നിലത്തെഴുത്ത് ആശാന്മാരെയൊന്നും പുതിയ തലമുറയ്ക്ക് അറിയില്ലെങ്കിലും കേരളത്തിലെ ഡിജിപിയെ മലയാളം പഠിപ്പിച്ചൊരു ആശാൻ കോട്ടയത്തുണ്ട്. അതിരമ്പുഴയിലെ കൃഷ്ണൻകുട്ടി നായരാണ് റാവാഡ ചന്ദ്രശേഖറിന്റെ ഗുരുനാഥൻ.
ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന 1994 ലാണ് മലയാളം പഠിക്കാനായി ഡിജിപി റാവാഡ ചന്ദ്രശേഖർ കൃഷ്ണൻകുട്ടി നായരുടെ അരികിലെത്തിയത്. സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ മക്കളെ മലയാള അക്ഷരങ്ങൾ പഠിപ്പിച്ചിരുന്നത് കൃഷ്ണൻകുട്ടി ആശാനായിരുന്നു. അങ്ങനെയാണ് ആശാന് മൂന്നിലേക്ക് റാവാഡയും ശിഷ്യനായി എത്തിയത്. ഏറ്റുമാനൂർ ദേവസ്വം വക റസ്റ്റ് ഹൗസിൽ ഉച്ചക്കുശേഷം ആയിരുന്നു പഠനം.
രണ്ടുമാസത്തെ ഗുരുശിഷ്യബന്ധമായിരുന്നുവെങ്കിലും ഡിജിപി ആയപ്പോഴും ഫോണിൽ വിളിച്ചിരുന്നു. ഒന്നു നേരിൽ കാണണമെന്നാണ് കൃഷ്ണൻകുട്ടി നായരുടെ ആഗ്രഹം. എഴുത്തും, കഥയും കവിതയുമൊക്കെയായി കൃഷ്ണൻകുട്ടി ആശാൻ ഇപ്പോഴും കുട്ടികളോടൊപ്പം ആണ്.