ചൈനയെക്കുറിച്ചുള്ള ഏറ്റവും വലിയ അപവാദങ്ങളിലൊന്നാണ് ചൈനക്കാരുടെ  നായഇറച്ചിയോടുള്ള പ്രിയം. എന്നാല്‍ ലോകമാകമാനം വിമര്‍ശനമുയര്‍ന്നതോടെയും നായ്ക്കളെ ഇവിടെ  കൂടുതലും വളര്‍ത്തുമൃഗങ്ങളെന്ന നിലയ്ക്ക് കാണാന്‍ തുടങ്ങിയിട്ടുണ്ട്. മാത്രമല്ല  ചൈനയില്‍ നായ്ക്കളെ കശാപ്പ് ചെയ്യുന്നതിന് വിലക്കും വന്നിരുന്നു. എന്നാല്‍ ഗ്രാമപ്രദേശങ്ങളിലും മറ്റും നായ്ക്കളെ ഭക്ഷിക്കുന്നവര്‍ ഇന്നും ധാരാളമുണ്ട്. 

നഗരങ്ങളിലും നായ ഇറച്ചി അപൂര്‍വ ഭോജ്യവസ്തുവാണ്. ഫാമുകളില്‍ നായ്ക്കളെ വളര്‍ത്തുന്നത് നിര്‍ത്തിയതോടെ വളര്‍ത്തുനായ്ക്കളെ കശാപ്പിനായി തട്ടിക്കൊണ്ടുപോകുന്ന സംഭവവും വാര്‍ത്തയാകാറുണ്ട്. ഇത്തരത്തില്‍ ഒരു നായ തട്ടിക്കൊണ്ടുപോകലാണ് നിലവില്‍ ചൈനയില്‍ വന്‍ വാര്‍ത്തയായിരിക്കുന്നത്. 

ചൈനയിലെ പ്രശസ്തനായ ട്രാവല്‍ വ്‍ലോഗറാണ് ഗുയോ. തന്‍റെ യാത്രകളിലെല്ലാം ഗുയോ ബോര്‍ഡര്‍ കോലി വിഭാഗത്തില്‍ പെട്ട ചുട്ടുവിനെയും കൊണ്ടുപോകാറുണ്ട്. ചുട്ടു ഗുയോയുടെ ട്രാവല്‍ ചാനലിന്‍റെ അവിഭാജിത ഘടകമായതിനാല്‍ തന്നെ തന്‍റെ 15ലക്ഷം ഫോളോവേഴ്സുള്ള ഇന്‍സ്റ്റാഗ്രാം ട്രാവല്‍ ചാനലിന്‍റെ അംബാസഡറായാണ് ഗുയോ ചുട്ടുവിനെ കരുതുന്നത്.

ഇത്തവണ ജോര്‍ജിയയില്‍ ഒരു വിദേശയാത്രയ്ക്ക് പോയതായിരുന്നു ഗുയോ. എന്നാല്‍ ചുട്ടുവിനെ കൊണ്ടുപോകാന്‍ സാധിച്ചില്ല. തന്‍റെ മാതാപിതാക്കള്‍ക്കൊപ്പം ചുട്ടുവിനെ നിര്‍ത്തിയായിരുന്നു ഗുയോയുടെ യാത്ര. എന്നാല്‍ ഒരു ദിവസം ചുട്ടുവിനെ കാണാതാകുകയായിരുന്നു. സിസിടിവി നിരീക്ഷിച്ചതില്‍ നിന്നും തോട്ടത്തില്‍ നിന്നും ഇലക്ട്രിക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ ചുട്ടുവിനെ ചാക്കിലാക്കി കൊണ്ടുപോകുന്ന ദൃശ്യം ലഭിച്ചു. 

ചുട്ടുവിനെ തട്ടിക്കൊണ്ടുപോയെന്ന വാര്‍ത്തയറിഞ്ഞയുടന്‍ ഗുയോ തന്‍റെ യാത്ര പകുതിവഴിയിലാക്കി ജോര്‍ജിയയില്‍ നിന്നും മടങ്ങിയെത്തി. തുടര്‍ന്ന് വാഹനനമ്പര്‍ പ്രകാരം ചുട്ടുവിനെ തട്ടിക്കൊണ്ടുപോയാ ആളെ ഗുയോ കണ്ടെത്തുകയും ചുട്ടുവിനെ തിരിച്ചുതരണമെന്നും താന്‍ 10000 യുവാന്‍ (ഏകദേശം ഒരുലക്ഷത്തി നാല്‍പതിനായിരം രൂപ) നല്‍കാമെന്നും പറഞ്ഞു. എന്നാല്‍ താന്‍ തെരുവുനായയെന്ന് കരുതിയാണ് ചുട്ടുവിനെ പിടിച്ചതെന്ന് യുവാവ് മറുപടി നല്‍കി. എന്നാല്‍ അങ്ങനെ വരാന്‍ വഴിയില്ലെന്നും ചുട്ടുവിന്‍റെ കഴുത്തില്‍ പേരെഴുതിയ കോളര്‍ ധരിപ്പിച്ചിട്ടുണ്ടെന്നും ഗുയോ വാദിച്ചു. 

എന്നാല്‍ താന്‍ നായയെ ഇറച്ചിക്കായി 180 യുവാന് (2500 രൂപ) വിറ്റെന്നും നായയെ കശാപ്പ് ചെയ്ത് ഇറച്ചിയാക്കിക്കഴിഞ്ഞെന്നുമായിരുന്നു യുവാവിന്‍റെ മറുപടി. തെരുവുനായയെ പിടിക്കുന്നത് നിയമലംഘനമല്ലെന്നും താന്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നുമായി യുവാവ്.

ഇതോടെ മനംനൊന്ത ഗുയോ ചുട്ടുവിനെ വിറ്റെന്ന് യുവാവ് പറഞ്ഞ റസ്റ്ററെന്‍റിലെത്തി അന്വേഷിച്ചു. തങ്ങള്‍ ഈ നായയെ കശാപ്പ് ചെയ്തെന്ന് റസ്റ്ററന്‍റ് ഉടമ ഗുയോയോട് പറ‍ഞ്ഞു. എങ്കില്‍ അന്ത്യകര്‍മങ്ങള്‍ക്കായി ഒരെല്ലെങ്കിലും തരൂ എന്നായി. എന്നാല്‍ എല്ലാം തിന്നുകഴിഞ്ഞെന്നും ബാക്കി വന്ന വേസ്റ്റ് കളഞ്ഞെന്നും റസ്റ്ററെന്‍റ് ഉടമ വ്യക്തമായി. 

നിലവില്‍ യുവാവിനെതിരെ പൊലീസില്‍ കേസ് കൊടുത്തിരിക്കുകയാണ് ഗുയോ. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസാണ് യുവാവിനെതിരെ ചാര്‍ത്തിയിരിക്കുന്നത്. 2018ലാണ് 300 യുവാന്‍ കൊടുത്ത് ഗുയോ  മൂന്ന് മാസമുള്ള ചുട്ടുവിനെ വാങ്ങിയത്. 

ENGLISH SUMMARY:

China dog meat incidents are a major point of global criticism, with many now viewing dogs as pets and the nation implementing bans on dog slaughter, yet rural dog consumption persists, and stolen pet dogs being sold for meat has become a current major news event in China.