കുടുംബ ബന്ധത്തില്‍ ഭര്‍ത്താവും ഭാര്യയും അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് വൈറല്‍ കുറിപ്പുമായി ദീപ സെയ്റ. ഭാര്യമാരെ പൂട്ടുന്ന ഭർത്താക്കന്മാരെയും, ഭർത്താക്കന്മാരെ പൂട്ടുന്ന ഭാര്യമാരെയും കുറിച്ചാണ് ദീപ ഈ കുറിപ്പെഴുതിയിരിക്കുന്നത്.
ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പെർമിഷൻ കിട്ടിയിട്ട് മാത്രം വീടിനു പുറത്തേക്കിറങ്ങുന്ന സ്ത്രീകൾ ഇപ്പോഴുമുണ്ടെന്നും, ഭാര്യമാരെ പൂട്ടുന്ന ചില ഭർത്താക്കന്മാരുടെ ന്യായം വിചിത്രമാണെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. നിങ്ങളുടെ സൗഹൃദങ്ങളും നിങ്ങളുടെ സന്തോഷങ്ങളും ഈ കുഞ്ഞു ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുക തന്നെ വേണമെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്‍റെ പൂര്‍ണരൂപം
ചിറകുകൾ നിങ്ങളുടേതാണ്. പറക്കാൻ ആരുടേയും അനുവാദം നിങ്ങൾക്ക് വേണ്ടെന്ന് ഓർക്കുക, ശ്രദ്ധിക്കുക.. സ്ത്രീധനപീഡനത്തിൽ ഇന്നും ഒരു പെൺകുട്ടി ആത്മഹത്യ ചെയ്ത വാർത്ത വന്നു. എന്തുകൊണ്ട് സഹിക്കാൻ സാധിക്കാത്ത വിവാഹത്തിൽ നിന്ന് ഇറങ്ങിപൊരുന്നില്ല എന്ന ചോദ്യമാണ് എല്ലായിടത്തും!! സ്ത്രീധനപീഡനത്തെക്കുറിച്ച് പലയാവർത്തി പറഞ്ഞു തളർന്നത് കൊണ്ട് തന്നെ മറ്റൊരു വിഷയമാണ് ഇന്ന് മനസിൽ വന്നത്...
വിവാഹത്തെ ബന്ധനമായി കാണുന്ന രീതി മാറാതെ സ്ത്രീയ്‌ക്കോ പുരുഷനോ വിവാഹത്തിൽ രക്ഷയില്ല... ഇത് പുരുഷനും സ്ത്രീയ്ക്കും വേണ്ടി എഴുതുന്നതാണ്!
വിവാഹശേഷം ഒരു കൂട്ട് എന്നതിൽ ഉപരി, നിയന്ത്രിക്കാൻ ഒരാൾ എന്ന് പങ്കാളിയെക്കുറിച്ച് ധരിച്ചു വയ്ക്കുന്ന നേരം മുതൽ പരാജയം തുടങ്ങുന്നു. കാര്യങ്ങൾ പരസ്പരം പറയുക, അറിയിക്കുക, ഉത്തരവാദിത്തങ്ങൾ പകുത്തെടുക്കുക എന്നത് വരെ ശരിയാണ്. എന്നാൽ അതിനപ്പുറം ഒരാൾ മറ്റേയാളുടെ അനുവാദത്തിന് കാത്തുനിൽക്കാൻ തുടങ്ങുന്നിടത്ത് പ്രശ്നങ്ങൾ തുടങ്ങുന്നു.
"ഞാൻ പൊയ്ക്കോട്ടേ" എന്ന് ചോദിക്കാതെ നിങ്ങളിൽ എത്ര പേർ കൂട്ടുകാർക്കൊപ്പം ഒരു ടൂർ പോകാറുണ്ട്? നിങ്ങളോട് നിങ്ങളുടെ പങ്കാളി ഇത് ചോദിക്കാറുണ്ടോ? പലപ്പോഴും അവർ പോകുന്നത് പോലും നമ്മൾ അറിയാറില്ല എന്നതാണ് സത്യം!!
