കള്ളക്കേസില്‍ കുടുങ്ങി അഴിയെണ്ണിയവരുടെ പ്രതീക്ഷയാണ് ഷീല സണ്ണി എന്ന പേര്. ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ. സ്കൂട്ടറിലും ഹാന്‍ഡ് ബാഗിലും ലഹരി സ്റ്റാംപ് കണ്ടെത്തിയതിന് അറസ്റ്റ് ചെയ്യപ്പെട്ട സ്ത്രീ. സ്റ്റാംപില്‍ ലഹരിയില്ലെന്ന പരിശോധനഫലം കിട്ടും മുമ്പ് ജയിലില്‍ കിടന്നത് എഴുപത്തിരണ്ടു ദിവസം. ജയിലിനകത്ത് ഒരേയൊരു ദിവസം കിടക്കുന്നത് തന്നെ ഏറെ പ്രയാസം. പിന്നെ, 72 ദിവസത്തിന്‍റെ കാര്യം പറയേണ്ടതില്ലല്ലോ. അതും ചെയ്യാത്ത കുറ്റത്തിന്.
ഉദ്യോഗസ്ഥന്‍റെ തിടുക്കം
എക്സൈസ് ഉദ്യോഗസ്ഥന്‍റെ ഫോണിലേക്ക് വിളി വരുന്നു. ഷീല സണ്ണിയുടെ സ്കൂട്ടറിലും ഹാന്‍ഡ് ബാഗിലും ലഹരി സ്റ്റാംപുണ്ട്. കേട്ട ഉടനെ ഇറങ്ങിപ്പുറപ്പെട്ട എക്സൈസ് ഇന്‍സ്പെക്ടര്‍ മറ്റൊന്നും ചിന്തിച്ചില്ല. സ്കൂട്ടറും ബാഗും പരിശോധിച്ചു. ലഹരി സ്റ്റാംപ് കണ്ടെത്തി. കയ്യോടെ ഷീല സണ്ണിയെ അറസ്റ്റ് ചെയ്തു. ഇവര്‍ക്ക് ഇത് എവിടുന്ന് കിട്ടി. സ്ഥിരമായി ലഹരി സ്റ്റാംപ് വില്‍ക്കുന്ന ആളാണോ? അതോ ഉപയോഗിക്കുന്ന ആളാണോ? പ്രാഥമിക ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം തേടിയില്ല.
ലഹരി സ്റ്റാംപ് ഇതുവരെ നേരില്‍ കണ്ടില്ലാത്ത സ്ത്രീ. സംഭവിക്കുന്നത് എന്താണെന്ന് മനസിലായില്ല. തെറ്റൊന്നും ചെയ്തിട്ടില്ല. ഇതേക്കുറിച്ച് അറിയില്ല. ഇത്തരം വിശദീകരണങ്ങള്‍ക്കൊന്നും യാതൊരു പരിഗണനയും ഉദ്യോഗസ്ഥന്‍ കൊടുത്തില്ല. കാരണം, സ്ഥിരമായി കേസ് പിടിക്കുമ്പോള്‍ പ്രതികള്‍ പറയുന്ന പല്ലവിയെന്ന് ഊഹിച്ചു.
ചതിയുടെ കഥ
ഷീല സണ്ണിയുടെ മകന്‍ സംഗീത് വിവാഹം കഴിച്ചത് കാലടി സ്വദേശിനിയായ ലിജിയെ. സംഗീതിന് മൊബൈല്‍ ഷോപ്പ് തുടങ്ങാന്‍ സാമ്പത്തിക സഹായം ഭാര്യവീട്ടുകാര്‍ ചെയ്തിരുന്നു. ലിജിയുടെ സഹോദരി ലിവിയ ബംഗ്ലുരുവില്‍ ഹോട്ടല്‍ മാനേജ്മെന്‍റ് കോഴ്സിന് പഠിച്ചിരുന്നു. ചേച്ചിയുടെ വീട്ടില്‍ ഇടയ്ക്കിടെ ലിവിയയും വന്ന് താമസിക്കും. ചേച്ചിയുടെ അമ്മായിയമ്മ ഷീലയുമായി ലിവിയ നല്ല അടുപ്പമായിരുന്നു.
