ഇറാൻ-ഇസ്രയേൽ സംഘർഷം ആരംഭിച്ചശേഷം ആദ്യമായി ഹോർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ എണ്ണക്കപ്പൽ മുംബൈ തീരത്തെത്തി. സൗദി അറേബ്യയിൽ നിന്നുള്ള അസംസ്‌കൃത എണ്ണയുമായി ലൈബീരിയൻ പതാക ഘടിപ്പിച്ച 'ഷെൻലോങ്' എന്ന കപ്പലാണ് മുംബൈയിലെത്തിയത്. 1,35,335 മെട്രിക് ടൺ എണ്ണയാണ് കപ്പലിലുള്ളത്. ഇതിനുപുറമെ, പുഷ്പക്, പരിമൾ എന്നീ രണ്ട് ഇന്ത്യൻ ടാങ്കറുകൾക്കും ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി.
വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്‌ചിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് ഇന്ത്യയ്ക്ക് ആശ്വാസകരമായ നീക്കമുണ്ടായത്. നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ 28 ഇന്ത്യൻ ചരക്കുകപ്പലുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവയിൽ 24 കപ്പലുകൾ കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്തും നാലെണ്ണം കിഴക്ക് ഭാഗത്തുമാണുള്ളത്. ഈ കപ്പലുകളിലായി ആകെ 778 ഇന്ത്യൻ നാവികരുണ്ടെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ബാക്കിയുള്ള കപ്പലുകൾക്ക് കൂടി കടന്നുപോകാൻ അനുമതി ലഭിക്കുമോ എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.
അതിനിടെ, രാജ്യത്ത് പാചകവാതക ക്ഷാമമുണ്ടാകില്ലെന്ന് കേന്ദ്രസർക്കാർ ആവർത്തിച്ചു. എൽപിജി ഉൽപാദനം വർധിപ്പിക്കാനും പ്ലാന്റുകൾ അധികസമയം പ്രവർത്തിപ്പിക്കാനും പൊതു-സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് കേന്ദ്രം നിർദേശം നൽകി. സിലിണ്ടറുകൾ പൂഴ്ത്തിവയ്ക്കുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾ ഇറാന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണമെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ്, ഇസ്രയേൽ താൽപ്പര്യങ്ങൾ സംരക്ഷിക്കാത്ത കപ്പലുകളെ ആക്രമിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി.