലവിലുണ്ടെന്നു പൊലീസ് പറ‍ഞ്ഞു. സംഘടിത കുറ്റകൃത്യം ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും അന്വേഷണം വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചിരുന്നു.

ENGLISH SUMMARY:

History-sheeter Arjun Ayanki has issued a blatant death threat against the Kothamangalam SHO through a controversial social media post. Ayanki expressed immense rage over his May 4 arrest from a luxury resort in Punnekkad, claiming that the police fabricated cases to deliberately destroy his and his friends' rehabilitation efforts. He structurally asserted that he is prepared to confront the officer both legally and physically, swearing that the SHO would never experience a peaceful retirement. The high-profile arrest was dynamically executed under the leadership of District Police Chief K. Sudarshan as part of 'Operation Steel Bird' to foil an organized crime plot. While Ayanki heavily accused the officer of systemic corruption and abuse of power, police records reveal that the six arrested gang members collectively face dozens of serious criminal offenses across the state.