രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ബി.ജെ.പി നേതാവ് സി സദാനന്ദൻ സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിൽ ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. കേരളത്തിനുള്ള അംഗീകാരമാണ് എം പി സ്ഥാനമെന്നും വികസിത ഭാരതം എന്നതാണ് സ്വപ്നമെന്നും സി സദാനന്ദൻ പ്രതികരിച്ചു. ബിജെപി - ആര്‍എസ്എസ് പ്രത്യയശാസ്ത്രത്തിലുറച്ച ഈ ശബ്ദം രാജ്യസഭയിലെത്തണമെന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തീരുമാനമായിരുന്നു.
അക്രമരാഷ്ട്രീയത്തിനിരയായി കാൽ നഷ്ടപ്പെട്ട സി സദാനന്ദനെ കൃത്രിമ കാലുകളിൽ പാർലമെൻ്റിൽ എഴുന്നേറ്റ് നിർത്തുക വഴി ക്യത്യമായ സന്ദേശമാണ് ബി ജെ പി നൽകിയത്. കേരള ഹൗസിൽ നിന്ന് പാർലമെൻ്റിലേക്കുള്ള യാത്രയിലും അത് വ്യക്തം. മുൻ കേന്ദ്ര മന്ത്രി വി മുരളീധരൻ, ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി അബ്ദുള്ള കുട്ടി എന്നിവരും കുടുംബവും ഒപ്പം. വിമർശകർക്ക് നല്ല നമസ്കാരം പറഞ്ഞ് ചുരുങ്ങിയ വാക്കുകളിൽ സദാനന്ദൻ സന്തോഷം അറിയിച്ചു.
കേരളത്തിൽ നിന്ന് ഒന്നിലധികം അംഗങ്ങൾ നോമിനേഷനിലൂടെ ഒരേസമയം രാജ്യസഭയിൽ എത്തിയിട്ടില്ലെന്നും പ്രധാനമന്ത്രിയുടെ പരിഗണന വ്യക്തം എന്നും വി മുരളീധരൻ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരെ ചിന്തിക്കുന്നവരെ രോമാഞ്ചം കൊള്ളിച്ച തീരുമാനമാണെന്നും കണ്ണൂരിൽ പിണറായിസം കൊണ്ടുനടക്കുന്ന ജയരാജൻമാരെ ഞെട്ടിച്ചു കാണുമെന്നും എ പി അബ്ദുല്ലകുട്ടി വിമർശനങ്ങൾക്ക് മറുപടി നൽകി. നോമിനേറ്റ് ചെയ്യപ്പെട്ട അഭിഭാഷകൻ ഉജ്ജ്വല്‍ നിഗം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്വര്‍ദ്ധന്‍ ശ്രിംഗ്ല, ചരിത്രകാരി മീനാക്ഷി ജെയ്ന്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു.