''എന്നാണ് അച്ഛന്‍ തിരികെ വരിക. ആ ദിവസത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്....." ഒരു ഏഴാംക്ലാസുകാരി എഴുതിയ കത്തിലെ വരികളാണിത്. അപകടത്തില്‍ ജീവന്‍ പൊലിഞ്ഞ അച്ഛനാണ് 12 കാരി ഹൃദയംകൊണ്ട് കത്തെഴുതി ഏവരെയും കണ്ണീരണിയിച്ചത്. ബാലുശേരി പനങ്ങാട് നോര്‍ത്ത് എയുപി സ്കൂളിലെ വിദ്യാര്‍ഥിനി ശ്രീനന്ദയാണ് ഒരിക്കലും മടങ്ങിയ വരാത്ത അച്ഛനായി കത്തെഴുതിയത്.
സ്കൂളില്‍ വിദ്യാരംഗം നടത്തിയ കത്തെഴുത്ത് മത്സരത്തില്‍ പങ്കെടുത്ത ശ്രീനന്ദയ്ക്ക് ലഭിച്ച വിഷയം ഏറ്റവും പ്രീയപ്പെട്ടൊരാള്‍ക്ക് കത്ത് തയാറാക്കുക എന്നതാണ്. മറ്റൊന്നുമോര്‍ത്തില്ല ആ കുഞ്ഞുമനസ് തീരാനോവിന്‍റെ വേദനകള്‍ ചേര്‍ത്തുവച്ച് അച്ഛനെഴുതി, സ്വര്‍ഗത്തിലേയ്ക്ക് ഒരു കത്ത്.
''അവിടെ ഇപ്പോള്‍ അച്ഛന് കൂട്ടുകാര്‍ ഉണ്ടാകുമല്ലേ. പക്ഷേ ഇവിടെ ഞങ്ങള്‍ക്കാര്‍ക്കും സുഖമില്ല, അച്ഛന്‍ ഇല്ലാത്തതുകൊണ്ട്. എന്തായാലും അച്ഛന് സുഖമല്ലേ. അതുമതി എനിക്ക്. എപ്പോഴെങ്കിലും ഒരിക്കല്‍ ഞാന്‍ എന്‍റെ അച്ഛനെ കാണും. ഞാന്‍ നന്നായി പഠിക്കുന്നുണ്ട്. പിന്നെ അമ്മ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്'' കത്ത് ഇങ്ങനെ നീളുന്നു.
2024 ഏപ്രില്‍ പത്തിനാണ് ബൈക്കപകടത്തില്‍ ശ്രീനന്ദയുടെ അച്ഛന്‍ പനങ്ങാട് നോര്‍ത്ത് നെരവത്ത് മീത്തല്‍ ബൈജു മരിച്ചത്. അന്നവള്‍ ആറാം ക്ലാസില്‍. അച്ഛനെ നഷ്ടമായെന്ന യാഥാര്‍ഥ്യം ഇന്നും ആ കുഞ്ഞുമനസില്‍ വിങ്ങലായി അവശേഷിക്കുന്നു. അമ്മ ചെറിയ ജോലികള്‍ ചെയ്താണ് കുടുംബം നോക്കുന്നത്. ഓര്‍മകള്‍ക്ക് മരണമില്ലെന്നും പ്രീയപ്പെട്ടവരുടെ സ്നേഹം എപ്പോഴും നമ്മളോടൊപ്പം ഉണ്ടാകുമെന്നും വിദ്യാര്‍ഥിനിയുടെ കത്ത് ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ട് മന്ത്രി ശിവന്‍കുട്ടി കുറിച്ചു. കത്തിന് ഒന്നാം സമ്മാനവും ലഭിച്ചു.
അവള്‍ ഇനിയും അച്ഛനായി കത്തെഴും, വിശേഷങ്ങള്‍ പങ്കുവയ്ക്കും. അച്ഛന്‍ എവിടെയോ ഇരുന്ന് കത്തുകള്‍ വായിക്കുന്നുണ്ടെന്ന വിശ്വാസത്തില്‍. പ്രതീക്ഷയോടെ അവസാനിക്കുന്ന കത്തില്‍ അവള്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു. അച്ഛന് ഒരായിരം ഉമ്മ.... ബാക്കി വിശേഷം പിന്നെ എഴുതാം.....
എന്ന് അച്ഛന്‍റെ സ്വന്തം ശ്രീമോള്‍.