ശബരിമല സ്വര്‍ണക്കൊള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ പരിഷ്കാരവുമായി പ്രസിഡന്‍റ് കെ.ജയകുമാര്‍. ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട അജന്‍ഡ നേരത്തെ പ്രസിഡന്‍റിനെ അറിയിക്കണം. പ്രസിഡന്‍റിന്‍റെ അനുമതിയോടെ മാത്രം അജന്‍ഡയ്ക്ക് അന്തിമ അംഗീകാരം നല്‍കും.
കഴിഞ്ഞ ബോര്‍ഡ് യോഗത്തിലെ തീരുമാനങ്ങള്‍ അടുത്ത യോഗത്തിന് മുന്‍പായി പ്രസിഡന്‍റിനെ വായിച്ച് കേള്‍പ്പിച്ച് ഉറപ്പാക്കണം. ശബരിമല സ്വര്‍ണക്കൊള്ള വിവാദത്തില്‍ നേരത്തെയുള്ള ബോര്‍ഡുകളുടെ കാലത്ത് മിനിട്സ് തിരുത്തിയത് സംബന്ധിച്ച് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ പുതിയ പരിഷ്കാരം ഉത്തരവായത്. ഇതോടെ ബോര്‍ഡില്‍ ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ പിന്നീട് മിനിട്സില്‍ എഴുതിച്ചേര്‍ക്കുന്ന രീതി ഒഴിവാക്കാനാകും. പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ വൈകാതെ ഇത്തരത്തിലൊരു തീരുമാനമുണ്ടാവുമെന്ന് കെ.ജയകുമാര്‍ മനോരമ ന്യൂസിനോട് വ്യക്തമാക്കിയിരുന്നു.