ഗാനരചയിതാവാകാൻ വിചാരിച്ച മുഹൂർത്തത്തിന് നന്ദി പറയുന്നുവെന്ന് മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ. അല്ലെങ്കിൽ ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്നുമാത്രം അറിയപ്പെടുമായിരുന്നുവെന്നും ജയകുമാർ പറഞ്ഞു. ഗാനരചനയുടെ അമ്പത് വർഷങ്ങൾ പൂർത്തിയാക്കിയ ജയകുമാറിനെ കേരള ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
ഗാനരചയിതാവ്, വിവർത്തകൻ, ചിത്രകാരൻ, തിരക്കഥാകൃത്ത്. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ കൈവെക്കാത്ത മേഖലകളില്ല. രചനയുടെ 50 വർഷങ്ങൾക്കിടെ നൂറ്റി ഇരുപതോളം ചിത്രങ്ങൾക്കാണ് ജയകുമാർ പാട്ടെഴുതിയത്. ഗാനരചയിതാക്കളെ പറ്റിയും എഴുത്തുകാരെ പറ്റിയും കേട്ട് വളർന്ന ബാലനായിരുന്നു താനെന്നാണ് കെ.ജയകുമാർ ഓർത്തെടുത്തത്. അങ്ങനെയാണ്, ഗാനരചയിതാവാകണം എന്ന ആഗ്രഹമുണ്ടായതെന്നും ജയകുമാർ പറഞ്ഞു.
കേരള ഫൈൻ ആർട്സ് സൊസൈറ്റി, എം.കെ.അർജുനൻ മാസ്റ്റർ ഫൗണ്ടേഷൻ, ആർട്സ് സ്പേസ് കൊച്ചി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജയശ്രുതി എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സിനിമാ രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.