ഇതിനിടെ, ലിവിയ വീട്ടിലേയ്ക്കു ഫ്രിജും ഫര്‍ണീച്ചറുകളും വാങ്ങി. എല്ലാം വില കൂടിയവ. പഠിക്കാന്‍ പോയ കുട്ടിയ്ക്ക് എന്തിനാണ് ഇത്രയും കാശ്. ബംഗ്ലുരുവില്‍ എന്താണ് പണി? ഈ കമന്‍റ് ഷീല സണ്ണി മകനോട് പറഞ്ഞിരുന്നു. ഇത് മകന്‍റെ ഭാര്യ അറിഞ്ഞു. അങ്ങനെ, ചര്‍ച്ചയായി. ലിവിയ ഇതറിഞ്ഞതോടെ ഒന്നുറപ്പിച്ചു. ഷീല സണ്ണിയെ പാഠം പഠിപ്പിക്കണം. അതിനായി, മനസില്‍ തോന്നിയ ഐഡിയ ആണ് ലഹരി സ്റ്റാംപ് ഒളിപ്പിക്കലും പിടിപ്പിക്കലും.
ഒറിജിനലോ, ഡ്യൂപ്ലിക്കേറ്റോ
ആഫ്രിക്കക്കാരന്‍ നല്‍കിയത് ഒറിജിനല്‍ ലഹരി സ്റ്റാംപ് ആണെന്നാണ് പൊലീസിന്‍റേയും വിലയിരുത്തല്‍. ലിവിയയുടെ ആത്മസുഹൃത്ത് നാരാണദാസാണ് സ്റ്റാംപ് നല്‍കി ലിവിയയ്ക്കു കൈമാറിയത്. എക്സൈസിനെ അറിയിച്ചതും നാരായണദാസ്. ലഹരി സ്റ്റാംപ് കൃത്യമായി സീല്‍ ചെയ്ത് കയ്യോടെ പരിശോധനയ്ക്ക് അയയ്ക്കുന്നതില്‍ എക്സൈസിനു വീഴ്ച പറ്റി. സ്റ്റാംപിന്‍റെ ലഹരി പതിയെ പതിയെ പോയി. ഈ വീഴ്ചയാണ് യഥാര്‍ഥത്തില്‍ കള്ളക്കേസ് തെളിയാന്‍ കാരണം. ഒരുപക്ഷേ, പരിശോധന ഫലത്തില്‍ ലഹരി സ്റ്റാംപ് ആണെന്ന് തെളിഞ്ഞിരുന്നെങ്കില്‍ ഷീല സണ്ണിയുടെ നിരപരാധിത്വം ഒരിക്കലും പുറത്തുവരില്ല.
കേരള പൊലീസ് വന്നു, തെളിയിച്ചു
എക്സൈസ് ക്രൈംബ്രാഞ്ച് ആണ് ആദ്യം കേസന്വേഷിച്ചത്. എക്സൈസ് ഉദ്യോഗസ്ഥന്‍ റജിസ്റ്റര്‍ ചെയ്ത കള്ളക്കേസില്‍ എങ്ങനെ എക്സൈസ് അന്വേഷിച്ചാല്‍ സത്യം തെളിയും. അവസാനം, കോടതിയും സര്‍ക്കാരും കേസന്വേഷണം കേരള പൊലീസിനെ ഏല്‍പിച്ചു. ഒട്ടേറെ കുറ്റകൃത്യങ്ങള്‍ തെളിയിച്ച് മിന്നുംപ്രകടനം കാഴ്ചവച്ച ഡിവൈ.എസ്.പി. വി.കെ.രാജും കേസ് അന്വേഷിച്ചു. എക്സൈസ് ഉദ്യോഗസ്ഥന്‍റെ ഇന്‍ഫോര്‍മര്‍ ആര്?. ആദ്യത്തെ ചോദ്യത്തിനുള്ള ഉത്തരം നാരായണദാസ്. കേരള പൊലീസ് നാരായണദാസിനെ പിടിച്ചു. കോള്‍ വിവര പട്ടിക പരിശോധിച്ചപ്പോള്‍ ലിവിയയും നാരായണദാസും ആത്മബന്ധം പുലര്‍ത്തുന്നവരെന്ന് വ്യക്തം. ലിവിയയുടെ പകയാണ് ഷീലയെ കുടുക്കാന്‍ കാരണമെന്ന് പൊലീസ് ഉറപ്പിച്ചു.
