വിഎസിന്‍റെ വ്യക്തിത്വത്തോട് ചേർന്നു നിൽക്കുന്നതാണ് അദ്ദേഹം ധരിക്കുന്ന ജുബ. 38 വർഷം വിഎസിന്‍റെ ജുബ തയ്ച്ചത് ആലപ്പുഴ ചാത്തനാട് സ്വദേശി വലേരിയൻ കാർഡോസാണ്. നിരവധി പ്രത്യേകതകളുള്ള ജുബയുടെ അളവുകൾ വലേരിയൻ കാർഡോസിന്‍റെ ബുക്കിൽ വിഎസ് എന്ന പേരിന് താഴെ കാണാം. മുഖ്യമന്ത്രിയായിരുന്നപ്പോൾ തയ്ച്ച ജുബ ക്ലിഫ് ഹൗസിൽ കൊണ്ടുപോയി വിഎസിന് നൽകിയിട്ടുണ്ട്.
വിഎസ് പറവൂരിലെ വീട്ടിലുണ്ടായിരുന്ന സമയത്ത് അദ്ദേഹത്തിന്‍റെ ഒരു ബന്ധുവാണ് ആദ്യമായി ജുബ തയ്ക്കാൻ തുണി കടയിൽ കൊണ്ടു വന്നത്. വീട്ടിൽ പോയി ജുബയുടെ അളവെടുത്തു. അന്ന് ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപം തയ്യൽക്കട നടത്തുകയായിരുന്നു വലേരിയൻ കാർഡോസ്. തയ്ച്ചു കൊടുത്ത ജൂബ വിഎസിന് ഇഷ്ടമായി. ഒരേ സമയം 12 ജുബ വരെ തയ്ക്കാവുന്ന തുണി എത്തിക്കും. തയ്ച്ച് പറവൂരിലെ വീട്ടിലോ അല്ലെങ്കിൽ ആരുടെയെങ്കിലും കൈവശം തിരുവനന്തപുരത്തോ എത്തിക്കും. ഒരു തവണ മാത്രമാണ് അളവെടുത്തത്. അത് ബുക്കിൽ വിഎസ് എന്ന പേരിനു താഴെ എഴുതി വച്ചിട്ടുണ്ട്.
ആലപ്പുഴ പറവൂരിലെ വീട്ടിൽ എത്തുമ്പോഴെല്ലാം വലേരിയൻ കാർഡോസ് വിഎസിനെ പോയി കാണും. ഏറ്റവും ഒടുവിൽ വി എസ് ആലപ്പുഴയിൽ എത്തിയ 2019 ലാണ് മകനും കൊച്ചുമകനുമായി പോയി വിഎസിനെ കണ്ടത്.