"ഞാൻ പോവും, പക്ഷെ നീ പോയാൽ വീട്ടിലെ കാര്യങ്ങൾ എന്താകും!?? പെണ്ണുങ്ങൾ അങ്ങനെ ഇറങ്ങി നടക്കുന്നത് നന്നാവില്ല" ഭാര്യമാരെ പൂട്ടുന്ന ചില ഭർത്താക്കന്മാരുടെ പറച്ചിൽ ഇതാണ്!!
ഇനി ചിലർ ഉണ്ട്.. ഭർത്താക്കന്മാരെ പൂട്ടുന്ന ചില ഭാര്യമാർ!! "എനിക്ക് കൂട്ടുകാരില്ല, ഞാൻ എന്റെ വീടിന്റെ ഉള്ളിൽ ചുരുങ്ങുന്നവളാണ്..ഞാൻ നിങ്ങൾ എന്ന ലോകത്ത് മാത്രമാണ് ജീവിക്കുന്നത്... അതുകൊണ്ട് നിങ്ങൾക്കും സാമൂഹ്യബന്ധം വേണ്ട!!!"
ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും, അല്ലെങ്കിൽ സ്വന്തം വീട്ടുകാരുടെയും പെർമിഷൻ കിട്ടിയിട്ട് മാത്രം വീടിനു പുറത്തേക്കിറങ്ങുന്ന സ്ത്രീകൾ ഇപ്പോഴുമുണ്ട്. സ്വന്തം വീട്ടിൽ പോകാൻ/പുറത്ത് പോകാൻ കെട്യോന്റെ സമ്മതം ചോദിക്കുന്ന ഭാര്യമാർ ഇനിയും അന്യം നിന്നു പോയിട്ടില്ലെങ്കിൽ അവരോടാണ്...ജീവിതത്തിന്റെ പകുതി ഇതിനകം തീർന്നു കാണും...ബാക്കി പകുതിയെങ്കിലും "ചുമ്മാ" ജീവിക്കാതെ, 'ജീവിച്ചു' കാണിക്ക് പെണ്ണുങ്ങളെ.
വല്ലപ്പോഴും ഒന്ന് കൂട്ടുകാർക്കൊപ്പം പോയി, ഒരു ദിവസം അവർക്കൊപ്പം താമസിച്ചു, രണ്ടെണ്ണമടിച്ചു പാട്ടും പാടി കവലയിലിരുന്നാൽ പിന്നെ വീട്ടിലേക്ക് വരുമ്പോ ഒരു മാസത്തേക്ക് സ്വസ്ഥത തരാത്ത വിധം ടോർച്ചർ ചെയ്യുന്ന ഭാര്യമാരെ ഭയക്കുന്ന ഭർത്താക്കന്മാരോടാണ്. നിങ്ങളുടെ സൗഹൃദങ്ങളും നിങ്ങളുടെ സന്തോഷങ്ങളും ഈ കുഞ്ഞു ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുക തന്നെ വേണം.
"ഞാൻ ഇന്നയിടത്തു പോവുകയാണ്. തിരികെ ഇന്ന ദിവസം ഇന്ന സമയത്ത് വരും. മക്കളുടെ കാര്യങ്ങളും വീട്ടിലെ കാര്യങ്ങളും അത്രയും സമയം നിങ്ങൾ എല്ലാവരും ചേർന്ന് നോക്കണം അല്ലെങ്കിൽ കൊച്ചിന്റെ അപ്പൻ നോക്കും/അമ്മ നോക്കും!" ഇത് പറയാൻ നിങ്ങൾ ഭയക്കുന്ന ഓരോ നിമിഷവും നിങ്ങൾക്കായി പുതിയ ചങ്ങലകൾ രൂപപ്പെടുകയാണ്!!