അറസ്റ്റ് ചെയ്യാനിരിക്കെ, വിദേശത്തേയ്ക്കു മുങ്ങി. നാട്ടില്‍ വരാതെ ഇനി മരണം വരെ ദുബൈയില്‍തന്നെ തങ്ങാമെന്ന് ഉറപ്പിച്ച ലിവിയയെ കേരള പൊലീസ് പുകച്ചു പുറത്തു ചാടിച്ചു. പാസ്പോര്‍ട്ട് കണ്ടുകെട്ടാന്‍ പൊലീസ് നീക്കം തുടങ്ങി. പാസ്പോര്‍ട്ട് കണ്ടുക്കെട്ടിയാല്‍ പിന്നെ, ദുബൈയില്‍ നിന്ന് വിലങ്ങുമായി വിമാനത്തില്‍ വരേണ്ടി വരും. അഭിഭാഷകന്‍ നിജസ്ഥിതി ബോധ്യപ്പെടുത്തി. ലിവിയ മുംബൈ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങി. വിമാനത്താവള അധികൃതരുടെ കണ്ണുവെട്ടിച്ച് കടക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. രാജ്യത്തെ ഏത് എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയാലും ലിവിയയെ കുടുക്കാന്‍ പൊലീസ് ഒരുക്കിയ വലയാണ് ലുക്കൗട്ട് സര്‍ക്കുലര്‍.
അഴിയെണ്ണിച്ചത് 72 ദിവസം
ലോകകപ്പില്‍ മറഡോണ കൈ കൊണ്ട് ഗോളടിച്ചപ്പോള്‍ റഫറി കണ്ടില്ല. ലോകംമുഴുവന്‍ പറഞ്ഞിരുന്നു അത് ദൈവത്തിന്‍റെ കൈ ആണെന്ന്. അതുപ്പോലെ, ഷീല സണ്ണി കേസില്‍ നീതിയുടെ കൈ പ്രവര്‍ത്തിച്ചു. കേരള പൊലീസിന്‍റെ അന്വഷണത്തില്‍ നാരായണദാസും ലിവിയയും അഴിയെണ്ണി. ഷീല സണ്ണി ജയിലില്‍ കിടന്നത് 72 ദിവസം. നാരായണദാസ് ജയിലില്‍ 72 ദിവസം തികയ്ക്കുകയാണ് ജുലൈ ഒന്‍പതിന്. ജാമ്യം കിട്ടാന്‍ പഠിച്ച പണി പതിനെട്ടും നോക്കി നാരായണദാസ്. കീഴ്ക്കോടതിയും മേല്‍ക്കോടതിയും നല്‍കിയില്ല. അങ്ങനെ, ഷീല സണ്ണിയെ എഴുപത്തിരണ്ടു ദിവസം ജയിലില്‍ കിടിക്കാന്‍ വഴിയൊരുക്കിയ നാരായണദാസ് ജയിലില്‍ 72 ദിവസം കിടന്നു. ഇതാണ്, നീതിയുടെ തിളക്കം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിപ്പെടരുത്. നീതിയുടെ മുഖം സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ കേരള പൊലീസിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.