തകരാറിനെത്തുടര്‍ന്ന് മൂന്നാഴ്ചയിലേറെയായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ സാങ്കേതിക പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്. ബ്രിട്ടനില്‍ നിന്നുമെത്തിയ പതിനാലംഗ വിദഗ്ധ സംഘം തിരുവനന്തപുരത്തുണ്ട്. വിമാനത്തിന്റെ നിര്‍മാതാക്കളായ യുഎസിലെ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനിയില്‍ നിന്നുള്ളവരും ഇക്കൂട്ടത്തിലുണ്ട്.
ഇതിനിടെ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിടുന്നതിന്റെ വാടക സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നു. പ്രതിദിനം 10,000 മുതല്‍ 20,000 രൂപ വരെ വാടകയാകാമെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും യുദ്ധവിമാനത്തിന്റെ വലുപ്പം കണക്കിലെടുത്താണ് വാടക ഈടാക്കുന്നത്. വിമാനം ലാന്‍ഡ് ചെയ്യാന്‍ 1 മുതല്‍ 2 ലക്ഷം രൂപ വരെയാണ് വിമാനത്താവള നടത്തിപ്പുകാര്‍ക്കു നല്‍കേണ്ടത്. കഴിഞ്ഞ 24 ദിവസങ്ങളായി തിരുവനന്തപുരത്തുണ്ട് ബ്രിട്ടന്റെ ഏറ്റവും വലിയ യുദ്ധവിമാനം.
യുദ്ധവിമാനത്തിനു മാത്രമല്ല വിദഗ്ധസംഘമെത്തിയ എയര്‍ബസ് എ 400–എം അറ്റ്‌ലസ് വിമാനത്തിനും ലാന്‍ഡിങ് ചാര്‍ജ് നല്‍കേണ്ടി വരും. വിദഗ്ധസംഘമെത്തി പരിശോധന തുടരുകയാണെങ്കിലും ഹോഡ്രോളിക് സംവിധാനത്തിലെ തകരാര്‍ എപ്പോള്‍ പരിഹരിക്കാനാകുമെന്ന കാര്യത്തില്‍ യാതൊരു വ്യക്തതയും വന്നിട്ടില്ല. യുദ്ധവിമാനത്തിന്റെ തകരാർ പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ പൊളിച്ചുകൊണ്ട് പോകാനാണ് നീക്കം.
യുകെ വിദഗ്ധസംഘം എത്തുന്ന ദൃശ്യം
കഴിഞ്ഞ ജൂണ്‍ 14നായിരുന്നു ബ്രിട്ടന്റെ അഞ്ചാം തലമുറ വിമാനമായ എഫ്-35 യുദ്ധ വിമാനം ഇന്ധനം തീർന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കിയത്. വിമാനത്താവളത്തിന്റെ നാലാം നമ്പര്‍ ബേയില്‍ സിഐഎസ്എഫിന്റെ സുരക്ഷാ വലയത്തിലാണ് വിമാനം. അറബിക്കടലിലെ സൈനികാഭ്യാസത്തിനായായിരുന്നു എഫ്-35 വിമാനം തിരുവനന്തപുരത്ത് എത്തിയത്. വിദഗ്ധ പരിശോധനയില്‍ വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിലും സ്റ്റാര്‍ട്ടിംഗ് സംവിധാനത്തിലും തകരാര്‍ കണ്ടെത്തിയിരുന്നു.